ഭരണകക്ഷിയായ സിക്കിം ക്രാന്തികാരി മോർച്ചയുമായുള്ള ബന്ധം വിച്ഛേജിച്ചാണ് ബിജെപി സിക്കിമില്‍ ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടുന്നത്

ഗാങ്‍ടോക്ക്: സിക്കിം നിയമസഭ തെരഞ്ഞെടുപ്പിനുള്ള 9 സ്ഥാനാർഥികളുടെ രണ്ടാംഘട്ട പട്ടിക പ്രഖ്യാപിച്ച് ബിജെപി. ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട പോളിംഗ് നടക്കുന്ന ഏപ്രില്‍ 19നാണ് സിക്കിമില്‍ നിയമസഭ ഇലക്ഷനും നടക്കുക. ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, പശ്ചിമ ബംഗാള്‍, കർണാടക എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളിലേക്കുള്ള സ്ഥാനാർഥികളെയും ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട്. സിക്കിമിലെ 32 അംഗ നിയമസഭയിലേക്കുള്ള 14 സ്ഥാനാർഥികളെ ബിജെപി നേരത്തെ പ്രഖ്യാപിച്ചിരുന്നു. 

ഭരണകക്ഷിയായ സിക്കിം ക്രാന്തികാരി മോർച്ചയുമായുള്ള ബന്ധം വിച്ഛേജിച്ചാണ് ബിജെപി സിക്കിമില്‍ ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ബിജെപി സിക്കിം സംസ്ഥാന പ്രസിഡന്‍റ് ഡി ആർ ഥാപ്പ, മുതിർന്ന നേതാവ് എന്‍ കെ സുബ്ബ എന്നിവർ ആദ്യഘട്ട പട്ടികയില്‍ ഇടംപിടിച്ചിരുന്നു. ഭീം കുമാർ ശർമ്മ(Gyalshing-Barnyak), അരുണ്‍ മാനേജർ ( Namchi-Singhithang) എന്നിവരാണ് രണ്ടാംഘട്ട സ്ഥാനാർഥി പട്ടികയിലുള്ള പ്രമുഖർ. ജൂണ്‍ രണ്ടിനാണ് സിക്കിം നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരിക. ഇവിടെ നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനൊപ്പം ജൂൺ നാലിന് നടത്തുമെന്നായിരുന്നു നേരത്തെ കമ്മീഷൻ അറിയിച്ചിരുന്നത്. എന്നാല്‍ നിയമസഭകളുടെ കാലാവധി ജൂൺ രണ്ടിന് അവസാനിക്കുന്നതിനാല്‍ തിയതി മാറ്റുകയായിരുന്നു. 

ലോക്സഭ തെരഞ്ഞെടുപ്പിനൊപ്പം നാല് സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കും തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. സിക്കിമിന് പുറമെ ആന്ധ്ര പ്രദേശ്, ഒഡിഷ, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളിലാണ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക. 

Read more: ചൂടേറുന്നു, തെരഞ്ഞെടുപ്പിനിടെ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ മറക്കണ്ടാ; ജാഗ്രതാ നിർദേശവുമായി ഇലക്ഷന്‍ കമ്മീഷന്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം