പൊതുജനങ്ങൾക്കിടയിൽ സംവാദങ്ങൾ പരിപോഷിപ്പിക്കുന്ന കാര്യത്തിൽ ബിഗ് ടെക് കമ്പനികളും സോഷ്യൽ മീഡിയാ സ്ഥാപനങ്ങളും വഹിക്കുന്ന പങ്ക് കഴിഞ്ഞ കുറേ ആഴ്ചകളായി ആഗോള തലത്തിൽ തന്നെ ചർച്ചാവിഷയമായിരിക്കുകയാണ്. ഇന്ത്യാ ഗവണ്മെന്റിന്റെ പുതിയ ഐടി നിയമങ്ങൾ നിലവിൽ വന്നതോടെ നമ്മുടെ നാട്ടിലും ഈ വിഷയം വളരെ പ്രാധാന്യമുള്ള ഒന്നായി മാറിക്കഴിഞ്ഞു. അമേരിക്ക, സിംഗപ്പൂർ, ഓസ്‌ട്രേലിയ, ഫ്രാൻസ്, ബ്രസീൽ എന്നിങ്ങനെ പല രാജ്യങ്ങളിലെയും ആഭ്യന്തര നയങ്ങൾക്ക് രൂപം നൽകുന്ന അധികാരികളെ ഇരുത്തിച്ചിന്തിപ്പിക്കുന്ന ഒന്നായിട്ടുണ്ട് ഇപ്പോൾ ഈ വിഷയം. 

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ട്വിറ്ററും ഫേസ്ബുക്കും തങ്ങളുടെ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് വിലക്കിയതിനോടുള്ള ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിന്റെ പ്രതികരണം, ഈ വിഷയത്തിന്റെ സാരാംശം പ്രതിഫലിക്കുന്ന ഒന്നാണ്. " നിർണായകമായ കാര്യങ്ങളിലെ സുപ്രധാന തീരുമാനങ്ങൾ ഒരു സ്വകാര്യ കമ്പനി, ഒരു സോഷ്യൽ നെറ്റ്‌വർക്ക് കമ്പനി തീരുമാനിക്കുന്ന ഒരു ജനാധിപത്യത്തിൽ ജീവിക്കാൻ എനിക്ക് താത്പര്യമില്ല. പൊതുജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടുന്ന നിയമനിർമ്മാതാക്കൾ ചേർന്ന്, ജനാധിപത്യപരമായി ചർച്ച ചെയ്ത്, അംഗീകരിച്ച്, നിശ്ചയിക്കപ്പെടുന്നു രാജ്യത്തെ നിയമങ്ങൾക്ക് അനുസൃതമായി വേണം അതൊക്കെ തീരുമാനിക്കപ്പെടാൻ എന്നാണ് എന്റെ അഭിപ്രായം. " എന്നാണ് ഇതേപ്പറ്റി മാക്രോൺ പറഞ്ഞത്. 

 

എന്നാൽ, ഇക്കാര്യത്തിൽ സ്വകാര്യ സോഷ്യൽ മീഡിയ കമ്പനികളുടെ വാദം, 'രാജ്യത്തെ ജനങ്ങൾക്ക് ഒരു വിധത്തിലുള്ള രാഷ്ട്രീയ, സെൻസർഷിപ്പ് ഭീതികൾ കൂടാതെ തങ്ങളുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുള്ള ഒരു മാധ്യസ്ഥം മാത്രമാണ് തങ്ങൾ വഹിക്കുന്നത് എന്നാണ്."  അതുകൊണ്ട് ഈ കമ്പനികൾ പ്രസ്തുത യാഥാർഥ്യത്തെ തിരിച്ചറിയുന്നുണ്ട് എന്നുറപ്പിക്കാൻവേണ്ടി കൃത്യമായ ചില നിർദേശങ്ങൾ അവരുടെ അറിവിലേക്കായി പുറപ്പെടുവിക്കേണ്ടത് അത്യാവശ്യമാണ്. 

