ബേലഗട്ടയിലെ സ്കൂൾ ടീച്ചർ അനിമേഷ് നന്ദിയാണ് ഞായറാഴ്ച തളർന്നു വീണത്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിൽ ചികിത്സയിലുള്ള നന്ദിയുടെ നില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. അതേസമയം, സംഭവത്തിൽ വിമർശനവുമായി ബിഎൽഒ യൂണിറ്റി മഞ്ച് രംഗത്തെത്തി.
കൊൽക്കത്ത: കൊൽക്കത്തയിൽ ജോലി സമ്മർദം താങ്ങാനാവാതെ ബിഎൽഒ തളർന്നു വീണു. ബേലഗട്ടയിലെ സ്കൂൾ ടീച്ചർ അനിമേഷ് നന്ദിയാണ് ഞായറാഴ്ച തളർന്നു വീണത്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിൽ ചികിത്സയിലുള്ള നന്ദിയുടെ നില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. അതേസമയം, സംഭവത്തിൽ വിമർശനവുമായി ബിഎൽഒ യൂണിറ്റി മഞ്ച് രംഗത്തെത്തി. കൂടുതൽ ആളുകളെ അടിയന്തരമായി ജോലിക്ക് ഏർപ്പാടാക്കണമെന്ന് ബിഎൽഒ യൂണിറ്റി മഞ്ച് ആവശ്യപ്പെട്ടു. ബിഎൽഒമാരെ എസ്ഐആറിന് വേണ്ടി ബലിയാടാക്കുന്നുവെന്ന് രൂക്ഷ വിമർശനവുമായി തൃണമൂൽ കോൺഗ്രസ് എംപി സൗഗത റോയ് വിമർശിച്ചു. സമ്മർദം താങ്ങാനാവാതെ രണ്ടു ബിഎൽഒമാർ ആത്മഹത്യ ചെയ്തിരുന്നു.
ബിഎൽഒ ആയി ജോലി ചെയ്യുന്ന അധ്യാപകൻ ആത്മഹത്യ ചെയ്തു
രാജസ്ഥാനിൽ ബിഎൽഒ ആയി ജോലി ചെയ്യുന്ന അധ്യാപകൻ ആത്മഹത്യ ചെയ്തു. എസ്‌ഐആറുമായി ബന്ധപ്പെട്ട ജോലി സമ്മർദ്ദം കാരണമാണ് മരണമെന്ന് കുടുംബം പരാതിപ്പെട്ടു. ജയ്‌പൂരിലെ ഗവൺമെന്റ് പ്രൈമറി സ്കൂളിൽ അധ്യാപകനായ മുകേഷ് ജംഗിദ് ആണ് ട്രെയിനിന് മുന്നിൽ ചാടി മരിച്ചത്. എസ്‌ഐആർ ജോലികൾ കാരണം താൻ സമ്മർദ്ദത്തിലാണെന്നും സൂപ്പർവൈസർ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നും സസ്‌പെൻഷൻ ഭീഷണി ഉണ്ടെന്നും ആത്മഹത്യ കുറിപ്പിൽ പറയുന്നു. കേരളത്തിലും ബിഎൽഒ ആത്മഹത്യ ചെയ്ത വിവാദങ്ങൾ നിലനിൽക്കുന്നതിനിടെയാണ് സമാനമായ വിഷയം ചൂണ്ടിക്കാണിച്ചുള്ള മറ്റൊരു മരണം.
ഇന്ന് സംസ്ഥാന വ്യാപകമായി ബിഎൽഒമാർ ജോലി ബഹിഷ്കരിക്കും
ഏറ്റുകുടുക്കയിൽ ബിഎൽഒ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി ബിഎൽഒമാർ ജോലി ബഹിഷ്കരിക്കും. രാവിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലേക്കും ജില്ലാ വരണാധികാരികളുടെ ഓഫീസിലേക്കും പ്രതിഷേധ മാർച്ചും നടത്തും. അനീഷ് ജോർജിൻ്റെ ആത്മഹത്യയുടെ ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് സംയുക്ത സമരസമിതി നേതാക്കൾ വ്യക്തമാക്കി. സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും ആക്ഷൻ കൗണസിലും, അധ്യാപക സർവീസ് സംഘടന സമരസമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ ആണ് പ്രതിഷേധം.
അതേസമയം, അനീഷിൻ്റെ സംസ്കാരം ഇന്ന് നടക്കും. വൈകിട്ട് മൂന്നിന് ഏറ്റുകുടുക്ക ലൂർദ് മാതാ കത്തോലിക്കാ പള്ളിയിലാണ് ചടങ്ങുകൾ. അനീഷിന്റെ മരണം തീവ്ര വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട തൊഴിൽ സമ്മർദം കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. എന്നാൽ എസ്ഐആർ ജോലികളും മരണവും തമ്മിൽ ബന്ധം സ്ഥാപിക്കപ്പെട്ടിട്ടില്ലെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി. ഇതിനിടെ ബിഎൽഒ ജോലി ചെയ്യുന്നതിൽ അനീഷ് സിപിഎം ഭീഷണി നേരിട്ടിരുന്നുവെന്ന് യുഡിഎഫും ബിജെപിയും ആരോപിച്ചു. എന്നാൽ സിപിഎമ്മിനെതിരെ ആരോപണമുയർത്തി പുകമറ സൃഷ്ടിക്കാനാണ് നീക്കമെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പറഞ്ഞു.



