Asianet News MalayalamAsianet News Malayalam

സംസ്ഥാനങ്ങൾ ജനസംഖ്യ രജിസ്റ്ററുമായി സഹകരിക്കരുത്: വിട്ടുവീഴ്ച പാടില്ലെന്ന് സിപിഎം

കേരളം ഉൾപ്പടെ സംസ്ഥാനങ്ങളുടെ എതിർപ്പ് തള്ളിയാണ് ദേശീയ ജനസംഖ്യ രജിസ്റ്ററുമായി കേന്ദ്രം മുന്നോട്ട് പോകുന്നത്.
 

Sitaram Yechury instruct states that do not corporate with NPR
Author
Delhi, First Published Dec 24, 2019, 6:47 PM IST
  • Facebook
  • Twitter
  • Whatsapp

ദില്ലി: ദേശീയ ജനസംഖ്യ രജിസ്റ്ററുമായി മുന്നോട്ട് പോകാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചതില്‍ വിമര്‍ശനവുമായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. എൻപിആർ, എൻആർസിക്ക് മുന്നോടി തന്നെയാണെന്ന് യെച്ചൂരി ആവര്‍ത്തിച്ചു. എന്‍പിആര്‍ എന്നത് സെന്‍സസ് അല്ലെന്നും എന്‍പിആറില്‍ വീട്ടുവീഴ്ച ചെയ്യരുതെന്നും സംസ്ഥാനങ്ങള്‍ സഹകരിക്കരുതെന്നുമായിരുന്നു യെച്ചൂരിയുടെ പ്രതികരണം. 2021 ലെ സെൻസസ്, ദേശീയ ജനസംഖ്യാ രജിസ്റ്റർ ഇവ രണ്ടിനുമുള്ള വിവരശേഖരണത്തിനാണ് കേന്ദ്ര മന്ത്രിസഭ ഇന്ന് അംഗീകാരം നല്‍കിയത്. കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളുടെ എതിർപ്പ് തള്ളിയാണ് ദേശീയ ജനസംഖ്യ രജിസ്റ്ററുമായി കേന്ദ്രം മുന്നോട്ട് പോകുന്നത്. 

വീടുകൾ കയറിയിറങ്ങിയാവും വിവരം ശേഖരിക്കുക. കൂടാതെ വിവരങ്ങൾ ശേഖരിക്കാൻ മൊബൈൽ ആപ്പും ഉണ്ടാകും. പൗരൻമാരുടെ വിവരം മാത്രമല്ല ഇന്ത്യയിൽ ആറുമാസമായി താമസിക്കുന്ന എല്ലാവരുടെയും വിവരം തേടും. 12695 കോടി രൂപയാണ് കണക്കെടുപ്പിന് അനുവദിച്ചത്. മുപ്പത് ലക്ഷം പേരെ ഇതിനായി നിയോഗിക്കും. ദേശീയ പൗരത്വ രജിസ്റ്ററുമായി ഇതിന് ബന്ധമില്ലെന്നാണ് വിശദീകരണം. എന്നാൽ 2014ലെ എൻപിആറിന്‍റെ അടിസ്ഥാനത്തിലാകും എൻആർസി എന്ന് സർക്കാർ പാർലമെന്‍റില്‍ പറഞ്ഞത് മാധ്യപ്രവർത്തകർ ചൂണ്ടിക്കാട്ടി. ഫോമിലോ ആപ്പിലോ വിവരം നല്‍കുമ്പോള്‍ ഇത് തെളിയിക്കാൻ ഒരു രേഖയും നല്‍കേണ്ടെന്ന സർക്കാർ പ്രഖ്യാപനം ഇപ്പോഴത്തെ വിവാദം കണക്കിലെടുത്താണ്. എൻആർസിക്ക് മുന്നോടിയായാണ് ജനസംഖ്യ രജിസ്റ്റർ പുതുക്കുന്നതെന്ന പ്രചാരണം വന്നതോടെയാണ് കേരളവും പശ്ചിമബംഗാളും ഇത് നിര്‍ത്തിവച്ചത്. എന്നാല്‍ ഒരു സംസ്ഥാനത്തിനും മാറിനില്‍ക്കാനാവില്ല എന്ന കർശന നിലപാടാണ് കേന്ദ്രം ഇപ്പോൾ പ്രകടിപ്പിക്കുന്നത്.  