സോഷ്യൽ മീഡിയ യുഗത്തിന്റെ ആരംഭത്തിൽ പല കമ്പനികൾക്കും ഇന്ത്യയടക്കമുള്ള പല രാജ്യങ്ങളിലും ഗവണ്മെന്റുകളുടെ ഭാഗത്തുനിന്ന് കാര്യമായ യാതൊരു നിയന്ത്രണങ്ങളും നേരിടേണ്ടി വന്നിട്ടില്ല. എന്നാൽ, ഈ കമ്പനികൾ തന്നെയും വളർന്നു വരുന്ന മുറയ്‌ക്കാണ്‌ തങ്ങളുടെ അവരുടെ പല നയങ്ങളും തീരുമാനിച്ചുറപ്പിച്ച് നടപ്പിലാക്കുന്നതും, കമ്യൂണിറ്റി ഗൈഡ് ലൈനുകളും മറ്റും നിഷ്കർഷയോടെ പിന്തുടരാൻ തുടങ്ങുന്നതും. കഴിഞ്ഞ പത്തുപതിനഞ്ചു വർഷം കൊണ്ട്, ഈ സ്ഥാപനങ്ങൾ തങ്ങൾ കേവലം മധ്യസ്ഥർ മാത്രമാണ് എന്ന പല്ലവി ആവർത്തിച്ചുകൊണ്ടിരിക്കുമ്പോഴും, അവർ അതിനുമൊക്കെ അപ്പുറത്തേക്ക് വളർന്നു കഴിഞ്ഞു എന്ന വസ്തുത നിലനിൽക്കുന്നുണ്ട്. ഇന്ന് ആഗോള തലത്തിൽ തന്നെ ചർച്ചയ്ക്കുള്ള പ്രധാന മാധ്യമമായി സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകൾ മാറിയിട്ടുണ്ട് എന്ന് മനസ്സിലാക്കാൻ വേണ്ടി ചില സവിശേഷ സാഹചര്യത്തെക്കുറിച്ച് വിശകലനം ചെയ്യാം. 

സോഷ്യൽ മീഡിയ പോസ്റ്റുകൾ പിൻവലിക്കുന്നത്

ലോക രാഷ്ട്രങ്ങളിൽ എല്ലാറ്റിലും ഏതുതരം അഭിപ്രായസ്വാതന്ത്ര്യമാണ് വേണ്ടതെന്ന് തീരുമാനിക്കേണ്ടത് ഏതെങ്കിലുമൊരു സ്വകാര്യ കമ്പനിയാണോ? ഒരു രാജ്യത്ത് നിലവിലുള്ള സാംസ്‌കാരിക മാനദണ്ഡങ്ങൾ അതുപോലെ മറ്റൊരു രാജ്യത്തേക്ക് ഇറക്കുമതി ചെയ്യണമെന്നുള്ള വാശി നല്ലതിനാണോ? ഏതെങ്കിലുമൊരു സോഷ്യൽ മീഡിയ പോസ്റ്റ് വിവാദമായാൽ അതേപ്പറ്റി അന്വേഷണം നടത്താൻ ചുമതലപ്പെട്ടവർ ആരാണ്? പ്രസ്തുത തർക്കത്തിൽ യുക്തമായ ഒരു തീരുമാനം കൈക്കൊള്ളാനുള്ള അധികാരം ആർക്കായിരിക്കണം ? ഇതുമായി ബന്ധപ്പെട്ട സമാനമായ എല്ലാ വിഷയങ്ങളിലും തീരുമാനമെടുക്കുന്നത് ഈ സ്വകാര്യ കമ്പനിയുടെ മുഖമില്ലാത്ത ഏതെങ്കിലും എക്സിക്യൂട്ടീവുകൾ ആണെന്ന് വരികിൽ അവിടെ സ്വാഭാവിക നീതിയുടെ പരിപാലനം എങ്ങനെ ഉറപ്പിക്കാനാവും? ഈ വിഷയങ്ങളിൽ നീതി നടപ്പിൽ വന്നില്ല എന്നാക്ഷേപമുണ്ടാവുമ്പോൾ ചെന്ന് പരാതി ബോധിപ്പിക്കാവുന്ന മേലധികാരി ആരാണ്? വീണ്ടും അതേ മുഖമില്ലാത്ത കമ്പനി എക്സിക്യൂട്ടീവുകളെ തന്നെ സമീപിക്കണം എന്നാണ് നയമെങ്കിൽ അത് എത്രമാത്രം സുതാര്യമാണ്? ഈ സാഹചര്യത്തിൽ എവിടെയാണ് അധികാരത്തിന്റെ വിഭജനം ഉറപ്പാക്കപ്പെടുന്നത്?

ഇതൊക്കെയും കേവലം താത്വികമായ ചോദ്യങ്ങളല്ല, അവയ്ക്ക് വളരെ ഗുരുതരമായ പ്രായോഗിക പരിണിത ഫലങ്ങളുമുണ്ട് എന്ന് ഇതിനകം നിരവധി ഉദാഹരണങ്ങളിലൂടെ നമുക്ക് ബോധ്യപ്പെട്ടിട്ടുള്ളതാണ്. മേൽപ്പറഞ്ഞ സാഹചര്യത്തോട് ഈ സ്വകാര്യ കമ്പനികളിൽ ജോലി ചെയുന്ന എക്സിക്യൂട്ടീവുകളുടെ രാഷ്ട്രീയ ചായ്‌വ് കൂടി ചേരുമ്പോൾ, അത് ചില പ്രത്യേക വീക്ഷണങ്ങളെ തച്ചുതകർക്കാൻ വേണ്ടി പരമാധികാരം ദുരുപയോഗം ചെയ്യപ്പെടുന്ന തികച്ചും അനഭിലഷണീയമായ ഒരു സാഹചര്യത്തിലേക്കാണ് കാര്യങ്ങളെ നയിക്കുക. 

