സോണിയ ഗാന്ധി സാമൂഹിക മാധ്യമത്തിലേക്ക്. ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരമായ ബിലോങ്ങിങ് എ ജേര്‍ണി ഓഫ് ലവ് എന്ന പുസ്തകത്തിന്‍റെ ആദ്യ പതിപ്പ് പ്രസാധകരില്‍ നിന്ന് ഏറ്റുവാങ്ങുന്ന ദൃശ്യം പങ്കുവെച്ചാണ് സാന്നിധ്യമാകുന്നത്.
ദില്ലി: സോണിയ ഗാന്ധി ആദ്യമായി സാമൂഹിക മാധ്യമത്തിലേക്ക്. ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരമായ ബിലോങ്ങിങ് എ ജേര്‍ണി ഓഫ് ലവ് എന്ന പുസ്തകത്തിന്‍റെ ആദ്യ പതിപ്പ് പ്രസാധകരില്‍ നിന്ന് ഏറ്റുവാങ്ങുന്ന ദൃശ്യം പങ്കുവെച്ചാണ് സാന്നിധ്യമാകുന്നത്. അടുത്തമാസം പത്തിന് പുസ്തകം ഇന്ത്യയിൽ പ്രകാശനം ചെയ്യും.
തന്റെ ആദ്യ പുസ്തകത്തിന്റെ ഓതേഴ്സ് കോപ്പി ഏറ്റുവാങ്ങുന്ന ദൃശ്യങ്ങളാണ് ഇൻസ്റ്റഗ്രാമിൽ സോണിയയുടെ ആദ്യ പോസ്റ്റ്. ഈ നിമിഷങ്ങൾ ഞാൻ ഏറെ സന്തോഷത്തോടെ പങ്കുവയ്ക്കട്ടെ. ഇത് സ്നേഹത്തിന്റെയും ഉത്തരവാദിത്തത്തിന്റെയും നഷ്ടപ്പെടലിന്റെയും കണ്ടെത്തലിന്റെയും കഥയാണെന്ന് സോണിയ കുറിക്കുന്നു. ഇറ്റലിയിലെ ബാല്യകാലം, രാജീവ് ഗാന്ധിയുമായുള്ള വിവാഹം, ഇന്ദിര ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും കൊലപാതകങ്ങള്‍ ഏല്‍പിച്ച ആഘാതം, രാഷ്ട്രീയ ജീവിതം അങ്ങനെ നീണ്ട ഓര്‍മ്മകളെ കോര്‍ത്തു വയ്ക്കുകയാണ് ഈ പുസ്തകത്തില്‍ സോണിയ.
പെന്‍ഗ്വിന്‍ റാന്‍ഡ് ഹൗസാണ് ആദ്യം പ്രസിദ്ധീകരിക്കാമെന്നേറ്റത്. എന്നാല്‍ ചില വിവാദ ഭാഗങ്ങള്‍ മാറ്റണമെന്ന സമ്മര്‍ദ്ദം സോണിയ അവഗണിച്ചതോടെ ഹാര്‍പ്പര്‍ കോളിന്‍സ് രംഗപ്രവേശം ചെയ്യുകയായിരുന്നു. കേന്ദ്രസർക്കാറിന്റെ ഇടപെടലാണ് പെൻഗ്വിൻ പിൻമാറാൻ കാരണമെന്നാണ് കോൺഗ്രസിന്റെ ആരോപണം. നവംബർ പത്തിന് ദില്ലിയിൽ പുസ്തകം ഔദ്യോഗികമായി പ്രകാശനം ചെയ്യും. അതേസമയം ജെന്‍സികളുടെ വേദിയായ ഇന്‍സ്റ്റഗ്രാമിലേക്കാണ് സോണിയയുടെ ആദ്യ സാമൂഹിക മാധ്യമ ചുവടുവെപ്പെന്നതും ശ്രദ്ധേയമാണ്. ഇന്‍സ്റ്റയുടെ റീച്ച് തിരിച്ചറിഞ്ഞ് പ്രധാനമന്ത്രിയും അടുത്തിടെ മുതല്‍ സജീവമാണ്. ഇതുവരെയും ഒരു സാമൂഹിക മാധ്യമത്തിലും സോണിയ ഗാന്ധി നേരിട്ട് എത്തിയിട്ടില്ലായിരുന്നു. പാർട്ടിയുടെ ബ്രോഡ് കാസ്റ്റ് ഗ്രൂപ്പികളിലൂടെയും മറ്റ് സാമൂഹിക മാധ്യമങ്ങളിലൂടെയും കോണ്‍ഗ്രസായിരുന്നു സോണിയ ഗാന്ധിയുടെ നിലപാടുകളും പ്രസ്താവനകളുും ജനങ്ങളിലേക്കെത്തിച്ചിരുന്നത്.



