എല്ലാ ബാങ്ക് ജീവനക്കാരും ഉപഭോക്താക്കളോട് മാന്യമായി പെരുമാറണമെന്നും പ്രാദേശിക ഭാഷയിൽ സംസാരിക്കണമെന്നും സിദ്ധരാമയ്യ. കർണാടകയിൽ പ്രവർത്തിക്കുന്ന ബാങ്കുകൾ കന്നഡയിൽ ഉപഭോക്താക്കളോട് ആശയവിനിമയം നടത്തണമെന്ന് തേജസ്വി സൂര്യ എംപി

ബെംഗളൂരു: ഇടപാടുകാർക്ക് അറിയുന്ന ഭാഷയിൽ ബാങ്ക് ജീവനക്കാർ സംസാരിക്കണമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ബിജെപി എംപി തേജസ്വി സൂര്യയും. ബാങ്കിലെത്തിയ യുവാവിനോട് കന്നഡയിൽ സംസാരിക്കാൻ തയ്യാറാകാതെ തട്ടിക്കയറിയ എസ്ബിഐ മാനേജരെ സ്ഥലം മാറ്റിയതിന് പിന്നാലെയാണ് ഇരുവരും ഒരേ അഭിപ്രായം പറഞ്ഞത്.

എല്ലാ ബാങ്ക് ജീവനക്കാരും ഉപഭോക്താക്കളോട് മാന്യമായി പെരുമാറണമെന്നും പ്രാദേശിക ഭാഷയിൽ സംസാരിക്കണമെന്നും സിദ്ധരാമയ്യ ആവശ്യപ്പെട്ടു- "ആനേക്കൽ താലൂക്കിലെ സൂര്യ നഗരയിലുള്ള എസ്‌ബി‌ഐ ബ്രാഞ്ച് മാനേജർ കന്നഡയിലും ഇംഗ്ലീഷിലും സംസാരിക്കാൻ വിസമ്മതിച്ചതും ജനങ്ങളോട് മോശമായി പെരുമാറിയതും അപലപനീയമാണ്. ഉദ്യോഗസ്ഥയെ സ്ഥലം മാറ്റി വേഗത്തിൽ നടപടിയെടുത്ത എസ്‌ബി‌ഐയെ അഭിനന്ദിക്കുന്നു. ഈ വിഷയം അവസാനിച്ചതായി കണക്കാക്കാം. ഇന്ത്യയിലുടനീളമുള്ള എല്ലാ ബാങ്ക് ജീവനക്കാർക്കും സാംസ്കാരിക, ഭാഷാ കാര്യങ്ങളിൽ പരിശീലനം നിർബന്ധമാക്കണമെന്ന് ധനകാര്യ മന്ത്രാലയത്തോടും ധനകാര്യ വകുപ്പിനോടും അഭ്യർത്ഥിക്കുന്നു. പ്രാദേശിക ഭാഷയെ ബഹുമാനിക്കുന്നത് ജനങ്ങളെ ബഹുമാനിക്കുന്നതിന് തുല്യമാണ്".

Scroll to load tweet…

ബെംഗളൂരു സൌത്ത് എംപി തേജസ്വി സൂര്യയും സമാന നിലപാട് പങ്കുവച്ചു. മാനേജർക്കെതിരെ നടപടിയെടുക്കാൻ താൻ ബന്ധപ്പെട്ട അധികാരികളുമായി സംസാരിച്ചെന്നും കർണാടകയിൽ പ്രവർത്തിക്കുന്ന ബാങ്കുകൾ കന്നഡയിൽ ഉപഭോക്താക്കളെ സേവിക്കണമെന്നും എംപി ആവശ്യപ്പെട്ടു-