അധികാരപരിധികൾ ദേശീയമോ, അന്തർ ദേശീയമോ?

ട്വിറ്റർ ഇന്ത്യയുമായി ബന്ധപ്പെട്ട ഒരു കേസാണ് അടുത്തിടെ ചർച്ചയ്ക്കുവന്ന ഒന്ന്. 2021 മെയ് 25 മുതൽ നിലവിൽ വന്ന പുതിയ ഐടി നിയമങ്ങൾക്കു ശേഷം, ഇന്ത്യയിൽ നിന്നുള്ള ഒരു പരാതി പരിഹാര സെൽ ഓഫീസറെ നിയമിക്കാൻ ട്വിറ്റർ ബാധ്യസ്ഥമായിരിക്കുകയാണ്. അതുപോലെ ഒരു ചീഫ് കംപ്ലയൻസ് ഓഫീസറെയും, നോഡൽ ഓഫീസറെയും നിയമിക്കാനും ട്വിറ്റർ നിർബന്ധിതമായിരിക്കുന്ന സാഹചര്യമാണ്. രാജ്യത്ത് പ്രവർത്തിക്കുന്ന മറ്റെല്ലാ സ്വകാര്യ സോഷ്യൽ മീഡിയ കമ്പനികളും ഇതിനോടകം അനുസരിച്ചിട്ടുള്ള ഈ പുതിയ ചട്ടങ്ങളോട് ഇതുവരെ മുഖം തിരിച്ചു നിൽക്കുന്നത് ട്വിറ്റർ മാത്രമാണ്. 

 

ട്വിറ്റർ എന്ന പ്ലാറ്റ്ഫോമിൽ പ്രത്യക്ഷപ്പെടുന്ന ഏതെങ്കിലുമൊരു അസഭ്യ ട്വീറ്റിനെതിരെയോ, അല്ലെങ്കിൽ അതിലൂടെ നടത്തപ്പെടുന്ന എന്തെങ്കിലും തരത്തിലുള്ള ശല്യം ചെയ്യലിനെതിരെയോ ഏതെങ്കിലുമൊരു ഉപഭോക്താവിന് പരാതിയുണ്ടെങ്കിൽ, അവ ട്വിറ്ററിന്റെ തന്നെ മുഖമില്ലാത്ത ഏതെങ്കിലുമൊരു എക്സിക്യൂട്ടീവിന്റെ അടുക്കൽ ബോധിപ്പിക്കണം എന്നതാണ് നിലവിലെ അവസ്ഥ. ഈ എക്സിക്യൂട്ടീവുകൾ പ്രവർത്തിക്കുന്നത് തികച്ചും അതാര്യമായ കമ്പനി നയങ്ങളുടെ പിന്നിൽ മറഞ്ഞു നിന്നുകൊണ്ടാണ് എന്നതും, ഈ നയങ്ങൾ പോലും അവരുടെ മനോധർമ്മത്തിന് അനുസരിച്ചു മാത്രമാണ് അവർ നടപ്പിലാക്കുന്നത് എന്നതും, ഇവർ രാജ്യത്തിന്റെ, അല്ലെങ്കിൽ ലോകത്തിന്റെ ഏത് കോണിൽ ഒളിച്ചിരുന്നാണ് നമ്മളോട് ഈ നയങ്ങളെക്കുറിച്ചൊക്കെ സംസാരിക്കുന്നത് എന്നത് പോലും വ്യക്തമല്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്. 

