സമരം മുന്നോട്ടുകൊണ്ടുപോകാനായാണ് താനടക്കമുള്ള പ്രധാന നേതാക്കൾ നിരാഹാര സമരത്തിൽനിന്ന് വിട്ടുനിൽക്കുന്നതെന്നും ദീപ്കെ പറഞ്ഞു. വാങ്ചുകിന്റെ ആരോ​ഗ്യനിലയിൽ ആശങ്കയുണ്ടെന്നും അദ്ദേഹത്തോട് നിരാഹാരം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നതായും ദീപ്കെ വ്യക്തമാക്കി.

ന്യൂഡൽഹി: ആക്ടിവിസ്റ്റായ സോനം വാങ്ചുക് അനിശ്ചിതകാല നിരാഹാരം തുടരുമ്പോൾ താൻ ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങൾ വലിയ ചർച്ചയായതോടെ കോക്രോച്ച് ജനതാപാർട്ടി(സിജെപി) സ്ഥാപകനായ അഭിജീത് ദീപ്കെ വിശദീകരണവുമായി രം​ഗത്ത്. മറ്റൊരു സന്ദർഭത്തിൽനിന്ന് അടർത്തിയെടുത്ത ദൃശ്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും സമരം മുന്നോട്ടുകൊണ്ടുപോകാനായാണ് താനടക്കമുള്ള പ്രധാന നേതാക്കൾ നിരാഹാര സമരത്തിൽനിന്ന് വിട്ടുനിൽക്കുന്നതെന്നും ദീപ്കെ പറഞ്ഞു. വാങ്ചുകിന്റെ ആരോ​ഗ്യനിലയിൽ ആശങ്കയുണ്ടെന്നും അദ്ദേഹത്തോട് നിരാഹാരം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നതായും എന്നാൽ അദ്ദേഹം അതിന് വിസമ്മതിക്കുകയാണുണ്ടായതെന്നും ദീപ്കെ വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടാണ് സിജെപിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ സമരം ആരംഭിച്ചത്. ഈ സമരത്തിലാണ് ആക്ടിവിസ്റ്റായ സോനം വാങ്ചുകും പങ്കുചേർന്നത്. മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള സിജെപി സമരവേദിയിൽ അദ്ദേഹം നിരാഹാരം ആരംഭിക്കുകയും ചെയ്തു. എന്നാൽ, സോനം വാങ്ചുക് നിരാഹാരം കിടക്കുമ്പോൾ സിജെപി സ്ഥാപകനായ അഭിജീത് ദീപ്കെ ഉൾപ്പെടെയുള്ളവർ തൊട്ടടുത്തിരുന്ന് ഭക്ഷണം കഴിക്കുകയാണെന്നായിരുന്നു കഴിഞ്ഞദിവസം സാമൂഹികമാധ്യമങ്ങളിൽ ഉയർന്ന ആരോപണം.

സമരവേദിയിൽ ദീപ്കെ ബ്രെഡ് പക്കോഡയും നൂഡിൽസും കഴിക്കുന്ന ദൃശ്യങ്ങൾ സഹിതമാണ് ഇത്തരം ആരോപണങ്ങൾ ഉയർന്നത്. വാങ്ചുകിന്റെ സമീപത്തിരുന്ന് ദീപ്കെ കച്ചോരി കഴിക്കുന്ന ദൃശ്യങ്ങളും ഇവർ പങ്കുവെച്ചിരുന്നു. വാങ്ചുക് നിരാഹാരം കിടക്കുമ്പോൾ ദീപ്കെയും കൂട്ടരം ഭക്ഷണം കഴിക്കുന്നതിൽ ട്രോളുകളും പ്രചരിച്ചു. എന്തുകൊണ്ടാണ് ദീപ്കെയും കൂടെയുള്ള മറ്റുനേതാക്കളും വാങ്ചുകിന് പിന്തുണ അർപ്പിച്ച് നിരാഹാരം കിടക്കാത്തതെന്ന ചോദ്യങ്ങളും ഉയർന്നു.

നിലവിൽ വാങ്ചുകിന്റെ നിരാഹാര സമരം 11-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇതിനിടെയാണ് സമരത്തെ അധിക്ഷേപിക്കുന്നരീതിയിലുള്ള പ്രചരണങ്ങളും സാമൂഹികമാധ്യമങ്ങളിലൂടെ നടക്കുന്നത്.