ബെംഗളൂരുവിലെ എംഎൻ ക്രെഡൻസ് ഫ്ലോറ അപ്പാർട്ട്‌മെന്റിലെ അഴുക്കുചാലിൽ മനുഷ്യ അസ്ഥികൂടത്തിന്റേതെന്ന് കരുതുന്ന അവശിഷ്ടങ്ങൾ കണ്ടെത്തി. 

ബെംഗളൂരു: തെക്ക് കിഴക്കൻ ബെംഗളൂരുവിലെ എംഎൻ ക്രെഡൻസ് ഫ്ലോറ അപ്പാർട്ട്‌മെന്റിലെ ഒരു അഴുക്കുചാലിൽ തലയോട്ടി ഭാഗങ്ങൾ ഉൾപ്പെടെയുള്ള മനുഷ്യ അസ്ഥികൂടത്തിന്റേതെന്ന് കരുതുന്ന അവശിഷ്ടങ്ങൾ കണ്ടെത്തി. കഴിഞ്ഞ 16-നാണ് സംഭവം. കരാർ തൊഴിലാളികൾ കാർ പാർക്കിങ്ങിന് സമീപമുള്ള അഴുക്കുചാൽ വൃത്തിയാക്കുന്നതിനിടെയാണ് തലയോട്ടിയുടെ ഭാഗങ്ങളാണെന്ന് സംശയിക്കുന്ന എല്ലുകൾ കണ്ടെത്തിയത്. അവർ ഉടൻതന്നെ റെസിഡൻസ് അസോസിയേഷൻ വഴി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

കണ്ടെത്തിയ അവശിഷ്ടങ്ങൾ മനുഷ്യന്റേതാണോ അതോ മൃഗങ്ങളുടേതാണോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഇത് പരിശോധനക്കായി ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് അയച്ചതായും പരിശോധനാ ഫലങ്ങൾ ഒരാഴ്ചയ്ക്കുള്ളിൽ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബെഗൂർ പൊലീസ് അറിയിച്ചു. അതേസമയം, സംഭവത്തിൽ അപ്പാര്‍ട്ട്മെന്റിലെ ചില താമസക്കാര്‍ പറയുന്നത് മറ്റൊരു കാര്യമാണ്. അപ്പാര്‍ട്ട്മെന്റ് സ്ഥിതി ചെയ്യുന്ന സ്ഥലം നേരത്തെ സ്മശാനമായിരുന്നു എന്നാണ് ഇവര്‍ പൊലീസിന് നൽകിരിയിക്കുന്ന മൊഴി. പ്രാഥമികമായി ഇക്കാര്യം ശരിവയ്ക്കുമ്പോഴും ഫോറൻസിക് റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ വ്യക്തത ലഭിക്കുകയുള്ളൂ എന്ന് പൊലീസ് വ്യക്തമാക്കി.

കഴിഞ്ഞ രണ്ട് ദിവസമായി പ്രദേശത്ത് കനത്ത മഴ പെയ്തതോടെയാണ് ഓടകൾ വൃത്തിയാക്കൽ പ്രവൃത്തി ആരംഭിച്ചത്. സമുച്ചയത്തിൽ ഇത്തരത്തിലുള്ള 16 പിറ്റുകളുണ്ടെങ്കിലും ഒന്നിൽ മാത്രമാണ് ഇത്തരത്തിൽ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഏകദേശം 45 ഫ്ലാറ്റുകളുള്ള പത്ത് വർഷമായി ഉപയോഗിക്കുന്നതുമായ അപ്പാര്‍ട്ട്മെന്റിലാണ് സംഭവം എന്നത്, താമസക്കാർക്കിടയിൽ വലിയ ആശങ്കക്ക് കാരണമായിട്ടുണ്ട്.