സിഖ് കലാപകേസ്; മുൻ കോൺഗ്രസ് എംപി സജ്ജൻ കുമാർ കുറ്റക്കാരനെന്ന് കോടതി
1984 നവംബറിൽ ദില്ലി സരസ്വതി വിഹാറിൽ കുടുംബത്തിലെ അച്ഛനും മകനും കൊല്ലപ്പെട്ട കേസിലാണ് നടപടി. 18 ന് കേസിൽ കോടതി വിധി പറയും. നിലവിൽ സിഖ് കലാപകേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലാണ് സജ്ജൻ കുമാർ.

ദില്ലി: സിഖ് കലാപവുമായി ബന്ധപ്പെട്ട ഒരു കേസിൽകൂടി മുൻ കോൺഗ്രസ് എംപി സജ്ജൻ കുമാർ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. 1984 നവംബറിൽ ദില്ലി സരസ്വതി വിഹാർ മേഖലയിൽ കുടുംബത്തിലെ അച്ഛനെയും മകനെയും കൊലപ്പെടുത്തിയ കേസിലാണ് സജ്ജൻ കുമാർ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. ദില്ലി റോസ് അവന്യൂ കോടതി ജഡ്ജി കാവേരി ബവേജയുടെയാണ് നടപടി. കേസിൽ പതിനെട്ടിന് കോടതി വിധിപറയും. 2021 ലാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. നിലവിൽ തിഹാർ ജെയിലിൽ സിഖ് കലാപവുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയാണ് സജ്ജൻ കുമാർ. കോടതി വിധിയെ ആംആദ്മി പാർട്ടിയും ദില്ലി സിഖ് ഗുരുദ്വാര മാനേജ്മെന്റ് കമ്മറ്റിയും സ്വാഗതം ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
