ദേശീയ തലത്തിൽ കോൺഗ്രസുമായി സഖ്യമില്ല. പ്രാദേശിക തലത്തിൽ കോൺഗ്രസുമായി പ്രത്യേക സാഹചര്യങ്ങളിൽ തെരഞ്ഞെടുപ്പ് സഖ്യം തുടരുമെന്നും കരട് രാഷ്ട്രീയ പ്രമേയം .
ദില്ലി: സിപിഎം (CPM) പാർട്ടി കോൺഗ്രസിൽ (Party Congress) അവതരിപ്പിക്കാനുള്ള കരട് രാഷ്ട്രീയ പ്രമേയം പിബി (CPM Politburo) അംഗീകരിച്ചു. ജനുവരിയിൽ ചേരുന്ന കേന്ദ്രക്കമ്മിറ്റിയിൽ കരടിന് അന്തിമ അംഗീകാരം നൽകും. ജനുവരി 7 മുതൽ 9 വരെ ഹൈദരാബാദിൽ കേന്ദ്ര കമ്മിറ്റി ചേരുമെന്ന് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി (Sitaram Yechuri)പറഞ്ഞു.
ബംഗാൾ മോഡൽ (Bengal Model) സഖ്യങ്ങൾ തള്ളാതെയുള്ളതാണ് കരട് രാഷ്ട്രീയ പ്രമേയം. ദേശീയ തലത്തിൽ കോൺഗ്രസുമായി സഖ്യമില്ല. പ്രാദേശിക തലത്തിൽ കോൺഗ്രസുമായി പ്രത്യേക സാഹചര്യങ്ങളിൽ തെരഞ്ഞെടുപ്പ് സഖ്യം തുടരുമെന്നും കരട് രാഷ്ട്രീയ പ്രമേയം അംഗീകരിക്കുന്നു.
ബംഗാൾ മാതൃക സഖ്യത്തിന്‍റെ പേരിൽ സിപിഎമ്മിൽ കഴിഞ്ഞ കുറേകാലമായി തര്‍ക്കം തുടരുകയായിരുന്നു. പ്രാദേശിക പാര്‍ടികളുമായി സഹകരിച്ചാൽ മതിയെന്നാണ് കേരള ഘടകം ശക്തമായി വാദിച്ചത്. കോണ്‍ഗ്രസിന് ബിജെപിയെ ചെറുക്കാൻ കഴിയുന്നില്ലെന്നും കോണ്‍ഗ്രസ് മൃദു ഹിന്ദുത്വ നിലപാട് സ്വകീരിക്കുന്നുവെന്നും യോഗം കുറ്റപ്പെടുത്തി. എന്നാൽ അനിവാര്യ ഘട്ടങ്ങളിൽ പ്രാദേശിക തലത്തിൽ കോണ്‍ഗ്രസുമായി ബംഗാൾ മാതൃകയിൽ ധാരണയുണ്ടാക്കുന്നതിനെ റിപ്പോര്‍ട്ട് തടയുന്നില്ല.
അതേസമയം ദേശീയതലത്തിൽ കോണ്‍ഗ്രസ് ഉൾപ്പെട്ട ഒരു മുന്നണിയിൽ സിപിഎം പങ്കുചേരില്ല. ഫെഡറൽ മുന്നണി എന്ന ആശയത്തെയും കരട് പ്രമേയം അംഗീകരിക്കുന്നില്ല. ദേശീയതല സഖ്യങ്ങൾ തെരഞ്ഞെടുപ്പിന് ശേഷം മതിയെന്നാണ് കരട് പ്രമേയത്തിലെ നിര്‍ദ്ദേശം. കേരളത്തിലുൾപ്പടെ നടക്കുന്ന സമ്മേളനങ്ങൾ പിബി വിലയിരുത്തി. കേന്ദ്ര കമ്മിറ്റിയുടെ അംഗീകാരത്തോടെ കരട് രാഷ്ട്രീയ പ്രമേയം അടുത്തമാസം പ്രസിദ്ധീകരിക്കും. രണ്ട് ദിവസത്തേക്ക് വിളിച്ച പോളിറ്റ് ബ്യൂറോ കരട് രാഷ്ട്രീയ പ്രമേയത്തിൽ സമവായം ഉണ്ടായതോടെ ഒരു ദിവസം കൊണ്ട് അവസാനിപ്പിച്ചു. ഐക്യത്തോടെയാണ് പിബി തീരുമാനമെന്നും സിപിഎം ജന.സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി.

updating...
