ദില്ലി: സിഎഎ വിരുദ്ധ പോരാട്ടം നടക്കുന്ന ഷഹീന്‍ ബാഗില്‍ ഇന്ന് നിശബ്ദ പ്രതിഷേധം. നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കവേയാണ് ദില്ലിയിലെ സിഎഎ വിരുദ്ധ പ്രതിഷേധങ്ങളുടെ കേന്ദ്രമായി മാറിയ ഷഹീന്‍ ബാഗില്‍ നിശബ്ദ പ്രതിഷേധം നടക്കുന്നത്.  തങ്ങള്‍ ഒരു പാര്‍ട്ടിയെയും പിന്തുണയ്ക്കുന്നില്ലെന്ന് പ്രതിഷേധം നടത്തുന്നവരില്‍ ഒരാള്‍ പറഞ്ഞു. ജാമിയയിൽ തുടരുന്ന പൊലീസ് അതിക്രമത്തിന് എതിരാണ് തങ്ങള്‍ എന്ന പ്ലക്കാർഡ് സമര പന്തലിലെ സ്ത്രീകള്‍ കൈയ്യിൽ പിടിച്ചിട്ടുണ്ട്. രാവിലെ മുതല്‍ രാത്രിവരെയായിരിക്കും പ്രതിഷേധമെന്നാണ് സൂചന. 

അതേസമയം പൗരത്വ നിയമഭേദഗതിയുടെ മുഖമായ ഷഹീൻ ബാഗ് സമരവേദിയടക്കമുള്ള ഓഖ്‍ല നിയമസഭാ മണ്ഡലത്തിൽ ആം ആദ്മി പാ‍ർട്ടിയുടെ അമാനത്തുള്ള ഖാൻ ബഹുദൂരം മുന്നിലാണ്. ജാമിയ മിലിയ സർവകലാശാല നിലകൊള്ളുന്ന ജാമിയ നഗറും ഓഖ്‍ല നിയമസഭാ മണ്ഡലത്തിലാണ്. പൗരത്വ നിയമഭേദഗതിക്ക് എതിരായ സമരങ്ങളിൽ ചിലത് അക്രമാസക്തമായ സീലംപൂർ മണ്ഡലത്തിലും ആം ആദ്മി പാർട്ടി ബഹുദൂരം മുന്നിലാണ്. ഇവിടെ ആം ആദ്മി പാർട്ടിയുടെ അബ്ദുൾ റഹ്മാൻ മുന്നിലാണ്. 

Read More:ഷഹീൻ ബാഗ് ഉൾപ്പെട്ട ഓഖ്‍ല അടക്കം ന്യൂനപക്ഷ മേഖലകളിൽ ആം ആദ്മി പാർട്ടി തേരോട്ടം...