ദില്ലി: ഉത്തര്‍പ്രദേശിലെ ഹാഥ്‌റസില്‍ പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനിക്കെതിരെ മഹിളാ കോണ്‍ഗ്രസ് രംഗത്ത്. വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിയാണ് സ്മൃതി ഇറാനി എന്നുപറയുന്നതില്‍ നാണക്കേടാണ്. ഉത്തര്‍പ്രദേശ് വിഷയത്തില്‍ അവര്‍ നിശ്ശബ്ദയാണ്. നാടകറാണിയാണ് അവര്‍.  അവര്‍ക്ക് യാതൊരു യാതൊരു കുറ്റബോധമോ ആത്മാര്‍ഥതയോ ഇല്ല. രാജ്യം കണ്ട ഏറ്റവും മോശം മന്ത്രിയാണ് സ്മൃതി ഇറാനി-ഓള്‍ ഇന്ത്യ മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റ് സുസ്മിത ദേവ് പറഞ്ഞു.

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ഥാനം രാജിവെക്കണമെന്നും മഹിളാ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഉത്തര്‍പ്രദേശിലെ അമേത്തിയില്‍ നിന്നാണ് സ്മൃതി ഇറാനി എംപിയായി തെരഞ്ഞെടുക്കപ്പെട്ടത്. കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയും യോഗി ആദിത്യനാഥിനെതിരെ രംഗത്തെത്തിയിരുന്നു. യോഗിക്ക് മുഖ്യമന്ത്രി സ്ഥാനത്തിരിക്കാന്‍ യോഗ്യതയില്ലെന്നും രാജിവെക്കണമെന്നുമാണ് പ്രിയങ്ക ആവശ്യപ്പെട്ടു. 

സെപ്റ്റംബര്‍ 14നാണ് ഹാഥ്‌റസില്‍ 19കാരിയായ ദലിത് യുവതി ബലാത്സംഗത്തിനിരയായത്. നാക്ക് മുറിച്ചെടുത്ത്, നട്ടെല്ലിന് ഗുരുതര പരിക്കേറ്റ നിലയിലായിരുന്നു പെണ്‍കുട്ടി. ദില്ലിയില്‍ ചികിത്സയിലാരിക്കെയാണ് പെണ്‍കുട്ടി മരിച്ചത്. സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിരുന്നു. ഡിജിപി, ചീഫ് സെക്രട്ടറി എന്നിവരോടാണ് വിശദീകരണം തേടിയത്.