ഇന്ന് നടക്കാനിരുന്ന റാലിയില്‍ നിന്നും അവസാന നിമിഷമാണ് സോണിയ ഗാന്ധി പിന്‍മാറിയത്.

ദില്ലി: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മഹേന്ദര്‍ഗഡില്‍ സംഘടിപ്പിച്ച റാലിയില്‍ കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി പങ്കെടുക്കില്ല. ഇന്ന് നടക്കാനിരുന്ന റാലിയില്‍ നിന്നും അവസാന നിമിഷമാണ് സോണിയ ഗാന്ധി പിന്‍മാറിയത്. പകരം രാഹുല്‍ ഗാന്ധിയാവും റാലിയെ അഭിസംബോധന ചെയ്യുക. 

കഴിഞ്ഞ ആഗസ്റ്റിലാണ് ഇടക്കാല അധ്യക്ഷ സ്ഥാനത്തേക്ക് സോണിയ എത്തിയത്. ഇതിന് ശേഷമുള്ള സോണിയയുടെ ആദ്യ പൊതുപരിപാടിയായിരുന്നു ഇന്നത്തേത്. എന്നാല്‍ പിന്മാറിയതിന്‍റെ കാരണം വ്യക്തമല്ല. റാലിയില്‍ സോണിയ പങ്കെടുക്കുമെന്ന ട്വീറ്റ് പാര്‍ട്ടി ട്വിറ്ററില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഒഴിവാക്കാന്‍ സാധിക്കാത്ത ചില പ്രത്യേക കാരണങ്ങളാല്‍ സോണിയ ഗാന്ധിക്ക് പങ്കെടുക്കാന്‍ സാധിക്കില്ലെന്നും രാഹുല്‍ ഗാന്ധിയാവും പകരമെത്തുകയെന്നും പാര്‍ട്ടി ട്വീറ്റ് ചെയ്തു.