ബിജെപി നേതാവായ ജഗജിത്ത് സിംഗ് ആണ് കോടതിയെ സമീപിച്ചത്. പഞ്ചാബ് പൊലീസ് അന്വേഷിച്ചാൽ നീതി കിട്ടില്ലെന്ന് പരാതിക്കാരൻ

ദില്ലി: പഞ്ചാബ് കോൺഗ്രസ് നേതാവും പോപ് ഗായകനുമായി സിദ്ദു മൂസൈവാലയുടെ കൊലപാതകത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. ബിജെപി നേതാവായ ജഗജിത്ത് സിംഗ് ആണ് കോടതിയെ സമീപിച്ചത്. പഞ്ചാബിൽ സർക്കാർ സംവിധാനം തകർന്നെന്നും പഞ്ചാബ് പൊലീസ് അന്വേഷിച്ചാൽ നീതി കിട്ടില്ലെന്നും ആരോപിച്ചാണ് ഹർജി. മൂസൈവാലയുടെ കൊലപാതകത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ജുഡീഷ്യൽ അന്വേഷണം പുരോഗമിക്കുകയാണ്. 

മൂസൈവാലയുടെ കൊലപാതകത്തിൽ ഒരാളുടെ അറസ്റ്റ് പഞ്ചാബ് പൊലീസ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. ഉത്തരാഖണ്ഡ് സ്വദേശി മൻപ്രീത് സിംഗിന്റെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇയാളിപ്പോൾ പൊലീസ് കസ്റ്റഡിയിൽ റിമാൻഡിലാണ്. മയക്കുമരുന്ന് കച്ചവടക്കാരനായ മൻപ്രീത് സിംഗ് നേരത്തെ കൊലപാതക ശ്രമം ഉൾപ്പെടെയുള്ള കേസുകളിൽ പിടിയിലായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞിരുന്നു. ഉത്തരാഖണ്ഡ് പൊലീസിന്റെയും പ്രത്യേക അന്വേഷണ സംഘത്തിന്റെയും സഹായത്തോടെയ ഡെറാഡൂണിൽ നിന്നാണ് പ‌ഞ്ചാബ് പൊലീസ് മൻപ്രീത് സിംഗിനെ കസ്റ്റഡിയിലെടുത്തത്.