ശ്വസന സംബന്ധിയായ തകരാറുകൾ, ബ്രോങ്കോ പൾമൊണറി ഡിസ്പ്ലാസിയ, വെന്റിലേറ്റർ അസോസിയേറ്റഡ് ന്യൂമോണിയ, സൈറ്റോമെഗാലോ വൈറസ് ഇൻഫക്ഷൻ, റെറ്റിനോപതി, അനീമിയ എന്നിങ്ങനെ നിരവധി രോഗങ്ങളെ അതിജീവിച്ചാണ് നവജാത ശിശു ഒടുവിൽ ആശുപത്രി വാസം അവസാനിപ്പിക്കുന്നത്.
മുംബൈ: ജനിച്ചപ്പോൾ ഒരു ആപ്പിളിന്റെ ഭാരം മാത്രം. 124 ദിവസം എൻഐസിയുവിൽ കഴിഞ്ഞതിന് ശേഷം പുറത്തേക്ക് ആ പെൺകുഞ്ഞ്. അത്ഭുതം എന്നല്ലാതെ മറ്റൊന്നും വിശേഷിപ്പിക്കാനില്ലെന്നാണ് 350 ഗ്രാം ഭാരവുമായി പിറന്ന പെൺകുഞ്ഞിന്റെ അതിജീവനത്തെ ഡോക്ടർമാർ വിശേഷിപ്പിക്കുന്നത്. മുംബൈയിലെ മലാഡ് സ്വദേശികളായ ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞ് ആശുപത്രി വിടുന്നത് രാജ്യത്ത് ഏറ്റവും കുറഞ്ഞ ഭാരത്തോടെ പിറന്ന കുഞ്ഞെന്ന വിശേഷണത്തോടെയാണ്. മലാഡ് സ്വദേശികളായ സാഹ്നി ദമ്പതികൾക്ക് ആദ്യത്തെ കുഞ്ഞ് ജനിക്കുന്നത് 25ാം ആഴ്ചയിലാണ്. നിലവിൽ നാലുവയസുള്ള സഹോദരൻ ജനിച്ചത് 550 ഗ്രാം ഭാരത്തോടെയായിരുന്നു. 25ാം ആഴ്ച തന്നെ ജനിച്ച പെൺകുഞ്ഞ് ഭാരത്തിന്റെ കാര്യത്തിൽ സഹോദരനേക്കാൾ ഏറെ പിന്നിലായിരുന്നു. ജൂൺ 30ന് വെറും 350 ഗ്രാം ഭാരത്തോടെയാണ് പെൺകുഞ്ഞ് പിറന്നത്. മുതിർന്ന ഒരാളുടെ കൈ വെള്ളയുടെ വലുപ്പം മാത്രമായിരുന്നു ശിശുവിന് ഉണ്ടായിരുന്നത്. സാന്താ ക്രൂസിലെ സൂര്യ ആശുപത്രിയിലാണ് സാഹ്നി ദമ്പതികളുടെ മകൾ പിറന്നത്.
124 ദിവസത്തിന് ശേഷം ആശുപത്രി വിടുന്നത് 1.8 കിലോ ഭാരത്തോടെ
ഓരോ ദിവസവും യുദ്ധമെന്ന് തോന്നിക്കുന്ന രീതിയിലുള്ള നാല് മാസം നീണ്ട ചികിത്സയ്ക്ക് ശേഷമാണ് പെൺകുട്ടി ആശുപത്രി വിടുന്നത്. ജനിച്ചതിന് തൊട്ട് പിന്നാലെ തന്നെ കുട്ടിയെ ഡോക്ടർമാർ കുഞ്ഞിനെ ഇൻകുബേറ്ററിലാക്കുകയായിരുന്നു. ശ്വാസകോശത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനുള്ള ചികിത്സ ജനിച്ച് 10 മിനിറ്റിനുള്ളിൽ തന്നെ ആരംഭിച്ചു. പൂർണ വളർച്ചയെത്താതെ പ്രസവിക്കുന്ന നവജാത ശിശുക്കളിൽ 60 ശതമാനം പേരെയും ചികിത്സകളിലൂടെ രക്ഷിക്കാൻ സാധിക്കുമെന്ന് ഡോക്ടർമാർ വിശദമാക്കുമ്പോഴും ഈ കേസ് വ്യത്യസ്തമായിരുന്നുവെന്നാണ് ഡോക്ടർമാർ പ്രതികരിക്കുന്നത്. 350 ഗ്രാമുള്ള കുഞ്ഞിനെ നാനോ പ്രീമീ എന്നാണ് ഡോക്ടർമാർ വിശേഷിപ്പിക്കുന്നത്. ശ്വസന സംബന്ധിയായ തകരാറുകൾ, ബ്രോങ്കോ പൾമൊണറി ഡിസ്പ്ലാസിയ, വെന്റിലേറ്റർ അസോസിയേറ്റഡ് ന്യൂമോണിയ, സൈറ്റോമെഗാലോ വൈറസ് ഇൻഫക്ഷൻ, റെറ്റിനോപതി, അനീമിയ എന്നിങ്ങനെ നിരവധി രോഗങ്ങളെ അതിജീവിച്ചാണ് നവജാത ശിശു ഒടുവിൽ ആശുപത്രി വാസം അവസാനിപ്പിക്കുന്നത്.
എൻഐസിയു ഗർഭപാത്രമായതോടെ ഇൻസുലിൻ ട്രാൻസ്ഫ്യൂഷൻ, പൊട്ടാസ്യം ലെവൽ മാനേജ്മെന്റ്, ബോൺ മിനറലുകൾ കുറഞ്ഞ് പോവുക അടക്കമുള്ള വെല്ലുവിളികളും ഈ കുഞ്ഞ് തരണം ചെയ്തിട്ടുണ്ട്. അഡ്വാൻസ്ഡ് വെന്റിലേഷനിലായിരുന്നു ഏറെക്കാലവും കഴിഞ്ഞത്. രാജ്യത്ത് പൂർണ വളർച്ചയെത്താതെ പിറന്ന ശേഷം അതിജീവിക്കുന്ന നവജാത ശിശുക്കളിൽ ഏറ്റവും വലുപ്പം കുറഞ്ഞയാളാണ് ഈ പെൺകുട്ടിയെന്നാണ് ആശുപത്രി അധികൃതർ വിശദമാക്കുന്നത്. ആശുപത്രി വിടുന്ന സമയത്ത് 1.8 കിലോ ഭാരവും 41.5 സെന്റി മീറ്റർ നീളവും തലയുടെ വലുപ്പം 29 സെന്റിമീറ്ററുമുണ്ട്. പിറന്ന് വീണതിനേക്കാൾ അഞ്ച് മടങ്ങ് ഭാരമാണ് കുഞ്ഞിന് 124 ദിവസം നീണ്ട ചികിത്സാ കാലയളവിൽ കൂടിയത്. തലച്ചോറിന്റെ വളർച്ചയിൽ സമ പ്രായക്കാരുടേതിന് സമാനമാണ് കുട്ടിയെന്നും ഡോക്ടർമാർ വിലയിരുത്തിയത്.


