ദില്ലി: കൊവിഡ് സംബന്ധിച്ച് പാർലമെന്ററി സ്റ്റാന്റിങ് കമ്മിറ്റി നൽകിയ റിപ്പോർട്ടിലെ മുന്നറിയിപ്പ് അവഗണിച്ചതാണ് രാജ്യത്തെ ഇത്ര വലിയ ദുരന്തത്തിലേക്ക് എത്തിച്ചതെന്ന് കോൺഗ്രസ് പാർലമെന്റെറ്ററി  പാർട്ടി യോഗത്തിന്റെ വിലയിരുത്തൽ. വിഷയം ചൂണ്ടിക്കാട്ടി കോൺഗ്രസ് രാഷ്ട്രപതിക്ക് കത്ത്  നൽകും. കൊവിഡ് കാലത്ത് ഭരണ സംവിധാനമല്ല മോദി സർക്കാരാണ്  പരാജയപ്പെട്ടതെന്ന് സോണിയ ഗാന്ധി വിമർശിച്ചു.

രാജ്യത്ത്  ഓക്സിജന്റ കടുത്ത ക്ഷാമം ഉണ്ടായിട്ടുപോലും സർക്കാർ ഫലപ്രദമായി ഇടപെടുന്നില്ലെന്ന് യോ​ഗം വിമർശിച്ചു. കൊവിഡിനിടെയുള്ള  യൂത്ത് കോൺഗ്രസിന്റെ മികച്ച പ്രവർത്തനത്തെ യോഗം അഭിനന്ദിച്ചു. കോൺഗ്രസ് ജനപ്രതിനിധികളോടും പ്രവർത്തകരോടും കൊവിഡ് മൂലം കഷ്ടപ്പെടുന്നവർക്കായി പ്രവർത്തിക്കണമെന്ന് യോഗം നിർദേശിച്ചു. 

രാജ്യത്ത് ഇന്ന് 4,14,188 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. രാജ്യത്ത് കൊവിഡ് ബാധിച്ച് 24 മണിക്കൂറിൽ മരിച്ചവരുടെ എണ്ണം നാലായിരത്തോടടുത്തു എന്ന് ആരോ​ഗ്യമന്ത്രാലയം രാവിലെ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം കൊവിഡ് ബാധിച്ച് മരിച്ചത് 3915 പേരാണ്. ഭയാനകമായ രീതിയിലാണ് രാജ്യത്തെ മരണനിരക്ക് കുതിച്ചുയരുന്നതെന്ന് ലോകാരോഗ്യസംഘടനയുൾപ്പടെ മുന്നറിയിപ്പ് നൽകുന്നു. മണിക്കൂറിൽ ശരാശരി 150 പേർ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിക്കുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 10 ദിവസത്തിൽ രാജ്യത്ത് മരിച്ചത് 36,110 പേരാണ്. കഴിഞ്ഞ 10 ദിവസമായി മരണനിരക്ക് എല്ലാ ദിവസവും 3000-ത്തിന് മുകളിലാണ്. അതായത്, ശരാശരി കണക്കിലെടുത്താൽ മണിക്കൂറിൽ 150 പേർ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിക്കുന്നു.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona