റാബിസ് വാക്സിൻ നൽകിയിട്ടും ഇവരിൽ 6 പേർ മരിച്ചതോടെ പരിഭ്രാന്തിയിലാണ് ജനങ്ങൾ.
ഭോപ്പാൽ: മധ്യപ്രദേശിൽ അജ്ഞാത ജീവിയുടെ കടിയേറ്റ് രണ്ടാഴ്ച്ചകൾക്കുള്ളിൽ മരിച്ചത് 6 പേർ. റാബിസ് വൈറസ് ബാധിച്ച ഏതോ ജീവിയാണ് കടിച്ചതെന്നാമ് ഗ്രാമവാസികൾ പറയുന്നതെങ്കിലും ഏത് മൃഗമാണ് ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമായിട്ടില്ല. മെയ് 5 ന് രാത്രി പുലർച്ചെ 1 നും 5 നും ഇടയിൽ ഉറങ്ങിക്കിടന്നിരുന്ന 17 പേർക്കാണ് ഈ അജ്ഞാത ജീവിയുടെ കടിയേറ്റിട്ടുള്ളത്. റാബിസ് വാക്സിൻ നൽകിയിട്ടും ഇവരിൽ 6 പേർ മരിച്ചതോടെ പരിഭ്രാന്തിയിലാണ് ജനങ്ങൾ.
മധ്യപ്രദേശിലെ ബർവാനിയിലാണ് സംഭവം. മരിച്ചവരിൽ ഒരാൾ പുലർച്ചെ മുറ്റം അടിച്ചു വാരിക്കൊണ്ടിരിക്കുമ്പോൾ ദേഹത്തേക്ക് ചാടി വീണ് കടിക്കുകയായിരുന്നു. കടിയേറ്റവരിൽ ചിലർ മൃഗത്തെ കാണാൻ നായയെപ്പോലെയുണ്ടെന്നാണ് പറഞ്ഞത്. മറ്റു ചിലരാകട്ട, ഈ ജീവിക്ക് കഴുതപ്പുലിയുടെ രൂപ സാദൃശ്യമാണ് ഉള്ളതെന്ന് പറഞ്ഞു. അസമമായ കാലുകളും ചരിഞ്ഞ പുറവുമാണെന്നും ചിലയാളുകൾ പറഞ്ഞു. ഈ ജീവി നായയെപ്പോലെ കുരയ്ക്കുന്നില്ലെന്നും മുരളുക മാത്രമാണ് ചെയ്യുന്നതെന്നും മറ്റു ചിലർ അഭിപ്രായപ്പെട്ടു.
ബർവാനിയിലെയും ഇൻഡോറിലെയും കടിയേറ്റ 17 പേർക്കും പിറ്റേന്ന് തന്നെ വാക്സിൻ നൽകിയിരുന്നു. എന്നാൽ മെയ് 23 നും ജൂൺ 2 നും ഇടയിൽ, അവരിൽ ആറ് പേർ മരിച്ചു. 40 നും 60 നും ഇടയിൽ പ്രായമുള്ള രണ്ട് സ്ത്രീകളും നാല് പുരുഷന്മാരുമാണ് മരിച്ചത്. മരിച്ചവരിൽ ഒരാളായ ചെയിൻ സിംഗ് ഉംറാവു (50) സുഖം പ്രാപിക്കുന്നതിന്റെ ലക്ഷണങ്ങൾ കാണിച്ച് മണിക്കൂറുകൾക്ക് ശേഷം മരിക്കുകയായിരുന്നുവെന്നും വൃത്തങ്ങൾ പറഞ്ഞു.
കടിയേറ്റ മുറിവുകളുടെ അസാധാരണത്വവും, രോഗം അതിവേഗം നാഡീവ്യവസ്ഥയെ ബാധിക്കുന്നുണ്ടെന്നും ഡോക്ടർമാർ അറിയിച്ചതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. ഇതുവരെ ഇത്തരത്തിലൊരു മുറിവേറ്റ പാട് കണ്ടിട്ടില്ലെന്നും ഡോക്ടർമാർ. മരിച്ചവരുടെ ആന്തരികാവയവങ്ങൾ, തലച്ചോറ് തുടങ്ങിയവ കൃത്യമായ പഠനത്തിന് വിധേയമാക്കാനായി ദില്ലിയിലെ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്.ഈ റിപ്പോർട്ടുകൾ ലഭിച്ചാൽ മാത്രമേ റാബിസ് മൂലമാണോ മറ്റെന്തെങ്കിലുമാണോ മരണങ്ങൾക്ക് കാരണമെന്ന് സ്ഥിരീകരിക്കാൻ കഴിയൂവെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.


