ലഖ്‌നൗ: ബോളിവുഡ് പിന്നണി ഗായികയും 'ബേബി' ഡോൾ ഫെയിമുമായ കനിക കപൂറിന് കൊവിഡ് 19 സ്ഥിരീകരിച്ചു. ഈ മാസം 15നാണ് കനിക ലണ്ടനിൽ നിന്ന് മടങ്ങിയെത്തിയത്. കനികയുടെ കുടുംബാംഗങ്ങളെല്ലാം നിരീക്ഷണത്തിലാണ്. കനിക ലഖ്‌നൗവിലെ കിങ്ങ് ജോർജ്‌സ് മെഡിക്കൽ യൂണിവേഴ്‌സിറ്റി ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ ചികിത്സയിലാണ്.

ലണ്ടനിൽ പോയ വിവരം കനിക മറച്ചുവെച്ചെന്നാണ് വ്യക്തമാകുന്നത്. മാത്രമല്ല തിരികെയെത്തിയ ശേഷം ഇവര്‍ ഒരു സെലിബ്രിറ്റി പാർട്ടി സംഘടിപ്പിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്. രാഷ്ട്രീയ-സിനിമ-നയതന്ത്ര രംഗത്തുനിന്നുള്ള നിരവധി ആളുകൾ ഈ പാർട്ടിയിൽ പങ്കെടുത്തതായാണ് വിവരം. ഇവർ താമസിച്ചിരുന്ന ആഡംബര ഫ്ലാറ്റ് ക്വാറന്റൈൻ ചെയ്യുക എന്നതും പാർട്ടിയിൽ പങ്കെടുത്തവരെ കണ്ടെത്തി നിരീക്ഷണത്തിന് വിധേയരാക്കുക എന്നതും ശ്രമകരമായ ജോലിയാണെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം.

ബോളിവുഡ് സെലിബ്രിറ്റികളിൽ ഒരാൾക്ക് ഇതാദ്യമായാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്. ഇന്ന് നാല് പേർക്കാണ് ഉത്തർപ്രദേശിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരിൽ ഒരാൾ ബോളിവുഡ് ഗായികയാണെന്ന വിവരം വാർത്താ ഏജൻസിയായ എഎൻഐ ആണ് പുറത്തുവിട്ടത്. പിന്നാലെയാണ് ആ ഗായിക കനിക കപൂറാണെന്ന് സ്ഥിരീകരണം വന്നത്. രാജ്യത്ത് ഇതുവരെ 195 കൊവിഡ് 19 കേസുകളാണ് സ്ഥിരീകരിച്ചത്. 

Read Also: 'എന്റെ സര്‍ക്കാരില്‍ അഭിമാനമുണ്ട്'; സമയോചിത ഇടപെടലിനെ പ്രശംസിച്ച് നിവിന്‍ പോളി