ദില്ലി: കാര്‍ഷിക ബില്ലില്‍ പ്രതിപക്ഷ എംപിമാര്‍ പ്രതിഷേധം കടുപ്പിക്കുന്നതിനിടെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും വിദേശത്തുനിന്ന് തിരിച്ചെത്തി. സോണിയാ ഗാന്ധിയുടെ ചികിത്സക്കായാണ് ഇരുവരും 12ന് അമേരിക്കയിലേക്ക് തിരിച്ചത്. ചൊവ്വാഴ്ച രാവിലെ  ഇരുവരും ദില്ലിയിലെത്തിയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

കാര്‍ഷിക ബില്ലില്‍ പാര്‍ലമെന്റിനകത്തും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും സമരം കനക്കുന്നതിനിടെയാണ് പ്രധാന നേതാക്കള്‍ എത്തുന്നത്. കോണ്‍ഗ്രസിന്റെ സമരത്തിന് ഇരുവരുടെയും സാന്നിധ്യം ഗുണം ചെയ്യുമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍. കാര്‍ഷിക ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചപ്പോള്‍ ഇരു നേതാക്കളും ഹാജരായിരുന്നില്ല. അമേരിക്കയിലേക്ക് തിരിക്കും മുമ്പ് സംഘാടന തലത്തില്‍ നിര്‍ണായക മാറ്റം സോണിയാഗാന്ധി വരുത്തിയിരുന്നു. പാര്‍ലമെന്റ് സ്ട്രാറ്റജി ഗ്രൂപ്പുമായി കൂടിയാലോചനക്ക് ശേഷമാണ് ഇരുവരും തിരിച്ചത്. 

കൊവിഡ്, ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷം, ജിഎസ്ടി, തൊഴിലില്ലായ്മ, സാമ്പത്തിക തളര്‍ച്ച എന്നിവയിലൂന്നി പാര്‍ലമെന്റില്‍ പ്രതിഷേധം കനപ്പിക്കാനായിരുന്നു കോണ്‍ഗ്രസ് തീരുമാനം. എന്നാല്‍, കാര്‍ഷിക ബില്ലിലാണ് പാര്‍ലമെന്റ് ഇരു സഭകളും പ്രക്ഷുബ്ധമായത്. രാജ്യസഭയിലെ പ്രതിഷേധത്തെ തുടര്‍ന്ന് മൂന്ന് കോണ്‍ഗ്രസ് എംപിമാരും രണ്ട് സിപിഎം എംപിമാരുമടക്കം എട്ടുപേര്‍ സസ്‌പെന്‍ഷനിലാണ്. സസ്‌പെന്‍ഷന്‍ നേരിട്ട എംപിമാര്‍ സമരം തുടരുന്നു. സെപ്റ്റംബര്‍ 24ന് കാര്‍ഷിക ബില്ലിനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങുകയാണ് കോണ്‍ഗ്രസ്.