കർണാടകയിൽ അധികാരമേൽക്കുന്നതിന് തൊട്ടുമുമ്പ്, നിയുക്ത മുഖ്യമന്ത്രി ഡി കെ ശിവകുമാറിനെ കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി ഫോണിൽ വിളിച്ചു. പാർട്ടിയിലെയും മുന്നണിയിലെയും എല്ലാവരെയും ഒത്തൊരുമിച്ച് കൊണ്ടുപോകണമെന്ന നിർണായക നിർദ്ദേശം നൽകി
ബെംഗളൂരു: കർണാടകയിൽ പുതിയ ഭരണനേതൃത്വം അധികാരമേൽക്കുന്നതിന് തൊട്ടുമുമ്പ് മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്ന ഡി കെ ശിവകുമാറിനെ നേരിട്ട് ഫോണിൽ വിളിച്ച് കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി. ഇന്ന് രാവിലെയാണ് സോണിയ ഗാന്ധി ഡി കെയെ വിളിച്ച് സുപ്രധാന നിർദ്ദേശം നൽകിയത്. പാർട്ടിയിലെയും മുന്നണിയിലെയും എല്ലാവരെയും ഒത്തൊരുമിച്ചും ഒരേ മനസ്സോടെയും മുന്നോട്ട് കൊണ്ടുപോകണമെന്ന 'ഒറ്റ കാര്യമാണ്' അവർ പ്രധാനമായും ആവശ്യപ്പെട്ടത്. ഹൈക്കമാൻഡിന്റെ പൂർണ്ണ പിന്തുണ അറിയിച്ചുള്ള ഈ ഫോൺ കോളിന് ഡി കെ ശിവകുമാർ, സോണിയ ഗാന്ധിയോട് പ്രത്യേക നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
4 മണിക്ക് ഡി കെ അധികാരമേൽക്കും
കർണാടകയിൽ ഡി കെ ശിവകുമാർ സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കും. മലയാളികളായ കെ ജെ ജോർജും യു ടി ഖാദറും അടക്കം 11 മന്ത്രിമാർ കർണാടകയിൽ ഇന്ന് അധികാരമേൽക്കും. വൈകിട്ട് ലോക്ഭവനിൽ നടക്കുന്ന ചടങ്ങിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും ഉൾപ്പെടെയുള്ളവർ പങ്കെടുക്കും. കേരള മുഖ്യമന്ത്രി വി ഡി സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുമടക്കമുള്ളവരും ചടങ്ങിൽ പങ്കെടുക്കും. കർണാടകയുടെ ഇരുപത്തിയഞ്ചാം മുഖ്യമന്ത്രിയായിയായിട്ടാണ് ഡി കെ ശിവകുമാർ സത്യപ്രതിജ്ഞ ചെയ്യുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ ദില്ലിയിൽ നടന്ന മാരത്തൺ ചർച്ചകൾക്കൊടുവിൽ ഇന്നലെയാണ് ശിവകുമാറിനൊപ്പം ചുമതലയേൽക്കുന്നവരുടെ പട്ടിക പുറത്തുവന്നത്. രണ്ട് മലയാളികൾ ഉൾപ്പെടെ 11 മന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നത്. കെ ജെ ജോർജും മുൻ സ്പീക്കർ യു ടി ഖാദറുമാണ് ഡി കെ മന്ത്രിസഭയിലേക്കെത്തുന്ന മലയാളികൾ. സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര സിദ്ധരാമയ്യയും ഇന്ന് ചുമതലയേൽക്കുന്നവരുടെ കൂട്ടത്തിലുണ്ട്. സിദ്ധരാമയ്യയുടെ വിശ്വസ്തരായ ജി പരമേശ്വര, സതീഷ് ജാർക്കിഹോളി എന്നിവർക്കൊപ്പം പ്രിയങ്ക് ഖർഗെയും എംബി പാട്ടീലും സത്യപ്രതിജ്ഞ ചെയ്യുന്നവരുടെ പട്ടികയിലുണ്ട്. ഈശ്വർ ഖന്ദ്രേ, രാമലിംഗ റെഡ്ഡി, ശിവരാജ് തങ്കടഗി, രൂപകലാ ശശിധർ എന്നിവരുടെ പേരുകളും ദില്ലിയിൽ നിന്ന് അംഗീകരിച്ച് കിട്ടിയവരുടെ കൂട്ടത്തിലുണ്ട്. അതേസമയം ശബ്ദ വിവാദത്തിൽ കുടുങ്ങിയ മുൻ മന്ത്രി സമീർ അഹമ്മദിന്റെ പേര് പട്ടികയിലില്ല എന്നത് ശ്രദ്ധേയമാണ്. ഡി കെയുടെ വിശ്വസ്തനും മലയാളിയായ എൻ എ ഹാരിസിന്റെ പേരും ഈ പട്ടികയിലില്ല.
