നിലവിലെ സാഹചര്യത്തിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഭൂരിപക്ഷം എംഎൽഎമാരുടെയും പിന്തുണ മുതിർന്ന നേതാവ് സിദ്ധരാമയ്യക്കാണെന്ന് സൂചന.
ബെംഗളുരു : ബിജെപിയെ അടിച്ചിട്ട് കോൺഗ്രസ് വൻ ഭൂരിപക്ഷത്തിന്റെ മിന്നും വിജയം നേടിയ കർണാടകയിൽ മുഖ്യമന്ത്രി പദത്തിനായി തിരക്കിട്ട രാഷ്ട്രീയ നീക്കങ്ങൾ. സിദ്ധരാമയ്യയും ഡികെ ശിവകുമാറും ഒരേ പോലെ ചരടുവലികൾ നടത്തുന്ന സാഹചര്യത്തിൽ എംഎൽഎമാരുടെ കൂടി അഭിപ്രായം ആരാഞ്ഞ ശേഷം മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം. നിലവിലെ സാഹചര്യത്തിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഭൂരിപക്ഷം എംഎൽഎമാരുടെയും പിന്തുണ മുതിർന്ന നേതാവ് സിദ്ധരാമയ്യക്കാണെന്ന് സൂചന. എന്നാൽ അപ്പോഴും ഒരു ഘട്ടത്തിൽ തകർന്നടിഞ്ഞ് പോയ കോൺഗ്രസ് എന്ന സംഘടനെ വീണ്ടെടുത്ത് തെരഞ്ഞെടുപ്പിൽ മുന്നിൽ നിന്ന് നയിച്ച ഡികെ ശിവകുമാർ എന്ന കരുത്തനായ നേതാവിന് അവഗണിക്കാൻ കോൺഗ്രസിന് കഴിയില്ല.
സിദ്ധരാമയ്യ മുഖ്യമന്ത്രിയായാൽ ഡികെ ശിവകുമാറിന് ഏത് സ്ഥാനം നൽകുമെന്നതിലാണ് ആകാംക്ഷ നിലനിൽക്കുന്നത്. നിലവിൽ സമവായമാകാത്ത സഹചര്യത്തിൽ ചർച്ചകൾക്കായി ഇരുവരും ഉച്ചയോടെ ദില്ലിക്ക് തിരിക്കും. ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുമായി ഇരുവരും കൂടിക്കാഴ്ച നടത്തും. ഇതിന് മുന്നോടിയായി കോൺഗ്രസ് നിയോഗിച്ച നിരീക്ഷകരുമായി ഒരുവട്ടം കൂടി കൂടിക്കാഴ്ച നടത്താൻ ഡി കെ ശിവകുമാർ നിരീക്ഷകർ താമസിക്കുന്ന ഹോട്ടലിലേക്ക് എത്തിയിട്ടുണ്ട്. സമവായമായാൽ നാളെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കും. സത്യപ്രതിജ്ഞ വ്യാഴാഴ്ച നടക്കും.
ഡികെയോ സിദ്ധയോ ? മൂന്നാം ദിനം മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമോ? തീരുമാനമാകാതെ കർണാടകം!
ഇന്നലെ ബംഗ്ലൂരുവിൽ ചേര്‍ന്ന എഎൽഎമാരുടെ നിയമസഭാ കക്ഷി യോഗത്തിൽ മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് തീരുമാനമെടുക്കാനാകാതിരുന്നതോടെ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ദേശീയ അധ്യക്ഷനോട് നിര്‍ദ്ദേശിച്ച് എംഎൽഎമാര്‍ പ്രമേയം പാസാക്കി. മുൻ മുഖ്യമന്ത്രി കൂടിയായ സിദ്ധരാമയ്യയാണ് നിയമസഭാ കക്ഷി യോഗത്തിൽ ഒറ്റവരി പ്രമേയം അവതരിപ്പിച്ചത്. ഡി കെ ശിവകുമാർ ഉൾപ്പെടെയുളളവർ പിന്തുണച്ചു. എഐസിസി നിരീക്ഷകർ എംഎൽഎമാരെ ഒറ്റയ്ക്കൊറ്റയ്ക്ക് കണ്ട് അവരുടെ അഭിപ്രായം ശേഖരിച്ചു. സംഘം ഇന്ന് ദില്ലിയിലെത്തി ഹൈക്കമാന്റിന് റിപ്പോർട്ട് നൽകും. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കളുമായി സംസാരിച്ച ശേഷമാകും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ മുഖ്യമന്ത്രിയാരാകാണമെന്നതിൽ തീരുമാനം പ്രഖ്യാപിക്കുക.
അതേ സമയം, കര്‍ണാടകയിൽ മുഖ്യമന്ത്രി ആരാകുമെന്നതിൽ തീരുമാനമായില്ലെങ്കിലും സത്യപ്രതിജ്ഞ സംബന്ധിച്ച് തീരുമാനമായെന്നാണ് സൂചന. കോൺഗ്രസ് സർക്കാർ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്നാണ് വിവരം. ബിജെപി വിട്ട് കോൺഗ്രസിലെത്തിയ ജഗദീഷ് ഷെട്ടറിനെ തോറ്റെങ്കിലും മന്ത്രിസഭയിൽ ഉൾപ്പെടുത്തിയേക്കും. എംഎൽസി ആയി നാമനിർദ്ദേശം ചെയ്ത് മന്ത്രിസഭയിലെത്തിക്കാനാണ് നീക്കം.
വീണ്ടും നാട്ടിലിറങ്ങി; അരിക്കൊമ്പൻ തമിഴ്നാട്ടിൽ റേഷൻകട ആക്രമിച്ചു