പുതിയ നിയമഭേദഗതികൾ കൊണ്ടുണ്ടാവുന്ന പ്രധാന നേട്ടം ഈ പരാതി പരിഹാര പ്രക്രിയ കൂടുതൽ സുതാര്യമാകും എന്നതാണ്. വളരെ കൃത്യമായി നിർവ്വചിക്കപ്പെട്ടിട്ടുളള വ്യക്തമായ നിയമങ്ങളെ ആധാരമാക്കിയാകും അത് നടപ്പിലാക്കപ്പെടുക. എന്തെങ്കിലും തർക്കമുണ്ടാകുന്ന പക്ഷം,  അതിൽ ഉൾപ്പെട്ടിട്ടുളള കക്ഷികൾക്കെല്ലാം തങ്ങളുടെ ഭാഗം അവതരിപ്പിക്കാനുള്ള ന്യായമായ അവസരം ലഭ്യമാകും. ഒരു തലത്തിൽ നീതി കിട്ടിയില്ല എന്ന ആക്ഷേപം ഉണ്ടാകുന്ന പക്ഷം, അതിന്റെ മുകളിലുള്ള അധികാര കേന്ദ്രത്തിനുമുന്നിൽ പരാതിപ്പെടാനുളള അവസരവും പുതിയ നിയമത്തിന്റെ സംരക്ഷണയിൽ ഉറപ്പാക്കപ്പെടുന്നതാണ്. ട്വിറ്റർ നിലവിൽ പ്രവർത്തിക്കുന്ന നയങ്ങളിൽ മേൽപ്പറഞ്ഞ തരത്തിലുള്ള ഒരു സുതാര്യതയും ഇല്ല എന്നത് ശ്രദ്ധേയമാണ്. ഐടി നിയമത്തിലെ ഭേദഗതി വഴി നടപ്പിലാക്കപ്പെടാൻ പോവുന്ന 'മൾട്ടി ടൈയർ റിഡ്രസൽ മെക്കാനിസം' ഇപ്പോൾ നിലവിലുള്ള ഈ ഒരു കുറവ് പരിഹരിക്കാൻ വേണ്ടിത്തന്നെ വിഭാവനം ചെയ്യപ്പെട്ടിട്ടുള്ള ഒന്നാണ്. 

ഉദാ. ഏതെങ്കിലുമൊരു വ്യക്തിയെ രാജ്യത്തെ ഏതെങ്കിലും ജില്ലയുടെ ചുമതല വഹിക്കുന്ന അധികാരി, പ്രദേശത്ത് അക്രമം അഴിച്ചുവിടാൻ പ്രേരിപ്പിക്കുന്നു എന്ന പേരിൽ രാഷ്ട്രീയ പ്രസംഗങ്ങൾ നടത്തുന്നതിൽ നിന്ന് വിലക്കിയിട്ടുണ്ട് എന്ന് സങ്കല്പിക്കുക. അങ്ങനെ വരുമ്പോൾ, ഈ പ്രസംഗിക്കുന്നതിൽ നിന്ന് വിലക്കേർപ്പെടുത്തപ്പെട്ട വ്യക്തിക്കും, ക്രമസമാധാനപാലനം ഉറപ്പുവരുത്താൻ വേണ്ടി വ്യക്തിയെ വിലക്കിയ അധികാരികൾക്കും ഒരുപോലെ തങ്ങളുടെ പക്ഷം ബോധിപ്പിക്കാനും നീതി നേടാനും സാധിക്കുന്ന ഒരു സുതാര്യമായ നീതിന്യായ സംവിധാനം നമ്മുടെ രാജ്യത്ത് നിലവിലുണ്ട്. ഇനി ഇതിനു സമാനമായ ഒരു കേസ് ട്വിറ്ററിൽ സംഭവിക്കുന്നു എന്ന് കരുതുക. ഏതെങ്കിലും ഒരു വ്യക്തിയുടെ ട്വിറ്റർ ഹാൻഡിലിനെ അവർ എന്നെന്നേക്കുമായി ബാൻ ചെയ്‌തു എന്ന് കരുതുക. ഈ കേസിൽ, ഇങ്ങനെ ഒരു തീരുമാനം കൈക്കൊണ്ടിട്ടുണ്ടാവുക നീതിന്യായത്തിന്റെ നൂലാമാലകൾ പഠിച്ചിട്ടുള്ള നിയമജ്ഞരോ, അല്ലെങ്കിൽ ഉത്തരവാദിത്തപ്പെട്ട ഗവണ്മെന്റ് ഉദ്യോഗസ്ഥരോ ആവില്ല, മാസാവസാനം പോക്കറ്റിൽ വീഴുന്ന ശമ്പളത്തോടു മാത്രം വിധേയത്വമുള്ള ഏതെങ്കിലുമൊരു വ്യക്തി, ട്വിറ്റർ കമ്പനിയുടെ മുഖമില്ലാത്ത ഏതെങ്കിലും ഒരു എക്സിക്യൂട്ടീവ് ആയിരിക്കും. ഈ വ്യക്തിയുടെ രാഷ്ട്രീയ ചായ്‌വ് എന്നതുകൂടി ഈ സാഹചര്യത്തിലേക്ക് ഒന്ന് പരിഗണിച്ചു നോക്കൂ. എത്ര അപകടം നിറഞ്ഞ ഒരു സാഹചര്യമാണത്? അമേരിക്കയിലെ സിലിക്കൺ വാലിയിൽ ഇരിക്കുന്ന ഒരു ഐടി പ്രൊഫഷണൽ ആണോ, ഇവിടെ ഇന്ത്യയിലോ, ഓസ്‌ട്രേലിയയിലോ  അല്ലെങ്കിൽ ഫ്രാൻസിലോ ഒക്കെ കഴിയുന്ന പൗരന്മാർ എന്ത് പറയണം വേണ്ട എന്നൊക്കെ തീരുമാനിക്കേണ്ടത് ?

