നീറ്റ് പരീക്ഷാ ക്രമക്കേടിൽ പ്രതിഷേധിച്ച് രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തി. സമരത്തെ അപകടകരമായ കീഴ്‌വഴക്കമെന്ന് വിശേഷിപ്പിച്ച കേന്ദ്ര സർക്കാർ, ഇത് സുരക്ഷാ ഭീഷണി ഉയർത്തുന്നതായും വിമർശിച്ചു

ദില്ലി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധിയുടെയും നേതൃത്വത്തിൽ മുതിർന്ന കോൺഗ്രസ് നേതാക്കൾ ദില്ലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിക്ക് മുന്നിൽ നടത്തിയ പ്രതിഷേധത്തെ ശക്തമായി വിമർശിച്ച് കേന്ദ്ര സർക്കാർ വൃത്തങ്ങൾ. പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ സമരം ചെയ്തതിലൂടെ കോൺഗ്രസ് തെറ്റായതും അപകടകരവുമായ ഒരു കീഴ്വഴക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇത് വെറുമൊരു സുരക്ഷാ ഭീഷണി മാത്രമല്ല, ഇത്തരം വൈരാഗ്യബുദ്ധിയോടെയുള്ള പെരുമാറ്റം പക്വതയുള്ള ജനാധിപത്യങ്ങളിൽ കണ്ടിട്ടില്ലാത്തതുമാണെന്നും സുരക്ഷാ ഭീഷണി ഉയർത്തുന്നതാണെന്നും കേന്ദ്രസർക്കാരിലെ ഉന്നതരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ച ആരോപണം, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി, ഇന്നലെ ദില്ലിയിൽ സമരം ചെയ്ത വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ പോലീസ് അതിക്രമത്തിൽ അച്ചടക്ക നടപടിയും ആവശ്യപ്പെട്ടാണ് കോൺഗ്രസ് നേതാക്കൾ ലോക് കല്യാൺ മാർഗിലേക്ക് മാർച്ച് നടത്തിയത്. ഇതിന് പിന്നാലെയാണ് സർക്കാരിന്റെ ഭാഗമായ ഉന്നതരുടെ പ്രതികരണം. രാഷ്ട്രീയ നേതാക്കളുടെ വസതികൾ ലക്ഷ്യമിട്ട് നടത്തുന്ന പ്രക്ഷോഭങ്ങൾ അയൽരാജ്യങ്ങളിൽ നടന്നപ്പോൾ എന്താണ് സംഭവിച്ചതെന്ന് നാം മറക്കരുതെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു. ബംഗ്ലാദേശിലും നേപ്പാളിലും പ്രക്ഷോഭകർ രാഷ്ട്രീയ നേതാക്കളുടെ വസതികളിലേക്ക് ഇരച്ചുകയറി ആക്രമണം നടത്തിയത് ചൂണ്ടിക്കാണിച്ചാണ് സർക്കാർ മുന്നറിയിപ്പ് നൽകിയത്.

പ്രതിഷേധത്തിന് നേതൃത്വം നൽകിയ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് എം.പി പ്രിയങ്ക ഗാന്ധി വധ്ര, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് എന്നിവരെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയച്ചു. കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ, കേരള മുഖ്യമന്ത്രി വി ഡി സതീശൻ ഉൾപ്പെടെ നിരവധി കോൺഗ്രസ് എം.പിമാരും മുതിർന്ന നേതാക്കളും പ്രവർത്തകരും സമരത്തിൽ പങ്കെടുത്തു. രാജാജി മാർഗിൽ നിന്ന് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് ചെയ്ത പ്രതിഷേധക്കാരെ പോലീസ് തടഞ്ഞു. റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച രാഹുൽ ഗാന്ധിയെ പോലീസ് കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചപ്പോൾ ബലപ്രയോഗം നടന്നു. ഇതിനിടയിൽ രാഹുൽ ഗാന്ധിയുടെ കണ്ണിന് താഴെ പരിക്കേറ്റതായാണ് വിവരം. കസ്റ്റഡിയിലെടുത്ത നേതാക്കളെ കൊണ്ടുപോവുകയായിരുന്ന പോലീസ് ബസിന്റെ വാതിലിൽ പിടിച്ച് പ്രിയങ്ക ഗാന്ധി നിന്നതും നാടകീയ രംഗങ്ങൾക്ക് വഴിവെച്ചു. സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ അതിക്രമങ്ങളിൽ പ്രധാനമന്ത്രിയിൽ നിന്ന് മറുപടി തേടിയാണ് തങ്ങൾ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തിയതെന്ന് രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചു.