ഹൈദരാബാദ്: നിങ്ങള്‍ വളര്‍ത്തിയ പാമ്പുകള്‍ നിങ്ങളെ തിരിഞ്ഞുകൊത്തുമെന്ന് പ്രധാനമന്ത്രിയ്ക്ക് മുന്നറിയിപ്പ് നല്‍കി അസദ്ദുദീന്‍ ഒവൈസി. രാജ്യ തലസ്ഥാനത്ത് നടക്കുന്ന സംഘര്‍ഷത്തിന് മുന്‍ ദില്ലി എംഎല്‍എയാണ് ഉത്തരവാദിയെന്ന് ഐവൈസി പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കും എന്‍ആര്‍സിക്കും എതിരായ പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഒവൈസി. 

നിങ്ങള്‍ പിന്നാമ്പുറത്ത് വളര്‍ത്തുന്ന പാമ്പുകള്‍ നിങ്ങളെ തന്നെ തിരിഞ്ഞുകൊത്തുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് പറയാനുള്ളത്. ഈ കലാപാന്തരീക്ഷത്തിന് കാരണം മുന്‍ എംഎല്‍എയായ ബിജെപി നേതാവാണ്. ഇപ്പോള്‍ സംഭവത്തില്‍ പൊലീസിന്‍റെ പങ്കും തെളിഞ്ഞു. മുന്‍ എംഎല്‍എയെ ഉടനടി അറസ്റ്റ് ചെയ്യണമെന്നും അസദ്ദുദീന്‍ ഒവൈസി പറഞ്ഞു. അക്രമം നിയന്ത്രണത്തിലാക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും ഒവൈസി ആവശ്യപ്പെട്ടു. 

ജാഫ്രാബാദിനടുത്തുള്ള മൗജ്പൂരില്‍ നടത്തിയ പൗരത്വഭേദഗതി അനുകൂല പരിപാടിയില്‍ വെച്ച് പ്രതിഷേധക്കാരെ റോഡില്‍ നിന്നും ഒഴിപ്പിച്ചില്ലെങ്കില്‍ തങ്ങള്‍ തെരുവില്‍ ഇറങ്ങുമെന്ന് ബിജെപി നേതാവ് കപില്‍ മിശ്ര ഭീഷണി മുഴക്കിയിരുന്നു. മൂന്ന് ദിവസത്തെ സമയം ഞങ്ങള്‍ തരുന്നു. അതിനുള്ളില്‍ ജാഫ്രാബാദിലെയും ചന്ദ്ബാഗിലെയും റോഡുകള്‍ ഒഴിപ്പിച്ചിരിക്കണം. അതിനു ശേഷം ഞങ്ങളെ പറഞ്ഞു മനസ്സിലാക്കിക്കാന്‍ വന്നേക്കരുത്. ഞങ്ങള്‍ നിങ്ങളെ കേള്‍ക്കാന്‍ നിന്നുതരില്ലെന്നായിരുന്നു കപില്‍ മിശ്ര പറഞ്ഞത്.