അപ്പോൾ ഉയരുന്ന മറ്റൊരു പ്രസക്തമായ ചോദ്യം, 'ട്വിറ്ററിന് സമാനമായ വേറെ ഏതെങ്കിലും പ്ലാറ്റ്‌ഫോം ഉപയോഗിച്ചുകൂടെ അതിൽ തന്നെ തുടരണം എന്ന വാശി എന്തിനാണ്, കളഞ്ഞിട്ട് പൊയ്ക്കൂടേ' എന്നാവും. പൊതുജനങ്ങൾ പ്രയോജനപ്പെടുത്തുന്ന സേവനങ്ങൾ എന്ന നിലയ്ക്ക് ഈ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് ലഭ്യമാവുന്ന ചില പ്രത്യേക പരിഗണനകളുണ്ട്. മറ്റുള്ള സ്വകാര്യ കമ്പനികൾക്ക് കിട്ടാത്ത ചില സംരക്ഷണകൾ അവർക്ക് കിട്ടുന്നുണ്ട്. ഒരിക്കൽ, കാര്യമായ തോതിൽ ഉപഭോക്താക്കൾ കടന്നു വന്നുകഴിഞ്ഞാൽ പിന്നെ ഈ സ്വകാര്യ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ സ്വകാര്യ ഇടങ്ങൾ എന്ന് കരുതുക സാധ്യമല്ല. അവ പിന്നെ പൊതു ഇടങ്ങൾ തന്നെയായി പരിണമിക്കും. അവിടങ്ങളിൽ രാജ്യത്തെ മറ്റെല്ലാ പൊതു ഇടങ്ങളിലും നമ്മുടെ പൗരന്മാർക്ക്, ഉപഭോക്താക്കൾക്ക് ലഭ്യമാക്കപ്പെടുന്ന അതേ പൗരാവകാശങ്ങൾ അവിടങ്ങളിലെ ഉറപ്പുവരുത്തപ്പെടേണ്ടതുണ്ട്. 

ദേശസുരക്ഷയും നിയമപാലനവും 

അടുത്തിടെ ഉണ്ടായ ഒരു വിചിത്രമായ കേസ്, വാട്ട്സ്ആപ്പ് എന്ന സോഷ്യൽ മീഡിയ പ്ലേറ്റ് ഫോമുമായി ബന്ധപ്പെട്ടതാണ്. തങ്ങളിലൂടെ പ്രചരിപ്പിക്കപ്പെട്ട ഏതെങ്കിലുമൊരു സന്ദേശം കാരണം എന്തെങ്കിലും സാമുദായിക ലഹള ഉണ്ടാവുകയോ, ദേശസുരക്ഷയെപ്പോലും അപകടത്തിലാക്കും വിധത്തിലുള്ള ഏതെങ്കിലും കുറ്റകൃത്യങ്ങൾ നടക്കുകയോ ഒക്കെ ചെയ്യുന്ന സാഹചര്യത്തിൽ, പ്രസ്തുത സന്ദേശം ആദ്യം അയച്ചത് ആരെന്ന വിവരം നിയമപാലകർക്ക് നൽകാനുള്ള വാട്ട്സ്ആപ്പിനെ വിമുഖതയായിരുന്ന പ്രശ്നം.  ഈ ഒരു ക്രമസമാധാന പ്രശ്നത്തെ,  തങ്ങളുടെ ചാറ്റുകൾക്ക് ഉണ്ടെന്ന് വാട്ട്സ്ആപ്പ് അവകാശപ്പെടുന്ന എൻക്രിപ്പ്റ്റഡ് സ്വഭാവവുമായി ബന്ധിപ്പിച്ചുകൊണ്ട്, അവർ നടത്തിയ വാദങ്ങളാണ് വിഷയം കുഴപ്പിച്ചത്. ഏതെങ്കിലും ഒരു സന്ദേശം ആദ്യമായി അയച്ചത് ആരെന്ന് വെളിപ്പെടുത്തുന്നത് തങ്ങളുടെ ഉപഭോക്താക്കളുടെ പ്രൈവസിയെ ബാധിക്കും എന്ന പ്രതികരണമാണ് വാട്ട്സ്ആപ്പിനെ ഭാഗത്തുനിന്ന് ഈ വിഷയത്തിലുണ്ടായത്. 

