അമരാവതി: ആന്ധ്രാ പ്രദേശിലെ കുർണൂലിൽ തിളയ്ക്കുന്ന സാമ്പാറിൽ വീണ് ആറു വയസ്സുകാരന്‍ മരിച്ചു. കുർണൂലിലെ പന്യം ടൗണിലെ വിദ്യ നികേതന്‍ സ്കൂളിലെ യുകെജി വിദ്യാർത്ഥിയായ പുരുഷോത്തം റെഡ്ഡിയാണ് മരിച്ചത്. സ്കൂളിൽ ഉച്ചയ്ക്ക് ഭക്ഷണം വിളമ്പുന്നതിനിടെയായിരുന്നു അപകടം.

ഉച്ചഭക്ഷണത്തിനായി കാത്തുനിൽക്കുന്നതിനിടെ പുരുഷോത്തം മൂടാതെ വച്ച തിളച്ച സാമ്പാറിന്റെ പാത്രത്തിൽ കാൽവഴുതി വീഴുകയായിരുന്നു. സാരമായി പൊള്ളലേറ്റ കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശ്രദ്ധയില്ലാതെ ഉച്ചഭക്ഷണം വിളമ്പിയതാണ് ആറു വയസ്സുകാരന്റെ ജീവൻ പൊലിയാൻ കാരണമെന്ന് നന്ദ്യാൽ സബ് ഡിവിഷണൽ പൊലീസ് ഓഫീസർ ചിന്ദാനന്ദ റെഡ്ഡി പറഞ്ഞു.

സംഭവത്തിൽ സ്കൂൾ അധികൃതരുടെ ഭാ​ഗത്ത് വീഴ്ചപറ്റിയുണ്ടെന്ന് പൊലീസ് കണ്ടെത്തി. കുട്ടിയുടെ അച്ഛന്റെ പരാതിയിൽ സ്കൂളിന്റെ മാനേജിങ് ഡയറക്ടർ വിജയകുമാറിനെയും കറസ്പോണ്ടന്റ് നാ​ഗമല്ലെശ്വര റെഡ്ഡിയെയും പൊലീസ് അറസ്റ്റ് ചെയ്തു. തിപ്പയപ്പിള്ളി ഗ്രാമത്തിലെ ശ്യാം സുന്ദര്‍ റെഡ്ഡിയുടെ മകനാണ് പുരുഷോത്തം.