ദില്ലി: വിമാനത്തില്‍ യാത്ര ചെയ്യുന്നതിനിടെ ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് മരണം. ചികിത്സയ്ക്കായി പാറ്റ്നയില്‍ നിന്ന് ദില്ലിയിലേക്ക്  പോകവെ  വ്യാഴാഴ്ചയാണ് കുഞ്ഞ് മരിച്ചത്. ദില്ലിയിലേക്ക് ചികിത്സയ്ക്കായി കൊണ്ടുപോകുകയായിരുന്നു. അച്ഛനും അമ്മയും കുഞ്ഞിനൊപ്പമുണ്ടായിരുന്നു. സ്പൈസ് ജെറ്റിലാണ് ഇവര്‍ ദില്ലിയിലേക്ക് പറന്നത്. 

ബിഹാറിലെ ബെഗുസരായി സ്വദേശികളാണ് ഇവര്‍. ഹൃദയത്തില്‍ സുഷിരം ഉള്ളതിനാല്‍ ദില്ലിയിലെ എയിംസില്‍ ചികിത്സയിലായിരുന്നു കുട്ടി. കുട്ടിയുടെ മരണത്തെ സംബന്ധിച്ച് ഇതുവരെയും സ്പൈസ് ജെറ്റ് വാര്‍ത്താക്കുറിപ്പിറക്കിയിട്ടില്ല. രോഗാവസ്ഥയെ തുടര്‍ന്നുള്ള മരണമാണ് കുഞ്ഞിന്‍റേതെന്നും സംശയിക്കത്തക്കതായി ഒന്നുമില്ലെന്നും പൊലീസ് വ്യക്തമാക്കി.