ദില്ലി: കോൺഗ്രസിനെ നയിക്കാൻ വീണ്ടും സോണിയാ ഗാന്ധിയെത്തും. കോൺഗ്രസ് പാർട്ടിയുടെ ഇടക്കാല അധ്യക്ഷയായി സോണിയാ ഗാന്ധിയെ തെരഞ്ഞെടുത്തു. പ്രവര്‍ത്തകസമിതി യോഗത്തിലായിരുന്നു തീരുമാനം. രാഹുൽ ഗാന്ധിയുടെ രാജി പ്രവർത്തക സമിതി അംഗീകരിച്ചു.

ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തെ തുടർന്ന് ദുർബലമായ പാർട്ടിയെ നയിക്കാൻ പ്രവർത്തന പരിചയുമുള്ളയാൾ വരണമെന്ന അഭിപ്രായത്തെ തുടർന്നാണ് സോണിയാ ഗാന്ധിയെ ഇടക്കാല അധ്യക്ഷയായി തെരഞ്ഞെടുത്തത്. ഇന്നുചേർന്ന പ്രവർത്തക സമിതിയിൽ മൂന്ന് പ്രമേയം അവതരിപ്പിച്ചു. രാഹുൽ ഗാന്ധി അധ്യക്ഷൻ ആകണമെന്നതാണ് ആദ്യ പ്രമേയം. രാഹുൽ ഗാന്ധിക്ക് നന്ദി അറിയിച്ചുകൊണ്ടുള്ളതായിരുന്നു രണ്ടാം പ്രമേയം. സോണിയയെ അധ്യക്ഷയാക്കാൻ അഭ്യർത്ഥിച്ചുകൊണ്ടായിരുന്നു അവസാനത്തെ പ്രമേയം. 

അതേസമയം, പുതിയ കോണ്‍ഗ്രസ് അധ്യക്ഷനെ കണ്ടെത്താത്തതില്‍ പ്രവര്‍ത്തക സമിതിയില്‍ രാഹുല്‍ ഗാന്ധി അതൃപ്തി പ്രകടിപ്പിച്ചു. പ്രവര്‍ത്തക സമിതി യോഗത്തില്‍ ക്ഷുഭിതനായ രാഹുല്‍, യോഗത്തിനിടയിൽ നിന്നും മടങ്ങി പോവുകയും ചെയ്തു. നെഹ്റു കുടുംബത്തില്‍ നിന്നും ആരും എത്തിയില്ലെങ്കില്‍ കോണ്‍ഗ്രസിന് നിലനില്‍പ്പില്ലേയന്ന് രാഹുല്‍ യോഗത്തില്‍ ചോദിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ നേതാക്കള്‍ ഇതിനോട് പ്രതികരിച്ചിട്ടില്ല. യോഗത്തിനിടെ രാഹുല്‍ ഗാന്ധി ക്ഷുഭിതനായ മടങ്ങി പോയി.