 

 

എന്നാൽ, ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം, ഉപഭോക്താക്കളുടെ പ്രൈവസി അഥവാ സ്വകാര്യത ചോരാതെ നോക്കാനുള്ള ഒരേയൊരു സംവിധാനം എൻക്രിപ്‌ഷൻ മാത്രമല്ല എന്നതാണ്. എന്ന് മാത്രമല്ല, എൻക്രിപ്‌ഷനെയോ ഉപഭോക്താക്കളുടെ സ്വകാര്യതയെയോ ബാധിക്കാത്ത വിധത്തിൽ നാട്ടിൽ നിലവിലുള്ള നിയമം ആവശ്യപ്പെടുന്ന ഡാറ്റ അധികാരികൾക്ക് ആവശ്യപ്പെടുന്ന മുറയ്ക്ക് നൽകാനുള്ള ബാധ്യത വാട്ട്സാപ്പിനാണുള്ളത്. അതുകൊണ്ടുതന്നെ അതെങ്ങനെ സാധിക്കും എന്നതിനെക്കുറിച്ചുള്ള ആലോചന വാട്ട്സാപ്പിന്റെ മാത്രം പ്രശ്‌നമാവേണ്ടതാണ്. ഇത്തരത്തിലുള്ള വിവരങ്ങൾ വീണ്ടും വീണ്ടും ആവശ്യപ്പെടുന്നത് തടയാനുള്ള മുൻകരുതലുകൾ ഐടി നിയമങ്ങളിൽ നിലവിൽ തന്നെ ഉണ്ട്. എന്നുമാത്രമല്ല, ഇവിടെ വ്യക്തികളുടെ സ്വകാര്യ ചട്ടുകളിലേക്ക് എത്തിനോക്കുന്നതിനെപ്പറ്റി ഗവണ്മെന്റ് പറയുന്നേ ഇല്ല. രണ്ടു വ്യക്തികൾ തമ്മിലുള്ള സ്വകാര്യചാറ്റിൽ എന്തൊക്കെ പറഞ്ഞിരിക്കുന്നു എന്ന് വെളിപ്പെടുത്താൻ ഒരു നിയമവും പറയുന്നില്ല. 

എന്നാലും ഒരു സംശയം സ്വാഭാവികമായും തോന്നാവുന്നതാണ്, ഇങ്ങനെ ഏതെങ്കിലുമൊരു സന്ദേശം ആദ്യം അയച്ചത് ആരാണെന്ന് കണ്ടെത്തേണ്ടത് അത്യന്താപേക്ഷിതമാണോ? രാജ്യത്തെ അപകടപ്പെടുത്താൻ വേണ്ടി ഒരുകൂട്ടം ഭീകരവാദികൾ വാട്ട്സ്ആപ്പ് വഴി പരസ്പരം സന്ദേശങ്ങൾ അയക്കുകയാണ് എന്ന് കരുതുക. രാജ്യത്തെ നിരപരാധികളുടെ ജീവൻ പൊലിയുന്നത് തടയാൻ വേണ്ടി  ഇത്തരത്തിലുള്ള സമ്പർക്കങ്ങളെ സമയത്ത് തിരിച്ചറിഞ്ഞ്, വിവരങ്ങൾ ശേഖരിക്കേണ്ടത് അത്യാവശ്യമായി വരുമെന്നതിൽ ആർക്കാണ് തർക്കമുള്ളത്? 

ഹൈദരാബാദ് നഗരത്തിൽ പരന്ന 'നഗരത്തിൽ കുട്ടികളെ പിടുത്തക്കാർ ഇറങ്ങിയിരിക്കുന്നു' എന്ന വ്യാജസന്ദേശം നാട്ടിൽ നിരപരാധികളായ പലരെയും ആൾക്കൂട്ടങ്ങൾ മർദ്ദിച്ചു കൊല്ലുന്ന സാഹചര്യമുണ്ടാക്കിയത് നമ്മൾ കണ്ടതാണ്. ഇത്തരത്തിലുള്ള ദുരുപദിഷ്ടമായ അഭ്യൂഹങ്ങൾക്ക് തുടക്കമിട്ട ആദ്യത്തെ വാട്ട്സ്ആപ്പ് സന്ദേശം ആരുടേത് എന്ന് അറിയാൻ നമ്മുടെ നാട്ടിലെ അന്വേഷണ ഏജൻസികൾക്ക് അവകാശമില്ലേ? ഇത്തരത്തിലുള്ള സന്ദേശങ്ങൾ തപാൽ വഴിയോ, ഇമെയിൽ വഴിയോ മറ്റോ ആണ് പരന്നിരുന്നത് എങ്കിൽ അത് ആരാണ് തുടങ്ങിയതെന്ന് അന്വേഷിച്ചു കണ്ടെത്താൻ അന്വേഷണ ഏജൻസികൾക്ക് വാട്ട്സ്ആപ്പ് സന്ദേശങ്ങളുടെ കാര്യത്തിൽ ഉണ്ടായതിനു സമാനമായ ബുദ്ധിമുട്ടുകൾ ഉണ്ടാകുമായിരുന്നോ? വാട്ട്സാപ്പ് എന്നത് ഒരു പ്രത്യാഘാതങ്ങളും ഇല്ലാത്ത യാതൊരു വിധത്തിലുള്ള നിയന്ത്രണങ്ങളും ഇല്ലാത്ത ഒരു മാധ്യമമാണ് എന്നൊരു നിലവന്നാൽ, അങ്ങനെയൊരു വിവരം ക്രിമിനൽ സംഘങ്ങളുടെ ചെവിയിൽ എത്തിയാൽ, എന്തൊക്കെ പ്രത്യാഘാതങ്ങളാണ് ഉണ്ടാവുക എന്നത് അചിന്തനീയമാണ്. 

