ലക്നൗ: 70 ലക്ഷം രൂപ വാര്‍ഷിക വരുമാനം ഉള്ള പലഹാരക്കച്ചവടക്കാരന്‍ നികുതി അടയ്ക്കാതെ കബളിപ്പിച്ചതായി ആദായ നികുതി വകുപ്പിന്‍റെ കണ്ടെത്തല്‍. ഉത്തര്‍പ്രദേശിലെ പ്രശസ്ത പലഹാരമായ കചോരി വില്‍ക്കുന്ന കടയുടെ ഉടമയായ മുകേഷ് കുമാര്‍ എന്നയാള്‍ക്കാണ് 60 മുതല്‍ 70 ലക്ഷം വരെ വാര്‍ഷിക വരുമാനം ഉള്ളത്. എന്നാള്‍ ഇയാള്‍ ഇതുവരെ നികുതി അടച്ചിട്ടില്ല.

കൊമേഴ്സ്യല്‍ ടാക്സ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ പ്രത്യേക അന്വേഷണ വിഭാഗം നടത്തിയ പരിശോധനയിലാണ് മുകേഷ് കുമാറിന് കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കളുണ്ടെന്ന് കണ്ടെത്തിയത്. എന്നാല്‍ ഇയാള്‍ ഇതുവരെ ജി എസ് ടി രജിസ്റ്റര്‍ ചെയ്യുകയോ നികുതി അടയ്ക്കുകയോ ചെയ്തിട്ടില്ല. 

ഏകദേശം 12 വര്‍ഷത്തോളമായി അലിഗഢില്‍ കട നടത്തുന്ന മുകേഷ് കുമാര്‍ ഇക്കാലയളവില്‍ തന്നെ ആളുകള്‍ക്കിടയില്‍ സല്‍പ്പേര് സ്വന്തമാക്കിയിരുന്നു. ഇയാളുടെ കടയില്‍ എല്ലാ ദിവസവും നല്ല തിരക്കാണെന്നും മികച്ച വില്‍പ്പനയാണ് നടക്കുന്നതെന്നും അന്വേഷണ വിഭാഗം പറഞ്ഞു. ഇയാളുടെ വാര്‍ഷിക വരുമാനം ചിലപ്പോള്‍ 1 കോടി വരെ എത്താറുണ്ടെന്നും അന്വേഷണ സംഘം പറഞ്ഞു. 

ഏപ്രില്‍ ഒന്ന് മുതല്‍ 40 ലക്ഷം രൂപയ്ക്ക് മുകളില്‍ വാര്‍ഷിക വരുമാനം ഉള്ള വ്യവസായികള്‍ ജി എസ് ടി രജിസ്റ്റര്‍ ചെയ്യണമെന്നത് നിര്‍ബന്ധമാക്കിയിരുന്നു. ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചതോടെ ജി എസ് ടി രജിസ്റ്റര്‍ ചെയ്യാമെന്ന് ഇയാള്‍ സമ്മതിച്ചതായാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്.