2021ലെ സെൻസസിന് മുന്നോടിയായി ദേശീയ ജനസംഖ്യാ രജിസ്റ്റർ തയ്യാറാക്കുന്നതിനാണ് കേന്ദ്രസെൻസസ് വകുപ്പും ആഭ്യന്തരവകുപ്പും സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നത്. എന്നാല്‍ ഈ രജിസ്റ്ററിൽ നിന്നാണ് ദേശീയപൗരത്വ രജിസ്റ്റർ തയ്യാറാക്കാൻ ആലോചിക്കുന്നതെന്ന റിപ്പോർട്ടുകൾ  നിലനിൽക്കുന്നുണ്ട്.  പൗരത്വ നിയമഭേദഗതിയുടെ പശ്ചാത്തലത്തിൽ ഉയർന്ന ആശങ്കയുടെ അടിസ്ഥാനത്തിലാണ്  ജനസംഖ്യാ രജിസ്റ്റർ  തയ്യാറാക്കുന്നതിനുള്ള  നടപടികളുടമായി സഹരിക്കേണ്ടതില്ലെന്ന് കേരള സംസ്ഥാനസർക്കാർ തീരുമാനിച്ചത്. ഇക്കാര്യം കാണിച്ച് പൊതുഭരണപ്രിൻസിപ്പൾ സെക്രട്ടറി എല്ലാ വകുപ്പ് മേധാവികൾക്കും സെൻസസ് ഡയറക്ടർക്കും ഉത്തരവയച്ചിരുന്നു. 

പൗരത്വ ഭേദഗതി നടപ്പാക്കില്ലെന്ന്  മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്‍റെ തുടർച്ചയായാണ് ജനസംഖ്യാ രജിസ്റ്റർ നടപടികൾ നിർത്തിവെക്കാന്‍ തീരുമാനം.  ഭരണഘടനാമൂല്യങ്ങളിൽ നിന്ന് വ്യതിചലിക്കുന്നതാണ് കേന്ദ്രസർക്കാർ നീക്കമെന്ന് പുതിയ തീരുമാനം പ്രഖ്യാപിച്ച് കൊണ്ട് മുഖ്യമന്ത്രിയുടെ ഓഫീസ് ആരോപിച്ചു.  സെൻസസിനൊപ്പം ദേശീയ ജനസംഖ്യാ രജിസ്റ്ററും തയ്യറാക്കാന്‍ 2003ലാണ് തുടങ്ങിയത്. പിന്നാട് ആധാർ വന്നപ്പോൾ  ഇത് നിർത്തിവച്ചു. വീണ്ടും ജനസംഖ്യ രജിസ്റ്റർ തയ്യറാക്കണമെന്ന നിർദ്ദേശം വന്നതോടെയാണ് ആശങ്കയുണ്ടായതെന്നാണ് സംസ്ഥാനസർക്കാരിന്‍റെ നിലപാട്. അതേസമയം ദേശീയ ജനസംഖ്യ രജിസ്റ്ററിനുള്ള നടപടികളുമായി സഹകരിക്കില്ലെന്ന് നേരത്തെ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വ്യക്തമാക്കിയിരുന്നു. പിന്നാലെ ബംഗാള്‍ സര്‍ക്കാര്‍ അവിടെ ജനസംഖ്യ രജിസ്റ്റിന്‍റെ നടപടികള്‍ നിര്‍ത്തിവച്ചിരുന്നു. 


 

Follow Us:
Download App:
  • android
  • ios