കുറേക്കൂടി വിശാലമായ, ദീർഘവീക്ഷണത്തോടുള്ള ചർച്ചകൾ

ലോകമെമ്പാടുമുള്ള നയതന്ത്രജ്ഞർ, നിയമനിർമ്മാതാക്കൾ ആഴത്തിൽ ചിന്തിച്ചു കൊണ്ടിരിക്കുന്ന ചില ചോദ്യങ്ങൾ വേറെയുമുണ്ട്. ഉത്തരങ്ങൾ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ വളരെ വലുതാണ് എന്നതാണ് ഈ ചോദ്യങ്ങളെ പ്രസക്തമാക്കുന്നത്. 

ഒന്ന്, ഈ സോഷ്യൽ മീഡിയ സ്ഥാപനങ്ങൾ വെറും സ്വകാര്യ കമ്പനികൾ മാത്രമാണോ അതോ അവ ഏത് രാജ്യത്തിൽ കേന്ദ്രീകരിച്ചാണോ പ്രവർത്തിക്കുന്നത് ആ രാജ്യത്തിന്റെ താത്പര്യങ്ങൾക്ക് അനുസരിച്ച് അവ സംരക്ഷിക്കാൻ വേണ്ടി മാത്രമാണോ പ്രവർത്തിക്കുന്നത്. രണ്ടാമത്തേതാണ് ഉത്തരമെങ്കിൽ, ഇങ്ങനെയുള്ള ആപ്പുകൾ നമ്മുടെ രാജ്യത്ത് പ്രവർത്തിക്കുമ്പോൾ, അവയെ അതാത് രാജ്യങ്ങൾ തങ്ങളുടെ ജിയോ പൊളിറ്റിക്കൽ ടൂളുകൾ ആയി പ്രയോജനപ്പെടുത്തുന്നില്ല എന്ന് എങ്ങനെ ഉറപ്പുവരുത്തും? 

രണ്ട്, ഒരു ഏകാധിപതി ഭരിക്കുന്ന, അല്ലെങ്കിൽ സൈനിക ഭരണത്തിന് കീഴിലുള്ള ഏതെങ്കിലും രാജ്യത്ത് ഹെഡ് ക്വാർട്ടേഴ്‌സ് ഉള്ള എന്നാൽ ആഗോള തലത്തിൽ സ്വാധീനവും ഉപഭോക്താക്കളുമുള്ള ഒരു കമ്പനിയാണ് നമ്മുടെ രാജ്യത്ത് പ്രവർത്തിക്കുന്നത് എങ്കിൽ നമുക്ക്, അതിനെ നേരിടുമ്പോൾ ആശങ്കകൾ ഉണ്ടാവില്ലേ? ആ രാജ്യത്തിന് വേണ്ടി ഈ കമ്പനി നമ്മുടെ നാട്ടിൽ ചാരപ്പണി നടത്തില്ല എന്ന് എന്താണുറപ്പ്? അപ്പോൾ ഈ സോഷ്യൽ മീഡിയ കമ്പനികൾക്ക് വേണ്ടി നമ്മൾ വിഭാവനം ചെയ്യുന്ന പ്രവർത്തന ചട്ടങ്ങൾ അവ ഏത് രാജ്യത്തുനിന്നുള്ള കമ്പനികളാണ് എണ്ണത്തിനനുസരിച്ച് മാറണോ അതോ എല്ലാ കമ്പനികൾക്കും, അവ ഏത് രാജ്യത്തെ ആണ് എന്നതിന് അതീതമായി ഒരേ നിയമങ്ങൾ ബാധകമാക്കിയാൽ മതിയോ? 

