ബിഹാർ തെരഞ്ഞെടുപ്പിലെ മഹാസഖ്യത്തിന്റെ തിരിച്ചടിക്ക് കാരണം തെരഞ്ഞെടുപ്പ് കമ്മീഷനും വോട്ടർ പട്ടിക പരിഷ്കരണവുമാണെന്ന് കോൺഗ്രസ് നേതാവ് ഉദിത് രാജ് ആരോപിച്ചു.

പറ്റ്ന: ബിഹാർ തെരഞ്ഞെടുപ്പിൽ മഹാസഖ്യം വലിയ തിരിച്ചടി നേരിടുന്നതിനിടെ തെരഞ്ഞെടുപ്പ് കമ്മീഷനെയും വോട്ടർ പട്ടിക പരിഷ്കരണത്തെയും (എസ്.ഐ.ആർ) കുറ്റപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് ഉദിത് രാജ്. വോട്ടർ പട്ടികകളിലെ പൊരുത്തക്കേടുകളെ കുറിച്ച് ഉന്നയിച്ച നിരവധി ആക്ഷേപങ്ങൾ അവഗണിക്കപ്പെട്ടു എന്നും ഇത് ജനാധിപത്യത്തിന്‍റെ കൊലപാതകമാണെന്നും അദ്ദേഹം ആരോപിച്ചു. ബിജെപി-ജെഡി(യു) അല്ല എസ്ഐആർ ആണ് വിജയിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

"എസ്.ഐ.ആർ. ആണ് ലീഡ് ചെയ്യുന്നത്. ഈ വിജയം ബിജെപി-ജെഡി(യു)വിന്‍റേതാണെന്ന് ഞാൻ പറയില്ല. ഇത് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ, എസ്.ഐ.ആറിൻ്റെ വിജയമാണ്. പുതിയ വോട്ടർ പട്ടിക പുറത്തുവന്ന ശേഷം, ലക്ഷക്കണക്കിന് പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഒരെണ്ണത്തിന് പോലും തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി നൽകിയില്ല. 89 ലക്ഷം പരാതികളാണ് ഉന്നയിക്കപ്പെട്ടത്. എന്നിട്ടും ആരും പരാതി നൽകുന്നില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞത്. അവർ ഇത്രയും വലിയ ചതിയുടെ തലത്തിലേക്ക് താഴുമ്പോൾ നമുക്ക് എന്ത് പറയാൻ കഴിയും? ഇത് ജനാധിപത്യത്തിന്റെ കൊലപാതകമാണ്"- ഉദിത് രാജ് പറഞ്ഞു.

പ്രതിപക്ഷ വോട്ടർമാരുടെ പേരുകൾ നീക്കം ചെയ്തെന്ന് ഉദിത് രാജ് ആരോപിച്ചു. ആയിരക്കണക്കിന് വോട്ടർമാർക്ക് ഡിജിറ്റൽ സ്ലിപ്പുകൾ ഉണ്ടായിരുന്നിട്ടും അവരെ തിരിച്ചയച്ചു.. ബിഹാറിൽ മാറ്റത്തിൻ്റെ തരംഗം ഉണ്ടായിരുന്നു. പല സ്ഥലങ്ങളിലും ബിജെപി നേതാക്കളെ ജനങ്ങൾ ഓടിച്ചു വിട്ടിരുന്നു. എന്നിട്ടും അവർ എങ്ങനെയാണ് വിജയിക്കുന്നത്? ഇത് എസ്.ഐ.ആറിൻ്റെ വിജയമാണെന്ന് തോന്നുന്നുവെന്നും ഉദിത് രാജ് ആരോപിച്ചു.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിൽ രാജ്യത്ത് തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിലൂടെ നടത്തിയ ആദ്യത്തെ നിയമസഭാ തെരഞ്ഞെടുപ്പാണിത്. ഉച്ചയ്ക്ക് 12 ണി വരെയുള്ള കണക്ക് പ്രകാരം 191 സീറ്റിൽ എൻഡിഎയാണ് ലീഡ് ചെയ്യുന്നത്. മഹാസഖ്യം 48 സീറ്റിലേക്ക് ചുരുങ്ങി.