ദില്ലി: തെരഞ്ഞെടുപ്പ് കമ്മീഷണർ അശോക് ലവാസ ഏഷ്യൻ വികസ ബാങ്കിന്റെ വൈസ് പ്രസിഡന്‍റായി ചുമതലയേൽക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് ഒരു കമ്മീഷ്ണര്‍ കാലാവധി പൂര്‍ത്തിയാക്കാതെ മടങ്ങുന്നത്. അശോക് ലവാസയ്ക്ക് രണ്ട് വര്‍ഷങ്ങള്‍കൂടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനില്‍ അവശേഷിക്കുന്നുണ്ടായിരുന്നു.

2018 ലാണ് അശോക് ലവാസ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റത്. സുനില് അറോറ വിരമിക്കുമ്പോൾ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറാകേണ്ടത് തൊട്ടടുത്ത മുതിർന്ന അംഗമായ ലവാസയായിരുന്നു. 

അദ്ദേഹത്തിന്റെ നിയമന വാർത്ത ഏഷ്യൻ വികസന ബാങ്ക് അധികൃതർ തന്നെയാണ് പുറത്തുവിട്ടത്. കേന്ദ്രസര്‍ക്കാറിന്‍റെ സമ്മതത്തോടെയാണ് അശോക് ലവാസയുടെ പുതിയ പദവി എന്നാണ് ഇന്ത്യന്‍ എക്സ്പ്രസ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതിനിടെയാണ് അദ്ദേഹം ഏഷ്യൻ വികസന ബാങ്കിന്റെ ഭാഗമാകുന്നത്. ആഗസ്റ്റ് 31-ന് ഇപ്പോഴത്തെ വൈസ് പ്രസിഡന്റ് ദിവാകർ ഗുപ്ത സ്ഥാനമൊഴിയുമ്പോൾ ലവാസ സ്ഥാനമേൽക്കും.

1973ല്‍ ഇത്തരത്തില്‍ ഇലക്ഷന്‍ കമ്മീഷ്ണറായിരുന്ന നാഗേന്ദര്‍ സിംഗ്. അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ന്യായധിപനായി നിയമിതനായതിനെ തുടര്‍ന്ന് ഇലക്ഷന്‍ കമ്മീഷന്‍ വിട്ടിരുന്നു. ഇതിന് ശേഷം ആദ്യത്തെ സംഭവമാണ്  അശോക് ലവാസയുടെ എഡിബി നിയമനം. 

2019 ലോക്സഭ തെരഞ്ഞെടുപ്പ് സമയത്ത് വിവാദ പ്രസംഗങ്ങളുടെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, അന്നത്തെ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷാ എന്നിവര്‍ക്ക് ക്ലീന്‍ ചീറ്റ് നല്‍കിയ  തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെ പരസ്യമായി എതിര്‍ത്തയാളാണ്  അശോക് ലവാസ. അതിന് പിന്നാലെ ഇദ്ദേഹത്തിന്‍റെ ഭാര്യയ്ക്കെതിരെ ഐടി ഡിപ്പാര്‍ട്ട്മെന്‍റ് അന്വേഷണം നടന്നത് ഏറെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.