ദില്ലി: കർഷകർക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി മാത്രമാണ് എന്തെങ്കിലും ചെയ്‍തതെന്ന് കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി. നിയമം ഉണ്ടാക്കിയത്  കർഷകനല്ലെന്ന് വിമർശിക്കുന്നവർ  കർഷകരാണോ എന്നും സ്‍മൃതി ഇറാനി ചോദിച്ചു. കാർഷികനിയമങ്ങളെ ശക്തമായി ന്യായീകരിച്ച് വീണ്ടും പ്രധാമന്ത്രി തന്നെ രംഗത്തെത്തി.  

തലകുനിച്ച്, കൈകൂപ്പി കർഷകരുടെ ഏതു വിഷയവും കേൾക്കാൻ തയ്യാറെന്ന് പറഞ്ഞ മോദി ചർച്ചയ്ക്കുള്ള ക്ഷണം ആവർത്തിച്ചു. താങ്ങുവിലയിലും കടാശ്വാസത്തിലും കർഷകരെ പറഞ്ഞു പറ്റിച്ച പ്രതിപക്ഷം ആസൂത്രിത കള്ളപ്രചാരണം നടത്തുന്നു. താങ്ങുവിലയും പൊതുചന്തയും ഒരു കാരണവശാലും ഇല്ലാതാകില്ലെന്നും പ്രധാനമന്ത്രി ഉറപ്പ് നല്‍കി.

പ്രശ്നപരിഹാരമാകുന്നത് വരെ നിയമം നടപ്പാക്കുന്നത് മാറ്റിവയ്ക്കാമോ എന്ന് സുപ്രീംകോടതി ചോദിച്ചതിനു പിന്നാലെയാണ് മോദി എതിർപ്പ് രാഷ്ട്രീയമായി നേരിടും എന്ന് പ്രഖ്യാപിക്കുന്നത്. നിയമങ്ങളെ പ്രധാനമന്ത്രി ന്യായീകരിച്ചത് നിരാശാജനകം എന്ന് കർഷകസംഘടനകൾ പ്രതികരിച്ചു. സമരം ഒത്തുതീർപ്പാക്കാനുള്ള സുപ്രീംകോടതി നിർദ്ദേശത്തിൽ പ്രശാന്ത് ഭൂഷൺ ഉൾപ്പടെയുള്ള അഭിഭാഷകരുമായി സംഘടനകളുടെ ആശയവിനിമയം തുടരുകയാണ്.