നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹി ജന്ദർ മന്തറിൽ സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് നാഗാലാൻഡ് സ്വദേശിയായ ഡീലി ഡീനു 150 പിസ്സകൾ ഓർഡർ ചെയ്തു നൽകി. നേരിട്ട് സമരത്തിൽ പങ്കെടുക്കാൻ കഴിയാത്തതിനാലാണ് 67000-ത്തിലധികം രൂപ മുടക്കി അദ്ദേഹം ഈ സഹായം ചെയ്തത്.
കോഹിമ: ഡൽഹയിലെ സമരത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് നാഗാലാൻഡിൽ നിന്ന് കരുതൽ. നേരിട്ട് സമരത്തിൽ പങ്കാളിയാകാൻ സാധിക്കാത്ത വിഷമത്തിൽ ഡൽഹി ജന്ദർ മന്തറിലെ സമരക്കാർക്കായി 67000 രൂപയിലേറെ മൂല്യമുള്ള 150 ചീസ് ബർസ്റ്റ് പിസ്സകൾ ഓർഡർ ചെയ്ത് നൽകിയിരിക്കുകയാണ് നാഗാലാൻഡ് സ്വദേശിയായ ഡീലി ഡീനു. നീറ്റ് പരീക്ഷ ചോർച്ചയ്‌ക്കെതിരെയും വിദ്യാഭ്യാസ സമ്പ്രദായത്തിലെ പരിഷ്കരണങ്ങൾ ആവശ്യപ്പെട്ടും ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് ഡൽഹി ജന്ദർ മന്തറിൽ പ്രക്ഷോഭം നടത്തുന്നത്. സമരം ചെയ്യുന്ന സഹോദരീ സഹോദരന്മാർ അവിടെ പട്ടിണി കിടക്കുമ്പോൾ നാഗാലാൻഡിലിരുന്ന് അത്താഴം കഴിക്കാൻ എനിക്ക് സാധിച്ചില്ലെന്ന് ഡീലി ഡീനു ഇൻസ്റ്റഗ്രാമിൽ കുറിച്ചു. സമരത്തിൽ നേരിട്ട് പങ്കെടുക്കാൻ കഴിയാത്തതിനാൽ തനിക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും ചെറിയ കാര്യമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
ജൂലൈ 22ന് വൈകുന്നേരം 4.30 ഓടെ ഡോമിനോസിൽ നിന്ന് 150 ഫാംഹൗസ് ചീസ് ബർസ്റ്റ് പിസ്സകളാണ് ഡീനു ഓർഡർ ചെയ്തത്. പിസ്സകളുടെ തുകയായ 64,650 രൂപയും നികുതിയും മറ്റ് ചാർജുകളും ഉൾപ്പെടെ ആകെ 67,734 രൂപ ചെലവഴിച്ചതിന്റെ ഓർഡർ സ്ക്രീൻഷോട്ടുകളും അദ്ദേഹം പങ്കുവെച്ചു. സമര സ്ഥലത്തെത്തുന്ന ഡെലിവറി എക്സിക്യൂട്ടീവിനോട്, വിശന്നിരിക്കുന്ന ആർക്ക് വേണമെങ്കിലും ഇത് നൽകാൻ ആവശ്യപ്പെടുകയായിരുന്നു. ഡെലിവറി എക്സിക്യൂട്ടീവ് താങ്കൾ അവർക്ക് ദൈവത്തെപ്പോലെയാണ് എന്ന് വൈകാരികമായി പ്രതികരിച്ച സംഭവവും അദ്ദേഹം ഓർത്തെടുത്തു. പോസ്റ്റ് വൈറലായതോടെ ആയിരക്കണക്കിന് ആളുകളാണ് ഡീലി ഡീനുവിന്റെ സഹജീവി സ്നേഹത്തെയും കരുതലിനെയും പ്രശംസിച്ച് രംഗത്തെത്തിയത്. ഡൽഹിയിൽ നേരിട്ട് എത്തിയില്ലെങ്കിലും സമരത്തെ പിന്തുണയ്ക്കാൻ സാധിക്കുമെന്ന സന്ദേശമാണ് ഈ യുവാവ് നൽകിയത്.


