ദില്ലി: കൊറോണ വ്യാപനത്തെ തുടർന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗൺ നിയമത്തിൽ കേന്ദ്രസർക്കാരിന്റെ നിലപാട് ആരാഞ്ഞ് കോൺ​ഗ്രസ് അധ്യക്ഷ സോണിയ ​ഗാന്ധി. ലോക്ക്ഡൗണ്‍ എത്രത്തോളം തുടരണമെന്ന് തീരുമാനിക്കാന്‍ സര്‍ക്കാര്‍ എന്ത് മാനദണ്ഡമാണ് ഉപയോഗിക്കുന്നതെന്ന് എന്നുമായിരുന്നു സോണിയ ഗാന്ധിയുടെ ചോദ്യം. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു സോണിയ ​ഗാന്ധി. യോ​ഗത്തിൽ പങ്കെടുത്ത മുൻ പ്രധാനമന്ത്രി മൻമോഹൻസി​ഗും ഇതേ ചോദ്യം ഉന്നയിച്ചു. 

ലോക്ക് ഡൗണിന്റെ മൂന്നാം ​ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് രാജ്യം. മെയ് 17ന് അവസാനിക്കുമെന്നാണ് ഒടുവിൽ ലഭിച്ച അറിയിപ്പ്. 
'മെയ് 17 ന് ശേഷം, എന്ത്, എങ്ങനെയെന്നും ലോക്ക്ഡൗണ്‍ എത്രനാള്‍ തുടരണമെന്ന് തീരുമാനിക്കാൻ സര്‍ക്കാര്‍ എന്ത് മാനദണ്ഡമാണ് ഉപയോഗിക്കുന്നതെന്നും' സോണിയ ഗാന്ധി യോഗത്തില്‍ ചോദിച്ചു. മൂന്നാം ഘട്ട ലോക്ക്ഡൗണിന് ശേഷം എന്ത് സംഭവിക്കുമെന്ന് അറിയേണ്ടതുണ്ടെന്ന് യോഗത്തില്‍ പങ്കെടുത്ത മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും പറഞ്ഞു. വീഡിയോ കോൺഫറൻസിം​ഗ് വഴിയായിരുന്നു ​യോ​ഗം. കൊറോണ വൈറസ് ബാധ മൂലം മിക്ക സംസ്ഥാനങ്ങളും വളരെയധികം പ്രതിസന്ധികളിലൂടെയാണ് കടന്നു പോകുന്നതെന്ന് മുഖ്യമന്ത്രിമാർ വിലയിരുത്തി.