ദില്ലി: എന്‍ആര്‍സി, ദേശീയ പൗരത്വ നിയമ ഭേദഗതി, എന്‍പിആര്‍ എന്നിവയുടെ പേരില്‍ കേന്ദ്രസര്‍ക്കാറിനെതിരെ ശക്തമായ വിമര്‍ശനവുമായി സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തങ്ങളുടെ വിദ്യാഭ്യാസ യോഗ്യതകള്‍ പരാമര്‍ശിക്കാന്‍ മടിക്കുന്ന പ്രധാനമന്ത്രിയെയും മന്ത്രിമാരെയും കടന്നാക്രമിച്ചാണ് സീതാറാം യെച്ചൂരി ട്വീറ്റ് ചെയ്തിരിക്കുന്നത്.

വിവരാവകാശ നിയമത്തെ ഇല്ലാതാക്കിയ, ഇലക്ടറല്‍ ബോണ്ടുകളില്‍ പൂജ്യം സുതാര്യത പുലര്‍ത്തുന്ന, ഡിഗ്രി യോഗ്യത പോലും കാണിക്കാന്‍ കഴിയാത്ത പ്രധാനമന്ത്രിയും, മന്ത്രിമാരുമുള്ള സര്‍ക്കാരാണ് പൗരന്മാരോട് തെളിവ് ചോദിക്കുന്നത്. - യെച്ചൂരി ട്വിറ്ററില്‍ കുറിച്ചു.

പത്രപ്രവര്‍ത്തകര്‍ക്ക് എന്‍പിആര്‍ സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്‍കിയ ട്വിറ്റര്‍ മറുപടിയില്‍ പ്രതികരിക്കുകയായിരുന്നു സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി. എന്‍പിആര്‍ ദേശീയ പൗരത്വ റജിസ്റ്ററിന്‍റെ അടിസ്ഥാന രേഖയാണ്. ഇത് ഇന്ത്യക്കാരെ നരകിപ്പിക്കാനും, ഭയപ്പെടുത്താനുമാണ് ഇത്തരത്തിലുള്ള ഒരു പദ്ധതി നടപ്പിലാക്കുന്നത്. അസ്‌പഷ്‌ടമായ ഈ സംഭവത്താല്‍ ഒരുതരത്തിലുള്ള ഗുണവും ഉണ്ടാകുവാന്‍ പോകുന്നില്ല. സര്‍ക്കാര്‍ ഉടന്‍ തന്നെ എന്‍പിആറും, എന്‍സിആറും പിന്‍വലിക്കണമെന്നും യെച്ചൂരി പറയുന്നു.