ബീജിങ്: വിമാനയാത്രക്കിടെ സഹയാത്രികനായി ആമിർ ഖാനെ കണ്ട് അമ്പരന്ന് സിങ്കപ്പൂർ പ്രസിഡന്റ് ഹലിമാഹ് യാക്കൂബ്. ചൈനയിൽ ആമിർ ഖാൻ ഇത്ര പ്രശസ്തനാണെന്ന് അറിഞ്ഞില്ലെന്നായിരുന്നു അവരുടെ പിന്നീടുള്ള കമന്റ്. ഏതായാലും വിമാനത്തിൽ വച്ച് തന്നെ താരത്തിനെ ഒപ്പം നിർത്തി ഫോട്ടോയെടുത്ത അവർ, ഇത് തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിൽ പങ്കുവയ്ക്കുകയും ചെയ്തു.

"ബീജിങിൽ നടക്കുന്ന ഏഷ്യൻ സിവിലൈസേഷൻ ഡയലോഗ് കോൺഫറൻസിൽ പങ്കെടുക്കാനുള്ള യാത്രക്കിടെ വിമാനത്തിൽ വച്ച് ഞാൻ ആരെയാണ് കണ്ടതെന്ന് ഊഹിക്കാമോ? പ്രശസ്ത ഹിന്ദി നടൻ, ആമിർ ഖാൻ, ഇതേ പരിപാടിയിൽ സിനിമകൾ സംസ്കാരത്തിൽ ചെലുത്തുന്ന സ്വാധീനമെന്ന വിഷയത്തിലുള്ള ശിൽപ്പശാലയിൽ പങ്കെടുക്കാൻ വന്നതാണ്. ഹിന്ദി സിനിമയ്ക്ക് ഇത്രയേറെ ആരാധകർ ചൈനയിലുണ്ടെന്ന് എനിക്കറിയില്ലായിരുന്നു," അവർ കുറിച്ചു.

വിമാന കമ്പനി ജീവനക്കാർക്കും സിങ്കപ്പൂർ സർക്കാർ പ്രതിനിധികൾക്കും ഒപ്പമാണ് ഹലിമാഹ് യാക്കൂബ് ഫോട്ടോയ്ക്ക് പോസ് ചെയ്തത്. 

സെമിനാറിൽ ഇന്ത്യയിൽ നിന്ന് പങ്കെടുത്ത വിശിഷ്ടാതിഥികളിൽ ഒരാളായിരുന്നു ആമിർ ഖാൻ. ഇദ്ദേഹത്തിന്റെ സിനിമകൾ ചൈനയിൽ കോടിക്കണക്കിന് വരുമാനമാണ് കഴിഞ്ഞ കാലങ്ങളിൽ നേടിയത്. ആമിർ ഖാനെ ഏറ്റവും വിശ്വസിക്കാവുന്ന താരമായാണ് ചൈനയിലെ സിനിമാ വിതരണക്കാർ പോലും കാണുന്നത്. ഇദ്ദേഹത്തിന്റെ സിനിമകൾക്ക് കാഴ്ചക്കാരെത്തുമെന്നത് ഉറപ്പാണെന്നാണ് ഇവരുടെ വാദം. ദംഗൽ, സീക്രട്ട് സൂപ്പർ സ്റ്റാർ തുടങ്ങിയ സിനിമകളെല്ലാം ചൈനയിൽ വലിയ ലാഭം കൊയ്തിരുന്നു.