Asianet News MalayalamAsianet News Malayalam

ഗവര്‍ണര്‍ പദവി സംസ്ഥാനങ്ങള്‍ക്ക് ആവശ്യമില്ല: സീതാറാം യെച്ചൂരി

പൗരത്വരജിസ്റ്റര്‍ സംബന്ധിച്ചും ജനസംഖ്യാ രജിസ്റ്റര്‍ സംബന്ധിച്ചും ഉള്ള പ്രശ്നങ്ങള്‍ ജനങ്ങളോട് വിശദീകരിക്കും. ജനസംഖ്യാ രജിസ്റ്ററുമായി ജനങ്ങള്‍ സഹകരിക്കരുതെന്നും സിപിഎം ആഹ്വാനം ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു. 
 

sitaram yechuri on cpm decisions about anti caa protest
Author
Thiruvananthapuram, First Published Jan 19, 2020, 4:33 PM IST

തിരുവനന്തപുരം: ഗവര്‍ണര്‍ പദവി സംസ്ഥാനങ്ങള്‍ക്ക് ആവശ്യമില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അഭിപ്രായപ്പെട്ടു. ഗവർണർമാരുടെ പ്രസക്തിയെ പറ്റി ആലോചിക്കേണ്ട സമയമായി. ഗവര്‍ണര്‍മാര്‍ ഭരണഘടന അനുസരിച്ച് പ്രവര്‍ത്തിക്കണം. പൗരത്വഭേദഗതി വിഷയത്തില്‍ വീടുകള്‍ തോറും കയറി ജനങ്ങളെ ബോധവല്‍ക്കരിക്കാനാണ് സിപിഎം തീരുമാനിച്ചിരിക്കുന്നതെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

പൗരത്വരജിസ്റ്റര്‍ സംബന്ധിച്ചും ജനസംഖ്യാ രജിസ്റ്റര്‍ സംബന്ധിച്ചും ഉള്ള പ്രശ്നങ്ങള്‍ ജനങ്ങളോട് വിശദീകരിക്കും. ജനസംഖ്യാ രജിസ്റ്ററുമായി ജനങ്ങള്‍ സഹകരിക്കരുതെന്നും സിപിഎം ആഹ്വാനം ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു. പൗരത്വഭേദഗതിയെ എതിര്‍ത്ത സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരോട് ജനസംഖ്യാ രജിസ്റ്ററുമായി സഹകരിക്കരുതെന്ന് ആവശ്യപ്പെടും. 

പൗരത്വനിയമഭേദഗതി ഭരണഘടനക്ക് എതിരാണെന്നു മാത്രമല്ല ഭരണഘടനാ വിരുദ്ധം കൂടിയാണ്. മതേതര രാജ്യത്തെ ഫാസിസ്റ്റ് ഹിന്ദു രാഷ്ട്രമാക്കുന്നതിന്റെ ഭാഗമാണിത്. ആർഎസ് എസിന്റെ വർഗീയ അജണ്ടയുമാണിത്. പൗരത്വഭേദഗതിക്കെതിരെ രാജ്യത്ത് നടക്കുന്ന  പ്രതിഷേധത്തെ സ്വാഗതം ചെയ്യുന്നു. പ്രതിഷേധങ്ങളില്‍ വിദ്യാർത്ഥികളുടെയും സ്ത്രീകളുടെയും മധ്യവർഗ്ഗത്തിന്റെയും സാന്നിധ്യം ശ്രദ്ധേയമാണ്. 

ജനസംഖ്യാരജിസ്റ്റര്‍ പൗരത്വരജിസ്റ്ററിലേക്കുള്ള വഴിയാണ്, ജനസംഖ്യാ രജിസ്റ്റര്‍(NPR) സെൻസസിന്റെ ഭാഗമെന്ന് പറയുന്നത് കണ്ണിൽ പൊടിയിടാനാണ്. സെൻസസ് ആകാം,പക്ഷേ എന്‍പിആര്‍ വേണ്ട. എന്‍പിആറുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി തരില്ലെന്ന് പറയാൻ ജനങ്ങളോട് ആഹ്വാനം ചെയ്യും.  

എന്‍പിആറിന്‍റെ നടപടികൾ നിർത്തിവയ്ക്കാൻ ബിജെപി ഭരണത്തില്‍ അല്ലാത്ത സംസ്ഥാനങ്ങളോട് ആവശ്യപ്പെടും. എന്‍പിആറും എന്‍ആര്‍സിയും പൗരത്വനിയമഭേദഗതിയും തമ്മിൽ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതിനെക്കുറിച്ച് വീടുകൾ കയറി പ്രചാരണം നടത്തും. കരുതൽ തടയറകൾ പൊളിക്കാൻ ആഹ്വാനം ചെയ്യു. പുതിയത് പണിയാൻ വിസമ്മതിക്കും. 

സൈനിക ഓഫീസർമാർ രാഷ്ട്രീയ കാര്യങ്ങളിൽ ഇടപെടുന്നത് അവസാനിപ്പിക്കണം. ഇതിന് മുമ്പ് ഒരിക്കലും ഇങ്ങനെ ഉണ്ടായിട്ടില്ല. കശ്മീരിൽ ഡീറാഡിക്കലൈസിംഗ് ക്യാമ്പുകൾ ഉണ്ടെന്ന സൈനിക മേധാവിയുടെ പ്രസ്താവന  ഞെട്ടലുണ്ടാക്കുന്നതാണ്. സർക്കാർ ഇക്കാര്യത്തിൽ വ്യക്തത വരുത്തണം.  

മോദിയുടെ ഭരണത്തിൽ രാജ്യം സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയാണ്. കേരളത്തോട് കേന്ദ്രം വിവേചനം കാട്ടുന്നു. 24000 കോടിയിൽനിന്ന് 16000 കോടിയായി കേന്ദ്രവിഹിതം വെട്ടിക്കുറച്ചു. വെള്ളപ്പൊക്ക ദുരിതാശ്വാസം തരാതെയും  കേരളത്തെ തഴഞ്ഞു. കേരളം കേന്ദ്ര നിലപാടുകൾക്ക് ഒപ്പം നിൽക്കാത്തതുകൊണ്ടാണിതെന്നും യെച്ചൂരി അഭിപ്രായപ്പെട്ടു. 

Follow Us:
Download App:
  • android
  • ios