"ബ്രാഞ്ച് മാനേജരുടെ ഈ പെരുമാറ്റം സ്വീകാര്യമല്ല. കർണാടകയിൽ പ്രത്യേകിച്ച് ബാങ്കിംഗ് പോലുള്ള മേഖലയിൽ, ഉപഭോക്താക്കൾക്ക് അറിയാവുന്ന ഭാഷയിൽ ആശയവിനിമയം നടത്തേണ്ടത് പ്രധാനമാണ്. ബാങ്കിംഗ് പ്രവർത്തനങ്ങളിൽ പ്രാദേശിക ജീവനക്കാരെയോ പ്രാദേശിക ഭാഷ അറിയുന്ന ജീവനക്കാരെയോ നിർബന്ധമായും നിയമിക്കുന്ന കാര്യം ഞാൻ പലതവണ ഉന്നയിച്ചിട്ടുണ്ട്. ഏതാനും ആഴ്ചകൾക്ക് മുമ്പ്, ഒരു പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി യോഗത്തിൽ, പ്രാദേശിക ഭാഷാ പരിജ്ഞാനം നിർബന്ധമാക്കുന്ന വിജ്ഞാപനം പാലിക്കാൻ നടപടിയെടുക്കുമെന്ന് ഡിഎഫ്എസ് സെക്രട്ടറി എനിക്ക് ഉറപ്പ് നൽകി. ഇത് ഇപ്പോഴും ശരിയായി നടപ്പിലാക്കുന്നില്ലെന്ന് തോന്നുന്നു. പ്രാദേശിക ഭാഷാ ആവശ്യകത നിർബന്ധമാക്കുന്ന ഡിഎഫ്എസ് നയം ഉടൻ നടപ്പിലാക്കാൻ എസ്ബിഐയോട് അഭ്യർത്ഥിക്കുന്നു".

ബെംഗളൂരുവിൽ എസ്ബിഐ ബ്രാഞ്ച് മാനേജരും ഇടപാടുകാരനും തമ്മിലുണ്ടായ ഹിന്ദി - കന്നട പോരിന് പിന്നാലെയാണ് ഇരുവരുടെയും പ്രതികരണം. എസ്ബിഐ മാനേജർ കന്നഡയിൽ സംസാരിക്കാൻ വിസമ്മതിച്ചതോടെ 'ഇത് കർണാടകയാണ്' എന്ന് യുവാവ് ഓർമിപ്പിച്ചപ്പോൾ 'ഇത് ഇന്ത്യയാണ്' എന്നായിരുന്നു വനിതാ മാനേജരുടെ മറുപടി. 'നിങ്ങളല്ല എനിക്ക് ജോലി തന്നത്' എന്നും മാനേജർ പറഞ്ഞു. 'ആദ്യം കന്നഡ മാഡം' എന്ന് യുവാവ് വീണ്ടും പറഞ്ഞപ്പോൾ 'ഞാൻ നിങ്ങൾക്കായി കന്നഡ സംസാരിക്കില്ല' എന്നായിരുന്നു മാനേജറുടെ മറുപടി. അപ്പോൾ 'നിങ്ങൾ ഒരിക്കലും കന്നഡയിൽ സംസാരിക്കില്ലേ?' എന്ന് കസ്റ്റമർ ആവർത്തിച്ചു ചോദിച്ചു. 'ഇല്ല ഞാൻ ഹിന്ദിയിൽ സംസാരിക്കും' എന്ന് മാനേജർ പറഞ്ഞു. ഓരോ സംസ്ഥാനത്തും അതത് ഭാഷ സംസാരിക്കണമെന്ന് ആർ‌ബി‌ഐ നിയമമുണ്ടെന്ന് ഉപഭോക്താവ് മാനേജരെ ഓർമിപ്പിച്ചു. എന്നിട്ടും "ഞാൻ ഒരിക്കലും കന്നഡ സംസാരിക്കില്ല" എന്ന് ബാങ്ക് മാനേജർ ആവർത്തിച്ചു. 

ഇരുവരുടെയും സംഭാഷണം സോഷ്യൽ മീഡിയയിൽ വൈറലായതോടെ മാനേജർക്കെതിരെ നടപടി ആവശ്യം ഉയർന്നു. പിന്നാലെ എസ്ബിഐ മാനേജരെ സ്ഥലം മാറ്റി. കടുത്ത വിമർശനം നേരിട്ടതോടെ ബാങ്ക് മാനേജർ വീഡിയോ സന്ദേശത്തിലൂടെ ക്ഷമാപണം നടത്തി.

Scroll to load tweet…