എന്റെ മകൻ കുടുങ്ങിക്കിടക്കുകയാണ്. നേരത്തേ കുഴപ്പമില്ലായിരുന്നു. പക്ഷേ ഇപ്പോൾ അവിടെ ആകെ പ്രശ്നം ആണെന്നാണ് അവൻ പറയുന്നത്. മൂന്ന് ദിവസം മുന്നെ ഞാൻ അവനോട് സംസാരിച്ചു...
ലക്നൌ: അഫ്ഗാൻ ഭരണത്തിലേക്കുള്ള താലിബാന്റെ മടങ്ങി വരവിൽ വിറങ്ങലിച്ചിരിക്കുകയാണ് ലോകം. നിരവധി ഇന്ത്യക്കാരാണ് അഫ്ഗാനിൽ കുടുങ്ങിയിരിക്കുന്നത്. കാബൂളിലും മറ്റുമായി കുടുങ്ങിയ ബന്ധുക്കളെ ഓർത്ത് ഭയത്തോടെയിരിക്കുകയാണ് ഇന്ത്യൻ ജനത. അഫ്ഗാനിൽ കുടുങ്ങിപ്പോയ 28 കാരനായ തങ്ങളുടെ മകനെ രക്ഷപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഉത്തർപ്രദേശിൽ നിന്നുള്ള ദമ്പതികൾ രംഗത്തെത്തിയിരിക്കുകയാണ്.
അഫ്ഗാനിൽ വെൽഡറായി ജോലി ചെയ്ത് വരികയായിരുന്നു ഇയാൾ. കഴിഞ്ഞ ജനുവരിയിലാണ് ഇയാൾ കാബൂളിലേക്ക് ജോലിക്കായി പോയത്. കാബൂളിലെ അപ്പാർട്ട്മെന്റിലെ ഒരു മുറിയിൽ മറ്റ് ഇന്ത്യക്കാരുമൊത്ത് ഇരിക്കുന്ന വീഡിയോ ഇവരുടെ മകൻ പങ്കുവച്ചിരുന്നു.
സർ, ഞങ്ങൾ പേടിച്ചിരിക്കുകയാണ്. ഫോണിലൂടെ ഒരാൾ പറയുന്നത് കേൾക്കാം. ബാക്കിയുള്ളവരും സഹായത്തിനായി ഫോൺ ചെയ്തുകൊണ്ടിരിക്കുകയാണ്. രണ്ട് ദിവസം മുമ്പ് കാബൂൾ താലിബാൻ പിടിച്ചെടുത്തതിന് പിന്നാലെയാണ് വീഡിയോ ലഭിച്ചതെന്ന് 28 കാരന്റെ ബന്ധു എൻഡിടിവിയോട് പറഞ്ഞു.
എന്റെ മകൻ കുടുങ്ങിക്കിടക്കുകയാണ്. നേരത്തേ കുഴപ്പമില്ലായിരുന്നു. പക്ഷേ ഇപ്പോൾ അവിടെ ആകെ പ്രശ്നം ആണെന്നാണ് അവൻ പറയുന്നത്. മൂന്ന് ദിവസം മുന്നെ ഞാൻ അവനോട് സംസാരിച്ചു. സർക്കാർ മാറിയെന്നും താലിബാൻ ഭരണം ഏറ്റെടുത്തെന്നും അവൻ പറഞ്ഞു. താലിബാൻ എന്തൊക്കെ ചെയ്യുമെന്ന് അറിയില്ല. പ്രധാനമന്ത്രിയോട് ഞാൻ അപേക്ഷിക്കുകയാണ് അവനെ എത്രയും പെട്ടന്ന് രക്ഷിക്കണം. - 28കാരന്റെ പിതാവ് എൻഡിടിവിയോട് പറഞ്ഞു.
