ടെറിട്ടോറിയൽ ആർമിയിൽ ഉദ്യോഗസ്ഥനായ മൻസൂർ അഹമ്മദ് ബെയ്‍ഗാണ് തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചത്. അനന്ത് നാഗിലെ സദൂര ഗ്രാമത്തിലാണ് സംഭവം.
ശ്രീനഗർ: ജമ്മു കശ്മീരിലെ അനന്ത്‍നാഗിൽ ഈദ് അവധി ആഘോഷിക്കാനെത്തിയ സൈനികനെ തീവ്രവാദികൾ വെടിവച്ച് കൊന്നു. സദൂര ഗ്രാമത്തിൽ വൈകിട്ടോടെയാണ് സംഭവം. അനന്ത് നാഗ് സ്വദേശിയായ മൻസൂർ അഹമ്മദ് ബെയ്‍ഗാണ് തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചത്. ടെറിട്ടോറിയൽ ആർമിയിൽ ഉദ്യോഗസ്ഥനാണ് മൻസൂർ അഹമ്മദ് ബെയ്‍ഗ്.
വീട്ടിൽ വച്ചാണ് സൈനികനെ തീവ്രവാദികൾ ആക്രമിച്ചത്. കുടുംബാംഗങ്ങൾക്ക് മുന്നിൽ വച്ച് സൈനികനെ തീവ്രവാദികൾ വെടി വച്ച് വീഴ്‍ത്തുകയായിരുന്നു.
അതേസമയം, പുൽവാമയിൽ രാവിലെ മുതൽ തുടങ്ങിയ സൈന്യവും തീവ്രവാദികളുമായുള്ള ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. രണ്ട് സ്പെഷ്യൽ പൊലീസ് ഓഫീസർമാർ ഇതുവരെ തിരികെ എത്തിയിട്ടില്ലെന്നാണ് പ്രത്യേക ദൗത്യസേനയ്ക്ക് ലഭിക്കുന്ന വിവരം. ഇവർക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണ്.
