ദില്ലി: കശ്മീരിൽ വീട്ടുതടങ്കലിൽ കഴിയുന്ന സിപിഎം കേന്ദ്രകമ്മിറ്റി അംഗവും എംഎൽഎയുമായ മുഹമ്മദ് യൂസഫ് തരിഗാമിക്ക് അടിയന്തിരമായി വൈദ്യസഹായം ആവശ്യമാണെന്ന് സീതാറാം യെച്ചൂരി. ഇക്കാര്യം സുപ്രീംകോടതിയെ അറിയിക്കുമെന്നും യെച്ചൂരി പറഞ്ഞു. ദില്ലിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രസർക്കാർ പറയുന്ന പോലെയല്ല കശ്മീരിലെ സാഹചര്യമെന്നും തരി​ഗാമിയെ കാണാൻ ആരേയും അനുവദിക്കുന്നില്ലെന്നും യെച്ചൂരി പറഞ്ഞു. കഴിഞ്ഞ ദിവസം താമസിച്ചത് സർക്കാർ ​ഗസ്റ്റ് ഹൗസിൽ ആയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു ദിവസം തരിഗാമിക്കൊപ്പം തങ്ങണമെന്ന യെച്ചൂരിയുടെ ആവശ്യം സുരക്ഷാ ഉദ്യോഗസ്ഥർ അംഗീകരിച്ചിരുന്നു.

ഇന്നലെ രാവിലെ പതിനൊന്നരയ്ക്കാണ് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ശ്രീനഗറില്‍ എത്തിയത്. തരിഗാമിയെ സന്ദര്‍ശിക്കാന്‍ സീതാറാം യെച്ചൂരിക്ക് സുപ്രീംകോടതി അനുമതി നല്‍കിയിരുന്നു.

തരിഗാമിയെ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് യെച്ചൂരി സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലായിരുന്നു കോടതിയുടെ തീരുമാനം. താരിഗാമിയെ കാണുക മാത്രമായിരിക്കണം ലക്ഷ്യമെന്നും മറ്റ് പരിപാടികൾ പാടില്ലെന്നും സുപ്രീംകോടതി യെച്ചൂരിയോട് നിർദ്ദേശിച്ചിരുന്നു. തരിഗാമിയുടെ ആരോഗ്യനിലയെക്കുറിച്ച് സത്യവാങ്മൂലം നൽകാനും യെച്ചൂരിയോട് സുപ്രീകോടതി ആവശ്യപ്പെട്ടിരുന്നു.