ജയ്പൂര്‍: മധ്യപ്രദേശിലെ ഛത്തർപൂരിൽ വിവാഹ സല്‍ക്കാരത്തിനായി പോകവേ കാര്‍ കിണറ്റിലേക്ക് മറിഞ്ഞ് ആറ് പേര്‍ മരിച്ചു. ചൊവ്വാഴ്ച അര്‍ദ്ധരാത്രിയിലാണ് മധ്യപ്രദേശിലെ മഹാരാജ്പൂർ  ഗ്രാമത്തില്‍ വച്ച് ദാരുണമായ അപകടം സംഭവിച്ചത്. ഉത്തര്‍ പ്രദേശില്‍ നിന്നുമുള്ള ഒന്‍പതംഗ സംഘം സഞ്ചരിച്ചിരുന്ന എസ് യു വി കാറാണ് അപകടത്തില്‍പ്പെട്ടത്.

അർദ്ധരാത്രിയോടെ ദിവാൻജി കെ പൂർവ ഗ്രാമത്തില്‍ വെച്ച് ആള്‍മറയില്ലാത്ത കിണറ്റിലേക്ക്  കാര്‍ തലകുത്തി വീണു. അപകടം നടന്നയുടനെ മഹാരാജ്പൂർ പോലീസ് സ്ഥലത്തെത്തി കിണറ്റിൽ നിന്ന് കാർ പുറത്തെടുക്കുകയായിരുന്നു. ആറ് പേര്‍ സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചു. മൂന്ന് പേരെ പൊലീസ് രക്ഷപ്പെടുത്തി.  

ചത്രപാൽ സിംഗ് (40), രാജു കുശ്വാഹ (37), രാമ്രതൻ അഹിർവാർ (37), ഗാൻഷ്യം അഹിർവാർ (55), കുൽദീപ് അഹിർവാർ (22), രാംദീൻ അഹിർവാർ (50) എന്നിവരാണ് കൊല്ലപ്പെട്ടത്. മരണമടഞ്ഞവരുടെ കുടുംബത്തിന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്  രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.