Asianet News MalayalamAsianet News Malayalam

സ്‌നിപ്പര്‍മാര്‍, ഷാര്‍പ് ഷൂട്ടര്‍മാര്‍, ഡ്രോണുകള്‍; കശ്മീരിലെത്തിയ അമിത് ഷാക്ക് വന്‍സുരക്ഷ

ശ്രീനഗറില്‍ അമിത് ഷാ ക്യാമ്പ് ചെയ്യുന്ന ഗുപ്കര്‍ റോഡിലെ രാജ്ഭവന് 20 കിലോമീറ്റര്‍ ചുറ്റളവിലാണ് സര്‍വ സുരക്ഷാ സന്നാഹമൊരുക്കിയിരിക്കുന്നത്. ഡ്രോണുകളും സിആര്‍പിഎഫ് ബോട്ടുകളും വാഹനങ്ങളും നിരീക്ഷണം ആരംഭിച്ചു. ശ്രീനഗറിന് മുകളില്‍ നിരീക്ഷണ ക്യാമറകളുമായി ഡ്രോണുകള്‍ പറക്കുകയാണ്.
 

Snipers Drones Sharpshooters Deployed As Amit Shah Visits Jammu Kashmir
Author
New Delhi, First Published Oct 23, 2021, 12:36 PM IST

ദില്ലി: ജമ്മു കശ്മീര്‍ (Jammu Kashmir)  സന്ദര്‍ശനത്തിനെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി (Union Home Minister) അമിത് ഷാക്ക് (Amit shah)  വന്‍സുരക്ഷാ സന്നാഹം. സമീപ ദിവസങ്ങളില്‍ സിവിലിയന്മാര്‍ക്കും സുരക്ഷാ സൈനികര്‍ക്കും തുടര്‍ച്ചയായി ഭീകരാക്രമണം (Terror attack) നടന്ന പശ്ചാത്തലത്തിലാണ് വന്‍ സുരക്ഷയൊരുക്കുന്നത്. തുടര്‍ച്ചയായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സുരക്ഷാ സംവിധാനങ്ങള്‍ വിലയിരുത്താനാണ് അമിത് ഷാ ജമ്മു കശ്മീരില്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനം നടത്തുന്നത്.

2019 ഓഗസ്റ്റ് അഞ്ചിന് ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന 370ാം വകുപ്പ് റദ്ദാക്കിയതിന് ശേഷം ആദ്യമായാണ് അമിത് ഷാ കശ്മീര്‍ സന്ദര്‍ശിക്കുന്നത്. ശനിയാഴ്ച എത്തിയ അമിത് ഷായെ ജമ്മു കശ്മീര്‍ ലെഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ വിമാനത്താവളത്തില്‍ സ്വീകരിച്ചു. 

ശ്രീനഗറില്‍ അമിത് ഷാ ക്യാമ്പ് ചെയ്യുന്ന ഗുപ്കര്‍ റോഡിലെ രാജ്ഭവന് 20 കിലോമീറ്റര്‍ ചുറ്റളവിലാണ് സര്‍വ സുരക്ഷാ സന്നാഹമൊരുക്കിയിരിക്കുന്നത്. ഡ്രോണുകളും സിആര്‍പിഎഫ് ബോട്ടുകളും വാഹനങ്ങളും നിരീക്ഷണം ആരംഭിച്ചു. ശ്രീനഗറിന് മുകളില്‍ നിരീക്ഷണ ക്യാമറകളുമായി ഡ്രോണുകള്‍ പറക്കുകയാണ്. തന്ത്രപ്രധാന സ്ഥലങ്ങളിലെല്ലാം സ്‌നിപ്പര്‍മാരെയും ഷാര്‍പ്പ് ഷൂട്ടര്‍മാരെയും നിയോഗിച്ചു.

ദാല്‍ തടാകത്തിലും ഝലം നദിയിലും ലാല്‍ചൗക്ക് പ്രദേശത്തും കര്‍ശന നിരീക്ഷണമാണ് നടത്തുന്നത്. വാഹനങ്ങള്‍ പരിശോധിച്ച് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ കടത്തിവിടുന്നുള്ളൂ. അമിത് ഷായുടെ സുരക്ഷക്കായി ദില്ലിയില്‍ നിന്ന് 10 കമ്പനി സിആര്‍പിഎഫിജവാന്മാരെയും 10 കമ്പനി സിആര്‍പിഎഫ് സംഘത്തെയുമാണ് നിയോഗിച്ചിരിക്കുന്നത്. 

സന്ദര്‍ശനത്തിന്റെ ഒന്നാം ദിനം ശ്രീനഗറില്‍ നിന്ന് ഷാര്‍ജയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് അമിത് ഷാ ഫ്‌ലാഗ് ഓഫ് ചെയ്യും. ഭീകരാക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിക്കാനും പദ്ധതിയുണ്ട്. 11 പേരാണ് സമീപ ദിവസങ്ങളിലെ ഭീകരാക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. ഇന്ന് ജമ്മുവിലെ പൊതുറാലിയെ അഭിസംബോധന ചെയ്യും. സുരക്ഷാ ഉന്നത ഉദ്യോഗസ്ഥരുമായും ഗ്രാമത്തലവന്മാരുമായും കൂടിക്കാഴ്ച നടത്താനും തീരുമാനിച്ചിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios