അപകടത്തിൽ പൈലറ്റും കോപൈലറ്റും ഉൾപ്പെടെ ആറ് പേർക്ക് ഗുരുതരമായി പരിക്കേറ്റു. എയർ ക്രാഫ്റ്റ് ആക്സിഡന്‍റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
റൂർക്കല: ഒഡിഷയിലെ റൂർക്കലയിൽ ചെറുവിമാനം തകർന്നുവീണു. വിമാനത്തിൽ ഉണ്ടായിരുന്ന നാല് യാത്രക്കാർക്കും പൈലറ്റിനും കോപൈലറ്റിനും അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. ഉച്ചയ്ക്ക് 12:30 ഓടെ ഭുവനേശ്വറിൽ നിന്ന് റൂർക്കലയിലേക്ക് പുറപ്പെട്ട വിമാനമാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം നഷ്ടമായ വിമാനം മരത്തിൽ ഇടിച്ച ശേഷം ഒരു പാടത്തേക്ക് ഇടിച്ചിറങ്ങുകയായിരുന്നു.
ഉടൻ തന്നെ അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ ഉടൻ തന്നെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.9 സീറ്റർ പ്രൈവറ്റ് വിമാനമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തെക്കുറിച്ച് എയർ ക്രാഫ്റ്റ് ആക്സിഡന്‍റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ അന്വേഷണം നടത്തുമെന്ന് അറിയിച്ചു. അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
"റൂർക്കലയിൽ നിന്ന് ഭുവനേശ്വറിലേക്ക് ആറ് യാത്രക്കാരുമായി പോയ എ-1 ഒൻപത് സീറ്റുള്ള സ്വകാര്യ വിമാനം അപകടത്തിൽപ്പെട്ടു. യാത്രക്കാർക്ക് പരിക്കേറ്റെങ്കിലും സുരക്ഷിതരാണ്. റൂർക്കലയിൽ നിന്ന് 10 കിലോമീറ്റർ അകലെയുള്ള ജൽഡയിലാണ് അപകടം സംഭവിച്ചത്. ദൈവകൃപയാൽ വലിയ അപകടമല്ല ഉണ്ടായത്"- ഒഡിഷ വാണിജ്യ, ഗതാഗത മന്ത്രി ബി ബി ജെന പറഞ്ഞു. സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറലിനെ സ്ഥിതിഗതികൾ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഭുവനേശ്വറിൽ നിന്ന് റൂർക്കലയിലേക്ക് പോവുകയായിരുന്നു വിമാനം. റൂർക്കലയിൽ എത്തുന്നതിന് 10 കിലോമീറ്റർ മുൻപ് ക്രാഷ് ലാൻഡിംഗാണ് സംഭവിച്ചത്. ഇന്ത്യവൺ എയർ വിമാനമാണ് അപകടത്തിൽപ്പെട്ടതെന്ന് ബിജു പട്നായിക് അന്താരാഷ്ട്ര വിമാനത്താവള ഡയറക്ടർ പ്രസന്ന പ്രധാൻ പറഞ്ഞു.



