ഭഗത് ബഹദൂർ എന്നയാളാണ് തന്റെ പെൺമക്കളായ സന്തോഷ്, ഹെന്ന എന്നിവർക്കൊപ്പം ചണ്ഡിഗഡിലെ പാസ്‌പോർട്ട് ഓഫീസിലെത്തിയത്.
ചണ്ഡിഗഡ്: സഹോദരിമാർക്ക് പാസ്‌പോർട്ട് നിഷേധിച്ചതായി പരാതി. ഹരിയാനയിലെ അംബാലയിലാണ് സംഭവം. കാണാൻ നേപ്പാളികളെ പോലെയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവർക്ക് അധികൃതർ പാസ്പോർട്ട് നിഷേധിച്ചതെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
"ചണ്ഡിഗഡിലെ പാസ്‌പോർട്ട് ഓഫീസിലേക്ക് പോയപ്പോൾ, മുഖം കണ്ട് ഞങ്ങൾ നേപ്പാളികളാണെന്ന് അധികൃതർ അപേക്ഷയിൽ എഴുതി. ഞങ്ങളുടെ ദേശീയത തെളിയിക്കാൻ അവർ ആവശ്യപ്പെട്ടു. ഞങ്ങൾ ഇക്കാര്യം മന്ത്രി അനിൽ വിജിലിനെ ധരിപ്പിച്ചതിന് ശേഷമാണ് തുടർ നടപടികളിലേക്ക് അധികൃതർ കടന്നത്" ഒരു സഹോദരി പറഞ്ഞു.
ഭഗത് ബഹദൂർ എന്നയാളാണ് തന്റെ പെൺമക്കളായ സന്തോഷ്, ഹെന്ന എന്നിവർക്കൊപ്പം ചണ്ഡിഗഡിലെ പാസ്‌പോർട്ട് ഓഫീസിലെത്തിയത്. എന്നാൽ അവർക്ക് പാസ്പോർട്ട് നിരസിക്കുകയും അപേക്ഷകളിൽ, ഇവർ നേപ്പാളികളാണെന്ന് തോന്നുവെന്ന് അധികൃതർ എഴുതുകയുമായിരുന്നുവെന്ന് ഡെപ്യൂട്ടി കമ്മീഷണർ അശോക് ശർമ്മ പറഞ്ഞു.
ഇക്കാര്യം തന്റെ ശ്രദ്ധയിൽപ്പെട്ടതോടെ വിഷയത്തിൽ ഇടപ്പെട്ടുവെന്നും പാസ്പോർട്ടുകൾ എത്രയും വേഗം അവരുടെ കൈവശം ലഭ്യമാകുമെന്നും അശോക് ശർമ്മ വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം നടത്തുമെന്നും ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
