അയോധ്യ ക്ഷേത്രത്തിലെ സംഭാവന കടത്തുന്നതിന്റെ നിർണായക സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. അഞ്ച് പ്രതികൾ ദൃശ്യങ്ങളിലുണ്ടെന്നും, കേസ് സിബിഐക്ക് വിടുന്നത് സർക്കാർ പരിഗണിക്കുന്നതായും റിപ്പോർട്ടുകൾ.
ദില്ലി: അയോധ്യ കൊള്ളയിൽ നിർണ്ണായക തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. പ്രതികൾ സംഭാവന കടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. അഞ്ച് പ്രതികളുടെ ദൃശ്യങ്ങൾ സിസിടിവിയിലുണ്ട്. കാണിക്ക എണ്ണുന്നതിന് ട്രസ്റ്റ് നിയോഗിച്ചത് അൻപത് പേരെയാണെന്നും എസ്ബിഐയാണ് റിക്രൂട്ട് ചെയ്യേണ്ടവരുടെ പട്ടിക നൽകിയതെന്ന് സ്വകാര്യ ഏജൻസി വ്യക്തമാക്കി. 45 ദിവസത്തെ സിസിടിവി ദൃശ്യങ്ങളേ കൈയിലുള്ളൂവെന്നതാണ് തിരിച്ചടി.
അയോധ്യ ക്ഷേത്രക്കൊള്ള സിബിഐക്ക് വിടുന്നതും ഉത്തര്‍പ്രദേശ് സര്‍ക്കാരിന്‍റെ പരിഗണനയിലിരിക്കെയാണ് പുതിയ വീഡിയോ ലഭിച്ചത്. സുപ്രീംകോടതി മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രധാനമന്ത്രിക്ക് കത്ത് നല്‍കി. ട്രസ്റ്റ് മുന്‍ ജനറല്‍ സെക്രട്ടറി ചമ്പത് റായിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് അയോധ്യ ബാര്‍ അസോസിയേഷന്‍ പൊലീസില്‍ പരാതി നല്‍കി. ചമ്പത് റായിയാണ് പണം തട്ടിയതെന്നും തന്‍റെ സഹോദരനെ ബലിയാടാക്കുകയായിരുന്നെന്നും കേസിലെ മുഖ്യ പ്രതി ടിന്നു യാദവിന്‍റെ സഹോദരന്‍ ആരോപിച്ചു.
സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ അയോധ്യ പൊലീസാണ് രാമക്ഷേത്രത്തില്‍ നടന്ന കോടികളുടെ കൊള്ളയെ കുറിച്ച് അന്വേഷണം നടത്തുന്നത്. നഷ്ടപ്പെട്ട പണമോ ആഭരണമോ എത്രയെന്ന് ഇനിയും തിട്ടപ്പെടുത്താന്‍ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന പ്രത്യേക സംഘത്തിനുമായിട്ടില്ല. വലിയ സാമ്പത്തിക തിരിമറി നടന്ന കേസായതിനാലാണ് സിബിഐക്കോ ഇഡിക്കോ വിട്ടാലോയെന്ന ആലോചന യുപി സര്‍ക്കാരിലുള്ളത്. എന്നാല്‍, പ്രധാനമന്ത്രിയുടെ മേല്‍നോട്ടത്തില്‍ രൂപീകരിച്ച ട്രസ്റ്റിനെതിരെ ആരോപണം കടുക്കുമ്പോള്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കുന്നതും കണക്കായിരിക്കുമെന്ന വിമര്‍ശനമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. ഈ സാഹചര്യത്തിലാണ് സുപ്രീം കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയത്.
