ദില്ലി: അഫ്ഗാനിസ്ഥാനിലെ സിഖ് ഗുരുദ്വാരയില്‍ കഴിഞ്ഞ ദിവസം നടന്ന 27 പേര്‍ കൊല്ലപ്പെട്ട ഐഎസ് ഭീകരാക്രമണത്തില്‍ മലയാളിയും ഉള്‍പ്പെട്ടുവെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കാസര്‍കോട് സ്വദേശി അബുഖാലിദ്  എന്ന മുഹമ്മദ് സാജിദ് ആണ് ഭീകരാക്രമണത്തില്‍ പങ്കെടുത്തത്. ആക്രമണത്തെ തുടര്‍ന്ന് സുരക്ഷാ സേന നടത്തിയ പ്രത്യാക്രമണത്തില്‍ അബുഖാലിദ് അടക്കം നാല് ഭീകരരും കൊല്ലപ്പെട്ടിരുന്നു.

ഗുരുദ്വാര ഭീകരാക്രമണത്തില്‍ പങ്കെടുത്ത അബു ഖാലിദിന്റെ ഫോട്ടോ കഴിഞ്ഞ ദിവസം ഐഎസ് പുറത്തുവിട്ടു. കാസര്‍കോട് നിന്ന് ഐഎസില്‍ ചേര്‍ന്ന് 14 പേരില്‍ ഒരാളാണ് അബുഖാലിദ്. പഡ്‌നെയില്‍ ഒരു ഷോപ്പ് നടത്തുകയായിരുന്നു ഇയാള്‍. 2016ല്‍ എന്‍ഐഎ ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. തുടര്‍ന്ന് ഇന്റര്‍പോള്‍ റെഡ് നോട്ടീസ് പുറപ്പെടുവിച്ചു.  കാബൂളിലെ ഷോര്‍ബസാറിലുള്ള ഗുരുദ്വാരയാണ് ആക്രമിക്കപ്പെട്ടത്. ചാവേറുകളും തോക്കേന്തിയ അക്രമികളും ചേര്‍ന്നാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. ആക്രമണം നടക്കുമ്പോള്‍ 150ലേറെ ആളുകള്‍ ഗുരുദ്വാരയ്ക്കകത്ത് ഉണ്ടായിരുന്നു.

താലിബാന്‍ നേരത്തെ തന്നെ ആക്രമണത്തിന് പിന്നില്‍ തങ്ങളല്ലെന്ന് വ്യക്തമാക്കിയിരുന്നു. രണ്ടു വര്‍ഷം മുമ്പ് അഫ്ഗാനിസ്ഥാനില്‍ സിഖുക്കാര്‍ക്കു നേരെയുണ്ടായ ഐഎസ് ആക്രമണത്തില്‍ 19 പേര്‍ കൊല്ലപ്പെട്ടിരുന്നു.