ദില്ലി: ഔദ്യോഗിക വസതി ഒഴിയാനൊരുങ്ങുന്ന മുന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് അഭിനന്ദനങ്ങളുമായി ട്വിറ്റര്‍ ഉപയോക്താക്കള്‍. സ്ഥാനമൊഴിഞ്ഞ സുഷമ ഒരു മാസത്തിനകം വീട് ഒഴിയുമെന്ന് അറിയിച്ചതോടെ സുഷമയുടെ തീരുമാനത്തെ പിന്തുണച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.

ഔദ്യോഗിക വസതി ഒഴിയുകയാണെന്ന വിവരം ഇന്നലെയാണ് സുഷമ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചത്. ദില്ലി സഫ്ദര്‍ജംഗിലുള്ള എട്ടാം നമ്പര്‍ ഔദ്യോഗിക വസതി ഒഴിയുകയാണെന്നും മുമ്പുണ്ടായിരുന്ന വിലാസത്തില്‍ ഇനി തന്നെ ബന്ധപ്പെടാന്‍ സാധിക്കില്ലെന്നും സുഷമ ട്വീറ്റ് ചെയ്തു. 

പദവി ഒഴിഞ്ഞാലും ഔദ്യോഗിക ബംഗ്ലാവില്‍ നിന്നും താമസം മാറാത്ത രാഷ്ട്രീയക്കാര്‍ സുഷമയെ കണ്ട് പഠിക്കണമെന്നാണ് ട്വിറ്റര്‍ ഉപയോക്താക്കള്‍ പറയുന്നത്. രാജ്യത്തെ ഏറ്റവും ഊര്‍ജസ്വലയായ വനിതാ രാഷ്ട്രീയ നേതാവാണ് സുഷമ എന്നും സുഷമയെ 'മിസ്സ്' ചെയ്യുമെന്നുമാണ് സോഷ്യല്‍ മീഡിയയിലെ കമന്‍റുകള്‍.