​ഗോരഖ്പൂർ: സുഖമില്ലാത്ത അപ്പൂപ്പനെ ഒരു വാർഡിൽ നിന്ന് മറ്റൊരു വാർഡിലേക്ക് കൊണ്ടുപോകാൻ അമ്മയ്ക്കൊപ്പം സ്ട്രെച്ചർ തള്ളി ആറു വയസുകാരൻ. ഉത്തർപ്രദേശിലെ ദിയോരിയ ജില്ലാ ആശുപത്രിയിലാണ് സംഭവം. ഇതിന്റെ വീഡിയോ വൈറലായതിന് പിന്നാലെ ആശുപത്രി ജീവനക്കാരനെ സസ്പെൻഡ് ചെയ്തു. സ്ട്രെച്ചര്‍ എടുക്കാൻ വാർഡ് ബോയി 30 രൂപ ആവശ്യപ്പെട്ടിരുന്നു. 

ഛേദി യാദവ് എന്നയാളുടെ കൊച്ചുമകനായ ആറ് വയസ്സുകാരനാണ് അമ്മയ്ക്കൊപ്പം സ്ട്രെച്ചർ തള്ളിയത്. അപകടത്തിൽ പരിക്കേറ്റതിനെ തുടർന്നാണ് ഇ​ദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുറിവ് ഡ്രെസ് ചെയ്യാൻ സർജിക്കൽ വാർഡിൽ നിന്ന് മറ്റൊരു മുറിയിലേക്ക് ഇദ്ദേഹത്തെ ദിവസവും കൊണ്ടുപോയിരുന്നു. 

ഓരോ തവണയും ജീവനക്കാരൻ 30 രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടു. രണ്ട് ദിവസം മുമ്പും സ്‌ട്രെച്ചറില്‍ കൊണ്ടുപോകാന്‍ ഇയാള്‍ പണം ആവശ്യപ്പെട്ടെങ്കിലും ഛേദിയുടെ മകള്‍ ബിന്ദു പണം നല്‍കാൻ തയ്യാറായില്ല. ഇതോടെ ജീവനക്കാരൻ സ്ട്രെച്ചർ തള്ളാതെ മടങ്ങി പോയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ അമ്മയും ആറ് വയസുകാരനും കൂടി സ്ട്രെച്ചർ തള്ളുകയായിരുന്നു.

എട്ട് സെക്കൻഡുള്ള വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. ആറു വയസുകാരൻ സ്ട്രെച്ചർ തള്ളുന്നതും അമ്മ വലിച്ചു കൊണ്ട് പോകുന്നതുമാണ് വീഡിയോയിൽ ഉള്ളത്. വീഡിയോ ശ്രദ്ധയിൽപ്പെട്ട ദിയോരിയ ജില്ലാ മജിസ്ട്രേറ്റ് അമിത് കിഷോർ ആശുപത്രിയിലെത്തുകയും അന്വേഷണത്തിന് ഉത്തരവിടുകയുമായിരുന്നു. ആശുപത്രി അധികൃതരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജീവനക്കാരനെ പിരിച്ചുവിട്ടതായും അദ്ദേഹം പറഞ്ഞു.