നേതൃമാറ്റ ചര്‍ച്ചകള്‍ തള്ളിയ മുഖ്യമന്ത്രി സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനത്തിന് ഒഴിവില്ലെന്ന് വ്യക്തമാക്കി

ബെംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിൽ മുഖ്യമന്ത്രി സ്ഥാനത്തിലടക്കം മാറ്റം വരുമെന്ന നേതൃമാറ്റ ചര്‍ച്ചകളിൽ മറുപടിയുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ. നേതൃമാറ്റ ചര്‍ച്ചകള്‍ തള്ളിയ മുഖ്യമന്ത്രി സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനത്തിന് ഒഴിവില്ലെന്ന് വ്യക്തമാക്കി.

മുഖ്യമന്ത്രി സ്ഥാനത്ത് അഞ്ചുവര്‍ഷവും താൻ തന്നെ തുടരുമെന്നും സിദ്ധരാമയ്യ മാധ്യമങ്ങളോട് വ്യക്തമാക്കി. ഈ വര്‍ഷം അവസാനം ഉപ മുഖ്യമന്ത്രിയായ ഡികെ ശിവകുമാര്‍ മുഖ്യമന്ത്രിയാകുമെന്ന അഭ്യൂഹങ്ങള്‍ തള്ളികൊണ്ടാണ് അഞ്ചുവര്‍ഷവും താൻ തന്നെ മുഖ്യമന്ത്രി കസേരയിൽ തുടരുമെന്ന് സിദ്ധരാമയ്യ വ്യക്തമാക്കിയത്.

കര്‍ണാടകയിൽ നേതൃമാറ്റുമുണ്ടാകുമോയെന്ന ചോദ്യത്തിന് മറുപടിയായാണ് സിദ്ധരാമയ്യയുടെ പ്രതികരണം.അതിന് മുഖ്യമന്ത്രി സ്ഥാനത്തിന് ഇവിടെ ഒഴിവുണ്ടോയെന്ന മറുചോദ്യം ചോദിച്ചുകൊണ്ടായിരുന്നു സിദ്ധരാമയ്യയുടെ പ്രതികരണം.

 "മുഖ്യമന്ത്രിയായ ഞാൻ ഇവിടെ നിങ്ങളുടെ മുന്നിൽ തന്നെയുണ്ട്. ഞാനാണ് കര്‍ണാടകയുടെ മുഖ്യമന്ത്രി. ഇത് തന്നെയാണ് ഡികെ ശിവകുമാറും പറഞ്ഞത്. ഞാനും അതു തന്നെയാണ് പറയുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് സീറ്റ് ഒഴിവില്ല" - സിദ്ധരാമയ്യ പറഞ്ഞു.

ശിവകുമാറിനെ പിന്തുണക്കുന്ന എംഎൽഎമാര്‍ മുഖ്യമന്ത്രി സ്ഥാനത്തിനായി സമ്മര്‍ദം ശക്തമാക്കുന്നതിനിടെ കര്‍ണാടകയിൽ നേതൃമാറ്റമുണ്ടാകുമെന്ന അഭ്യൂഹം സജീവമായിരുന്നു. അതേസമയം, കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖര്‍ഗെയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്താനായി സിദ്ധരാമയ്യ ദില്ലിയിലെത്തി. 

നേതൃമാറ്റ അഭ്യൂഹങ്ങള്‍ സിദ്ധരാമയ്യ തള്ളിയെങ്കിലും കോണ്‍ഗ്രസ് നേതൃത്വവുമായുള്ള ചര്‍ച്ച നിര്‍ണായകമാണ്. ഡികെ ശിവകുമാറുമായും കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ച നടത്തുന്നുണ്ട്. ഇരുവരെയും വെവെറെയാണ് നേതാക്കള്‍ കാണുന്നത്.

നേരത്തെയുണ്ടായിരുന്ന ധാരണപ്രകാരം ഡികെ ശിവകുമാറിനായി സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം ഒഴിയുമെന്നായിരുന്നു അഭ്യൂഹം.എന്നാൽ, നേരത്തെയും മുഖ്യമന്ത്രി മാറ്റം സംബന്ധിച്ച അഭ്യൂഹങ്ങള്‍ സിദ്ധരാമയ്യ നിഷേധിച്ചിരുന്നു. അഞ്ചുവര്‍ഷവും താൻ തന്നെ തുടരുമെന്ന് നേരത്തെയും സിദ്ധരാമയ്യ വ്യക്തമാക്കിയിരുന്നു. സിദ്ധരാമയ്യയെ പിന്തുണയ്ക്കുക അല്ലാതെ മറ്റു മാര്‍ഗങ്ങളില്ലെന്നും ഹൈക്കമാന്‍ഡ് നിര്‍ദേശം അനുസരിക്കുമെന്നുമായിരുന്നു ഡികെ ശിവകുമാറിന്‍റെ പ്രതികരണം.