കർണാടകത്തിൽ നിയമസഭ ബോംബ് വെച്ച് തകർക്കുന്ന എഐ വീഡിയോ പങ്കുവെച്ച യുവാവ് അറസ്റ്റിൽ. ബിഹാർ സ്വദേശിയായ ഹസ്രത് അലി ഷുഹൈബ് ആണ് ബെംഗളൂരു പൊലീസിൻ്റെ പിടിയിലായത്. എഐ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചതിന് പിന്നാലെയാണ് അറസ്റ്റ്.

ബെംഗളൂരു: കർണാടകത്തിൽ നിയമസഭ ബോംബ് വെച്ച് തകർക്കുന്ന എഐ ദൃശ്യങ്ങൾ പങ്കുവെച്ച സംഭവത്തിൽ ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. ബിഹാർ സ്വദേശിയായ ഹസ്രത് അലി ഷുഹൈബ് (25) ആണ് ബെംഗളൂരു പൊലീസിൻ്റെ പിടിയിലായത്. ഇൻസ്റ്റഗ്രാം അക്കൗണ്ട് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് വിധാന സൗധ പൊലീസ് പ്രതിയെ പിടികൂടിയത്.

ചൊവ്വാഴ്ച രാവിലെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ വീഡിയോ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് അറസ്റ്റ്. കർണാടക നിയമസഭയായ ബെംഗളൂരുവിലെ വിധാന സൗധയ്ക്ക് മുന്നിൽ നിന്ന് ചിത്രീകരിച്ച വീഡിയോ എഐ സഹായത്തോടെ മാറ്റിമാറിച്ച ശേഷമായിരുന്നു യുവാവ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. വിധാന സൗധയ്ക്ക് നേരെ വിരലുകൾകൊണ്ട് തോക്ക് ചൂണ്ടുന്ന ആംഗ്യം കാണിക്കുകയും പിന്നാലെ കെട്ടിടത്തിൽ സ്ഫോടനം ഉണ്ടാകുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ‘ബോംബ് വെച്ച് നിയമസഭ തകർത്തു’ എന്ന ക്യാപ്ഷനോട് ആണ് വീഡിയോ പോസ്റ്റ് ചെയ്തത്.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

Scroll to load tweet…

സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോ പൊലീസിൻ്റെ ശ്രദ്ധയിൽ പെട്ടതിന് പിന്നാലെയാണ് ആണ് നടപടി തുടങ്ങിയത്. എഫ്ഐആർ രജിസ്റ്റർ ചെയ്ത വിധാന സൗധ പൊലീസ്, ഇൻസ്റ്റഗ്രാം അക്കൗണ്ട് കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിക്കുകയും ഷുഹൈബിലേക്ക് എത്തുകയുമായിരുന്നു. ഇയാളുടെ ഉദ്ദേശ്യം ഉൾപ്പെടെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. വീഡിയോയ്ക്ക് പിന്നിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പിടിയിലായ പ്രതി ബെംഗളൂരുവിൽ ഏതാനും മാസങ്ങളായി ദിവസക്കൂലിക്ക് പൈപ്പ് ഫിറ്റർ ജോലി ചെയ്തുവരികയായിരുന്നു എന്നാണ് ബെംഗളൂരു പൊലീസ് നൽകുന്ന വിവരം.