 

 

മൂന്ന്, രാജ്യങ്ങൾക്കിടയിൽ കടുത്ത തർക്കങ്ങൾ നിലവിലുള്ള വിഷയങ്ങളിൽ ഈ സോഷ്യൽ മീഡിയ കമ്പനികൾ പക്ഷം ചേർന്നുള്ള നിലപാടുകൾ സ്വീകരിക്കാൻ തുടങ്ങിയാൽ എന്ത് ചെയ്യും? ഉദാഹരണത്തിന് കൊവിഡ് 19 ന്റെ ഉത്ഭവം ഏത് രാജ്യത്തു നിന്നാണ് എന്നത് വലിയൊരു തർക്ക വിഷയമാണ്. അതുപോലെ രണ്ടു രാജ്യങ്ങൾക്കിടയിലെ വിവാദപരമായ തർക്ക ഭൂമികളിൽ നിന്നുള്ള ജിപിഎസ് ടാഗ്ഗിങ്ങും തർക്കങ്ങൾക്ക് കാരണമാകാവുന്നതാണ്. 

നാല്, ലോകത്തിന്റെ ഒരു ഭാഗത്തു നിലവിലുള്ള അഭിപ്രായ സ്വാതന്ത്ര്യം സംബന്ധിച്ചുള്ള ചട്ടങ്ങൾ, മറ്റൊരു രാജ്യത്തിന്റെ സാംസ്‌കാരിക സംവേദനക്ഷമത കണക്കിലെടുക്കാതെ അന്ധമായി അവിടെ അടിച്ചേൽപ്പിക്കാമോ ? 

അഞ്ച്, ഈ സോഷ്യൽ മീഡിയ കമ്പനികളും സ്വകാര്യ നിക്ഷേപങ്ങളുള്ള, ഈ നിക്ഷേപകരുടെ താത്പര്യങ്ങൾ സംരക്ഷിക്കാൻ ഉത്തരവാദപ്പെട്ട സ്ഥാപനങ്ങൾ ആയതുകൊണ്ട് ഇങ്ങനെ നിക്ഷേപിക്കപ്പെടുന്ന വലിയ മൂലധനം, ഈ കമ്പനികളെ ജിയോ പൊളിറ്റിക്കൽ, ജിയോ സ്ട്രാറ്റജിക്കൽ ലക്ഷ്യങ്ങൾ വെച്ച് പ്രവർത്തിക്കാൻ പ്രേരിപ്പിക്കുമോ?

ബിഗ് ടെക് സ്ഥാപനങ്ങളുടെയും  സോഷ്യൽ മീഡിയ കമ്പനികളുടെയും നമ്മുടെ സമൂഹത്തിലെ ഇന്നോളമുള്ള ഇടപെടലുകൾ ഈ ലോകത്തെ സംബന്ധിച്ചിടത്തോളം ഏറെക്കുറെ സക്രിയമാണ് എന്നുതന്നെയാണ് പൊതുവെയുള്ള അനുമാനം. ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് പേർക്ക് തങ്ങളുടെ അഭിപ്രായങ്ങൾ പ്രകാശിപ്പിക്കാൻ മുമ്പില്ലാത്ത വിധത്തിൽ അവസരങ്ങൾ വെച്ച് നീട്ടുക തന്നെയാണ് അവ ചെയ്തിരിക്കുന്നത്. എന്നാൽ, ലോകത്തിലെ മറ്റെല്ലാ വ്യാപാര മേഖലകളും നിയന്ത്രണങ്ങൾക്ക് വിധേയമായി പ്രവർത്തിക്കുന്നത് പോലെ സോഷ്യൽ മീഡിയ സ്ഥാപനങ്ങൾക്കും പ്രായോഗികമായി നടപ്പിൽ വരുത്താൻ സാധിക്കുന്ന സുതാര്യമായ സ്വയം നിയന്ത്രണങ്ങളും പരാതിപരിഹാര പ്രക്രിയകളും എങ്ങനെയാകാം എന്നത് സംബന്ധിച്ച ആലോചനകളാണ് ഗവണ്മെന്റുകളുടെ ഭാഗത്തുനിന്ന് ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.\

ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യ ദശാബ്ദത്തിൽ പിറവികൊണ്ടു ആ  നവജാത ശിശുക്കളല്ല ഇന്ന് സോഷ്യൽ മീഡിയ. ചിലർ ചുറുചുറുക്കുള്ള ബാലന്മാരാണ്, മറ്റു ചിലർ പാകതയെത്തിയ മുതിർന്നവരും. അവരുടെ വളർച്ചയ്‌ക്കൊപ്പം ഗതിപിടിക്കാൻ നമ്മുടെ നാട്ടിലെ നിയന്ത്രണങ്ങൾക്കും സാധിക്കേണ്ടതുണ്ട്, അതിനുതകുന്ന രീതിയിൽ അവയും പുരോഗമിക്കേണ്ടതുണ്ട്.