Asianet News MalayalamAsianet News Malayalam

ചിദംബരത്തെ കാണാൻ മൻമോഹനും സോണിയയും തിഹാറിൽ, ധൈര്യം പകരുന്നെന്ന് ചിദംബരം

മുതിർന്ന നേതാക്കളെ മോദി സർക്കാർ വേട്ടയാടുന്നുവെന്നാണ് കോൺഗ്രസ്‌ നിലപാട്. മൻമോഹനും സോണിയയും ജയിലിലെത്തി സന്ദർശിച്ചത് രാഷ്ട്രീയപോരാട്ടത്തിൽ കൂടുതൽ ആത്മവിശ്വാസം നൽകുമെന്ന് കാർത്തി ചിദംബരം പ്രതികരിച്ചു. 

Sonia Gandhi and Manmohan Singh In Tihar Jail To Meet P Chidambaram and D K shivakumar
Author
Delhi, First Published Sep 23, 2019, 10:38 AM IST

ദില്ലി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും പി ചിദംബരത്തെയും ഡി കെ ശിവകുമാറിനെയും കാണാനായി തിഹാർ ജയിലിലെത്തി. മുൻ ധനമന്ത്രി പി ചിദംബരം ഐഎൻഎക്സ് മീഡിയക്കേസിലും ഡി കെ ശിവകുമാ‌ർ കള്ളപ്പണക്കേസിലുമായി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡിലാണ്. 

ഓ​ഗസ്റ്റ് 21മുതൽ അഴിമതിക്കേസിൽ സിബിഐ കസ്റ്റഡിയിലെടുത്ത പി ചിദംബരം സെപ്റ്റംബർ അഞ്ചാം  തീയതി മുതൽ തിഹാറിലെ ഏഴാം നമ്പർ  ജയിലിലാണ് ഉള്ളത്. ചിദംബരത്തിന്‍റെ കസ്റ്റഡി അടുത്ത മാസം മൂന്ന് വരെ നീട്ടിയിരുന്നു. കഴിഞ്ഞയാഴ്ച കോൺഗ്രസ് നേതാക്കളായ ഗുലാം നബി ആസാദും അഹമ്മദ് പട്ടേലും മുൻ ധനമന്ത്രിയെ കാണാൻ തിഹാർ ജയിലിലെത്തിയിരുന്നു. ചിദംബരത്തിനെതിരെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ അന്വേഷണവും പുരോഗമിക്കുകയാണ്. 

മുതിർന്ന നേതാക്കളെ മോദി സർക്കാർ വേട്ടയാടുന്നുവെന്നാണ് കോൺഗ്രസ്‌ നിലപാട്. മൻമോഹനും സോണിയയും ജയിലിലെത്തി സന്ദർശിച്ചത് രാഷ്ട്രീയപോരാട്ടത്തിൽ കൂടുതൽ ആത്മവിശ്വാസം നൽകുമെന്ന് കാർത്തി ചിദംബരം പ്രതികരിച്ചു. 

ഐഎൻഎക്സ് മീഡിയ എന്ന മാധ്യമ കമ്പനിക്ക് വഴിവിട്ട് വിദേശഫണ്ട് സ്വീകരിക്കാൻ വഴിയൊരുക്കിയതിന് പ്രതിഫലമായി പി ചിദംബരത്തിന്‍റെ മകൻ കാർത്തി ചിദംബരത്തിന് കോഴപ്പണവും പദവികളും ലഭിച്ചുവെന്നതാണ് ആരോപണം. അഴിമതിയാരോപിക്കപ്പെട്ട ഇടപാട് നടക്കുന്ന സമയത്ത് ആദ്യ യുപിഎ സർക്കാരിൽ പി ചിദംബരമായിരുന്നു ധനമന്ത്രി. ഈ ഇടപാട് നടക്കാൻ വഴിവിട്ട സഹായം നൽകുകയും ധനവകുപ്പിൽ നിന്ന് ക്ലിയറൻസ് നൽകിയതും പി ചിദംബരമാണെന്നാണ് കേസ്, എന്നാൽ ഈ ആരോപണങ്ങളെല്ലാം പി ചിദംബരം നിഷേധിച്ചിരുന്നു. 

Follow Us:
Download App:
  • android
  • ios