മണിപ്പൂരിൽ സൈനികനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി
ഇംഫാൽ വെസ്റ്റിലെ വീട്ടിൽനിന്നും ഇന്നലെ അക്രമികൾ തട്ടിക്കൊണ്ടുപോയ സെർതോ താങ്താങ് കോമിന്റെ മൃതദേഹം രാവിലെയാണ് കണ്ടെത്തിയത്. അവധിക്ക് വീട്ടിൽ എത്തിയതായിരുന്നു സൈനികൻ

ദില്ലി: മണിപ്പൂരിൽ സൈനികനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. സെർതോ താങ്താങ് കോം എന്ന സൈനികനാണ് മരിച്ചത്. ഇംഫാൽ വെസ്റ്റിലെ വീട്ടിൽനിന്നും ഇന്നലെ അക്രമികൾ തട്ടിക്കൊണ്ടുപോയ ഇദ്ദേഹത്തിന്റെ മൃതദേഹം തലക്ക് വെടിയേറ്റ നിലയിൽ ഇംഫാൽ ഈസ്റ്റ് ജില്ലയിലെ ഖുനിങ്തെകിൽ ഇന്ന് രാവിലെയാണ് കണ്ടെത്തിയത്. അവധിക്ക് വീട്ടിൽ എത്തിയതായിരുന്നു സൈനികൻ. ലെയ്മാഖോങ് മിലിട്ടറി സ്റ്റേഷനിൽ അംഗമായിരുന്നു ഇദ്ദേഹം.
പത്ത് വയസ്സുള്ള ഇദ്ദേഹത്തിന്റെ മകനാണ് സംഭവത്തിൽ ദ്യക്സാക്ഷി. മൂന്ന് പേർ ഒരു വെള്ളുത്ത വാഹനത്തിൽ വന്നെന്നും ബന്ധുക്കളെ തോക്കിൻമുനയിൽ നിർത്തി അച്ഛനെ നിർബന്ധിച്ച് വാഹനത്തിനകത്തേക്ക് കയറ്റി കൊണ്ടുപോയെന്നുമാണ് മകന്റെ മൊഴി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. തട്ടിക്കൊണ്ടുപോയത് ആരെന്ന് വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു.
അതേസമയം മണിപ്പൂരിലെ സ്ഥിതി ആശങ്കാജനകമാണെന്ന് ആർഎസ്എസ് പ്രസ്താവിച്ചു. തീരുമാനങ്ങൾ എടുക്കേണ്ടത് കേന്ദ്ര സർക്കാരാണെന്നും ആർഎസ്എസ് നേതൃത്വം പറഞ്ഞു. സംസ്ഥാനത്ത് രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം അതിരൂക്ഷമാണെന്നും കേന്ദ്രസർക്കാരാണ് അടിയന്തര നടപടികൾ എടുക്കേണ്ടതെന്നും ആർഎസ്എസ് ജോയിൻ ജനറൽ സെക്രട്ടറി മൻമോഹൻ വൈദ്യ കൂട്ടിച്ചേര്‍ത്തു. പൂനെയിൽ മൂന്ന് ദിവസമായി ചേരുന്ന ആർഎസ്എസ് വാർഷിക കോർഡിനേഷൻ കമ്മറ്റിക്ക് ശേഷമായിരുന്നു പ്രതികരണം.
Read More: 'മണിപ്പൂരിലെ സ്ഥിതി ആശങ്കാജനകം'; തീരുമാനങ്ങൾ എടുക്കേണ്ടത് കേന്ദ്രസർക്കാരെന്ന് ആര്‍എസ്എസ്
അതേസമയം മണിപ്പൂരിൽ സംഘർഷത്തിന് അയവില്ലെന്നാണ് പുറത്തുവരുന്ന വിവരം. കഴിഞ്ഞാഴ്ച നടന്ന വെടിവെപ്പിൽ ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടിരുന്നു. സബ് ഇൻസ്‌പെക്ടറായ ഓങ്കോമാംഗാണ് കൊല്ലപ്പെട്ടത്. അന്നത്തെ വെടിവെപ്പിൽ രണ്ട് സാധരണക്കാർക്കും പരിക്കേറ്റിരുന്നു. അതേസമയം മണിപ്പൂർ കലാപത്തെ സംബന്ധിച്ച 27 കേസുകൾ നേരത്തെ സിബിഐ ഏറ്റെടുത്തിരുന്നു. ഇവയിൽ 19 കേസുകൾ സ്ത്രീകൾക്കെതിരായ അതിക്രമം സംബന്ധിച്ചുള്ളതാണ്. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, ആയുധ മോഷണം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളിലും അന്വേഷണം നടത്തും. 53 അംഗ ഉദ്യോഗസ്ഥ സംഘമാണ് കേസുകൾ അന്വേഷിക്കുന്നത്.